മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരുവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ.സുധാകരന്‍

Spread the love

ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ മൈക്ക് സെറ്റിന് സാങ്കേതിക തകരാറുണ്ടായതിനെ ആസൂത്രിതമെന്നു ആരോപിച്ച് സ്വമേധയാ കേസെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ഒരു ഭരണാധികാരി പാതാളത്തോളം തരംതാഴ്ന്നതുകൊണ്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ഒരു പാവപ്പെട്ട മൈക്ക് ഓപ്പറേറ്ററും മൈക്കും കേബിളും പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. ഒരു മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരുവായ മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു.

അനുസ്മരണം നടന്ന വേദിക്ക് മുന്നിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഉണ്ടായ തിക്കിലാണ് പ്രശ്നം ഉണ്ടായതെന്നും പത്തു സെക്കന്‍ഡിനുള്ളില്‍ അതു പരിഹരിച്ചെന്നും മൈക്ക് ഓപ്പറേറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും രാഷ്ട്രീയാന്ധതയോടെയാണ് മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്യുന്നത്. പിണറായി വിജയനെ സുഖിപ്പിക്കാന്‍ കിട്ടുന്ന ഒരവസരവും കേരള പോലീസ് കളഞ്ഞുകുളിക്കില്ല. യഥാരാജാ തദാ പ്രജാ എന്ന മട്ടിലാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സിപിഎമ്മിന്റെ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ ഇത്തരം സാങ്കേതിക പ്രശ്‌നം നേരത്തേയും ഉണ്ടായിട്ടുണ്ട്. അന്നൊന്നും കേസെടുക്കാതിരിക്കുകയും ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിക്കിടെ ഉണ്ടായ സംഭവത്തിന്റെ പേരില്‍ കേസെടുക്കുകയും ചെയ്തത് ഗൂഢലക്ഷ്യത്തോടെയാണ്. കോണ്‍ഗ്രസിന്റെ പരിപാടിക്കിടെ മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് ചിത്രീകരിച്ച് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള സിപിഎമ്മിന്റെ നാടകമാണ് ഇതിനു പിന്നില്‍.

കെപിസിസി ക്ഷണിച്ചുവരുത്തിയ മുഖ്യമന്ത്രിയെ എല്ലാ ആതിഥ്യമര്യാദകളോടെയുമാണ് സ്വീകരിച്ചത്. വളരെ വൈകാരികമായ അന്തരീക്ഷത്തില്‍ ഉമ്മന്‍ ചാണ്ടിക്കുവേണ്ടി ഉയര്‍ന്ന മുദ്രാവാക്യങ്ങളെ നേതൃത്വം ഇടപെട്ട് പെട്ടെന്നു ശാന്തമാക്കിയിരുന്നു. എല്ലാത്തിലും രാഷ്ട്രീയം കാണുന്ന സിപിഎമ്മിന്റെ രാഷ്ട്രീയാന്ധത ഇനിയെങ്കിലും അവസാനിപ്പിക്കണം. അസഹിഷ്ണുതയുടെ കൊടുമുടിയേറിയ പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയെന്ന ജനപ്രിയ മുഖ്യമന്ത്രിയില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു.

 

Author

Leave a Reply

Your email address will not be published. Required fields are marked *