മദ്യ വ്യാപനത്തിനൊപ്പം ലഹരിക്കെതിരെ കാമ്പയിന്‍; സര്‍ക്കാരിന്റേത് വിചിത്ര മദ്യനയം – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞത്.

പരമാവധി വരുമാനം ഉണ്ടാക്കുക മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യം.

കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റേത് വിചിത്രമായ മദ്യനയമാണ്. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയുള്ള അതിശക്തമായ പ്രചരണത്തിന് പണം നല്‍കുമെന്ന് ഒരു ഭാഗത്ത് പറയുന്നതിനൊപ്പമാണ് 250 ചില്ലറ വില്‍പനശാലകള്‍ കൂടി അനുവദിച്ച് ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം 559 ആക്കുമെന്ന് പറയുന്നത്. നിലവിലുള്ളതിനേക്കാള്‍ 70 ശതമാനം ഔട്ട്‌ലെറ്റുകളാണ് അനുവദിക്കുന്നത്. കൂടാതെ എല്ലാ റെസ്റ്ററന്റുകളിലും ബിയര്‍, വൈന്‍ പാര്‍ലറുകളും അനുവദിച്ച് മദ്യവ്യാപനവും ലഭ്യതയും വര്‍ധിപ്പിക്കുന്നതാണ് സര്‍ക്കാരിന്റെ മദ്യനയം. മദ്യ വ്യാപനം വര്‍ധിപ്പിക്കുന്നതിനൊപ്പം ലഹരി ഉപയോഗത്തിനെതിരെ കാമ്പയിന്‍ നടത്തുമെന്ന് മദ്യ നയത്തില്‍ പറയുന്നത് വിചിത്രമാണ്.

ലഹരി മരുന്നുകളുടെ ഉപഭോഗം കേരളത്തില്‍ ഗൗരവതരമായി വര്‍ധിച്ചിരിക്കുകയാണ്. മയക്ക് മരുന്നിന്റെ കേന്ദ്രമായി സംസ്ഥാനം മാറിയിട്ടും അതേക്കുറിച്ച് ഒരു പരാമര്‍ശവും മദ്യ നയത്തിലില്ല. വിമുക്തിയല്ല എന്‍ഫോഴ്‌സ്‌മെന്റാണ് വേണ്ടത്. ശക്തമായ നടപടി സ്വീകരിച്ച് രാസലഹരിയുടെ വിതരണം നിയന്ത്രിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ലഹരി എവിടെ നിന്നാണ് വരുന്നതെന്ന് എക്‌സൈസിനോ സര്‍ക്കാരിനോ അറിയില്ല. ആരെങ്കിലും ഒറ്റിക്കൊടുന്നവരോ ചെറിയ അളവില്‍ ലഹരിവസ്തുക്കള്‍ കൈവശം വയ്ക്കുന്നവരോ ആണ് ഇപ്പോള്‍ പിടിക്കപ്പെടുന്നത്.

എം.ഡി.എം.എ ഉള്‍പ്പെടെയുള്ള രാസലഹരി മരുന്ന് കേരളത്തിലേക്ക് ഒഴുകുകയാണ്. എന്നിട്ടും എക്‌സൈസ് വകുപ്പ് നോക്ക് കുത്തിയായി നില്‍ക്കുന്നു. ചെറുപ്പക്കാര്‍ എവിടെയെങ്കിലും പോയി നശിച്ചോട്ടെയെന്ന നിലപാടിലാണ് സര്‍ക്കാര്‍. ലഹരിക്കെതിരെ സര്‍ക്കാര്‍ നടത്തിയ കാമ്പയിനുകളൊക്കെ പ്രഹസനമായി. കൂട്ടമെഴുകുതിരി കത്തിക്കലിലൂടെയും കൂട്ടയോട്ടത്തിലൂടെയും ലഹരി മരുന്ന് ഇല്ലാതാകുമോ? കാമ്പയിനൊപ്പം എന്‍ഫോഴ്‌സ്‌മെന്റും ഫലപ്രദമാക്കണം. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ രാസലഹരി എങ്ങനെ നിയന്ത്രിക്കും എന്നത് സംബന്ധിച്ച ഒരു നിര്‍ദ്ദേശങ്ങളും മദ്യനയത്തിലില്ല. ഈ മദ്യ നയം തയാറാക്കിയത് ആരാണെന്ന് ഓര്‍ത്ത് അദ്ഭുതപ്പെടുകയാണ്.

ഘട്ടംഘട്ടമായി മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറഞ്ഞവര്‍ അധികാരത്തില്‍ ഇരുന്ന ഏഴ് വര്‍ഷവും മദ്യ വ്യാപനത്തിന് വേണ്ടിയുള്ള നടപടികളാണ് സ്വീകരിച്ചത്. എല്ലാ ബാറുകളും ഔട്ട് ലെറ്റുകളും പുനസ്ഥാപിച്ച് മദ്യ ലഭ്യത വര്‍ധിപ്പിക്കുകയെന്നത് മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. നേരത്തെ പറഞ്ഞതില്‍ നിന്നും വിരുദ്ധമായി നടപടികളാണ് സ്വീകരിച്ചത്. ഒരു പഠനവും നടത്താതെ കൂടുതല്‍ മദ്യം വിതരണം ചെയ്ത് പരമാവധി വരുമാനം ഉണ്ടാക്കുകയെന്ന ലക്ഷ്യം മാത്രമാണ് മദ്യ നയത്തിലുള്ളത്. മദ്യത്തിലും നിന്നും ലോട്ടറിയില്‍ നിന്നും മാത്രമായി സംസ്ഥാനത്തിന്റെ വരുമാനം ചുരുങ്ങുകയാണ്. പണത്തിന് ആവശ്യം വരുമ്പോള്‍ മദ്യ നികുതി കൂട്ടുകയെന്ന രീതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. മദ്യ വില കൂടുമ്പോള്‍ വീട്ടിലിരിക്കുന്ന സ്ത്രീകളും കുട്ടികളുമാണ് അതിന് ഇരകളാകുന്നത്. മദ്യം പൂര്‍ണമായി നിരോധിക്കുന്നത് പ്രായോഗികമല്ല. പക്ഷെ മദ്യ ലഭ്യത കൂട്ടുന്നതിലൂടെ ഉപഭോഗം വര്‍ധിക്കും. ഉപഭോഗം കുറയ്ക്കുന്നത് ആവശ്യമായ ഒരു നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.

 

Author

Leave a Reply

Your email address will not be published. Required fields are marked *