സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധനകള്‍ ആരംഭിച്ചു

Spread the love

വ്യാപക പരിശോധനയ്ക്ക് 132 സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ ഇന്ന് വൈകുന്നേരം 3 മണി മുതല്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി 3500ലധികം കച്ചവട സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്ന് മിന്നല്‍ പരിശോധന നടത്തുന്നത്. 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള 3500 ലധികം വരുന്ന ഹോട്ടലുകള്‍, ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടക്കുന്നത്. ഇതിനായി 132 സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഓരോ സ്‌കോഡും ഒരു ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നേതൃത്വത്തില്‍ മറ്റ് രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഓരോ ടീമിനും പ്രത്യേകമായി വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പരിശോധനകളുടെ വേഗത ഉറപ്പുവരുത്തുന്നതിനായി പരിശോധിക്കേണ്ട വസ്തുതകള്‍ അടങ്ങിയ ചെക്ക് ലിസ്റ്റ്, പ്രത്യേക റൂട്ട്, മാപ്പ് എന്നിവ തയ്യാറാക്കിയിട്ടുണ്ട്. പരിശോധന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലാതലത്തിലും, മേഖലാതലത്തിലും സംസ്ഥാനതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ ഹോട്ടലുകള്‍ ഷവര്‍മ അടക്കമുള്ള ഹൈറിസ്‌ക് ഭക്ഷണം പാചകം ചെയ്ത് വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവ ഭക്ഷ്യസുരക്ഷാ നിയമങ്ങളും ചട്ടങ്ങളും റെഗുലേഷനുകളും സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളും അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കുക എന്നതാണ് ഈ സംസ്ഥാനതല പരിശോധനയുടെ പ്രധാനപ്പെട്ട ഉദ്ദേശം. നിയമപ്രകാരമുള്ള ലൈസന്‍സ് നേടിയിട്ടുണ്ടോ, ലൈസന്‍സ് സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ, ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതികള്‍ നല്‍കുന്നതിനുള്ള ടോള്‍ഫ്രീ നമ്പര്‍ പ്രധാന സ്ഥാനത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ, സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എല്ലാവരും തന്നെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ടോ, കുടിവെള്ളം പരിശോധിച്ച റിപ്പോര്‍ട്ട് കരസ്ഥമാക്കിയിട്ടുണ്ടോ, ഭക്ഷണസാധനങ്ങള്‍ പാഴ്‌സലായി നല്‍കുന്ന സ്ഥാപനങ്ങള്‍ എല്ലാം തന്നെ 2 മണിക്കൂറിനകം ഉപയോഗിക്കണം എന്ന് ലേബല്‍ പാക്കേജുകള്‍ പതിക്കുന്നുണ്ടോ എന്നിവ പ്രാഥമികമായി പരിശോധിക്കുന്നതാണ്. ഇതോടൊപ്പം ഭക്ഷ്യ വസ്തുക്കളും പരിശോധിക്കും.

പരിശോധനയില്‍ വീഴ്ചകള്‍ കാണുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കോമ്പൗണ്ടിംഗ് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫീല്‍ഡ് തലത്തില്‍ നടക്കുന്ന പരിശോധനകള്‍ എല്ലാം തന്നെ ഓണ്‍ലൈനായി രേഖപ്പെടുത്തുന്നതിന് വേണ്ടി പ്രത്യേകമായി ഉദ്യോഗസ്ഥരെ ഓരോ ജില്ലാ ആസ്ഥാനത്തും നിയമിച്ചിട്ടുണ്ട്.
ഒരേസമയം നടത്തുന്ന പരിശോധനകളിലൂടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഒട്ടുമുക്കാലും ഒരു ദിവസം തന്നെ കവര്‍ ചെയ്യാന്‍ സാധിക്കുന്നതിലൂടെ ഈ സ്ഥാപനങ്ങളിലുള്ള വിവിധ പ്രശ്‌നങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ സാധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കി അവരുടെ നിലവാരം ഉയര്‍ത്തിക്കൊണ്ടു വരികയും, പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയരാക്കേണ്ടവരെ അതിനു വിധേയരാക്കുകയും ചെയ്ത് പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ ഭക്ഷണം എത്തിക്കുക എന്നതാണ് ഇത്തരം പരിശോധനകളുടെ ലക്ഷ്യം.

Author

Leave a Reply

Your email address will not be published. Required fields are marked *