സിവിൽ സർവീസ് പരീക്ഷാ വിജയികളെ മുഖ്യമന്ത്രി അനുമോദിച്ചു

Spread the love

സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം അർഥവത്താകുന്നത്: മുഖ്യമന്ത്രി
2022 ൽ അഖിലേന്ത്യാ സിവിൽ സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷകളിൽ വിജയിച്ച മലയാളികളെ അനുമോദിക്കാൻ സംസ്ഥാന സിവിൽ സർവീസ് അക്കാദമി സംഘടിപ്പിച്ച പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നാട്ടിലെ ഏറ്റവും സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം കൂടുതൽ അർഥവത്താകുന്നതെന്നും ആ ബോധ്യത്തോടെ വേണം കർമ്മരംഗത്തു പ്രവർത്തിക്കാനെന്നും സിവിൽ സർവീസ് വിജയികളോട് മുഖ്യമന്ത്രി പറഞ്ഞു.’ജനങ്ങളോട് ഉത്തരവാദിത്തമുള്ളവർ ആയിരിക്കണം. പൊതുസേവന രംഗത്തിന്റെ ഔന്നത്യം മനസ്സിലാക്കും വിധമുള്ള പാഠപദ്ധതിയാണ് കേരളം പിന്തുടർന്നുപോരുന്നത്. ആ പ്രക്രിയയിലൂടെ വന്നയാൾ സിവിൽ സർവീസ് രംഗത്ത് പ്രവേശിക്കുമ്പോൾ ആ ഗുണം സിവിൽ സർവീസിനും ലഭിക്കുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.
നിർമ്മിത ബുദ്ധിയും മെഷീൻ ലേണിങ്ങും സൃഷ്ടിക്കുന്ന നൂതന തൊഴിൽ സാധ്യതകളുടെ കാലത്ത് കൂടുതൽ വിദ്യാർഥികൾ പൊതുസേവന രംഗം തെരഞ്ഞെടുക്കുന്നത് മാതൃകാപരമാണ്. ഓരോ വർഷവും സിവിൽ സർവീസ് പരീക്ഷ ജയിക്കുന്ന മലയാളികളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും സിവിൽ സർവീസിൽ ആകൃഷ്ടരാകുന്ന വിദ്യാർഥികളുടെ എണ്ണം കൂടിവരികയാണ്.ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. സ്വകാര്യ കോച്ചിങ് സെന്ററുകളെ അപേക്ഷിച്ചു കുറഞ്ഞ ഫീസിൽ സംസ്ഥാന സിവിൽ സർവീസ് അക്കാദമി സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നത് അഭിമാനമായാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. അഭിമുഖത്തിനു തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ്, ഡൽഹിയിലെ താമസം എന്നിവ സർക്കാർ സൗജന്യമായി നൽകുന്നു. ഇതിനുപുറമേ അർഹതപ്പെട്ടവർക്ക് ഫീസിളവ്, സ്‌കോളർഷിപ്പ്, പ്രിലിംസ് പരീക്ഷാ പരിശീലനത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 10 ശതമാനം സംവരണം എന്നിവയും അക്കാദമി നൽകിവരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. അക്കാദമിയുടെ കീഴിലുള്ള സിവിൽ സർവീസ് പരീക്ഷാ കേന്ദ്രങ്ങളുടെ നിലവാരം വർധിപ്പിക്കാൻ സർക്കാർ മുന്തിയ പരിഗണന നൽകുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
സിവിൽ സർവീസ് പരീക്ഷയിൽ 38 പേരും ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ ആറു പേരുമാണ് വിജയിച്ചത്. വിജയികൾ മുഖ്യമന്ത്രിയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി.

Author

Leave a Reply

Your email address will not be published. Required fields are marked *