പ്രതിപക്ഷ നേതാവ് തിരുവനന്തപുരം ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
തിരുവനന്തപുരം : സംസ്ഥാനത്ത് മനപൂര്‍വം സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി- സി.പി.എം നേതാക്കള്‍ കൊലവിളി നടത്തുന്നത്. ഇത്തരം കൊലവിളിയും കൊലവിളി മുദ്രാവാക്യങ്ങളും പാടില്ല. എത്ര വലിയ നേതാക്കളാണെങ്കിലും കര്‍ശന നടപടിയെടുക്കണം. സംസ്ഥാനത്ത് ഇരട്ട നീതിയാണ് നിലനില്‍ക്കുന്നത്. സി.പി.എം, ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കില്ല. യു.ഡി.എഫുകാരായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ കേസെടുത്തേനെ.
കൊലവിളി നടത്തി സി.പി.എമ്മും ബി.ജെ.പിയും കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ശ്രമമാണ് കേരളത്തില്‍ യു.ഡി.എഫ് നടത്തുന്നത്. അതിന് വേണ്ടിയാണ് ബഹുസ്വരതാ സംഗമം സംഘടിപ്പിച്ചത്. ഏക സിവില്‍ കോഡ്, മണിപ്പുര്‍ സംഭവങ്ങളെ ഒന്നിച്ചാണ് യു.ഡി.എഫ് പരിഗണിക്കുന്നത്. ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകുമ്പോള്‍ അവര്‍ ഒറ്റയ്ക്കല്ല, എല്ലാവരും ഒപ്പമുണ്ടെന്ന സന്ദേശം നല്‍കാന്‍ യു.ഡി.എഫ് ശ്രമിക്കുമ്പോഴാണ് വിഭാഗീയതയുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവുണ്ടാക്കാനുള്ള ബി.ജെ.പി കെണിയില്‍ സി.പി.എമ്മും വീണിരിക്കുകയാണ്. രണ്ട് പേരും ഒരേ രീതിയിലുള്ള വെല്ലുവിളികളാണ് നടത്തുന്നത്.
ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ സി.പി.എം നേതാക്കള്‍ക്കെതിരെ സ്ത്രീകളെ അധിക്ഷേപിച്ചതും അപമാനിച്ചതുമായ പരാതികളാണ് പാര്‍ട്ടി നേതൃത്വത്തിന് ലഭിക്കുന്നത്. പാര്‍ട്ടി തന്നെ പൊലീസ് സ്റ്റേഷനായി പരാതികളൊക്കെ ഒതുക്കിത്തീര്‍ക്കുകയാണ്. പാര്‍ട്ടിയല്ല പൊലീസ് സ്റ്റേഷനും കോടതിയും. ഇത്തരം പരാതികള്‍ കിട്ടിയാല്‍ നേതാക്കള്‍ പൊലീസിന് കൈമാറണം. പരാതികള്‍ പൊലീസിന് കൈമാറാതെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റിയും തരംതാഴ്ത്തിയും പാര്‍ട്ടി തന്നെ ശിക്ഷ വിധിക്കുകയാണെങ്കില്‍ നിയമസംവിധാനം രാജ്യത്ത് ഇല്ലെന്നല്ലേ അര്‍ത്ഥം. സാധാരണക്കാരനാണെങ്കില്‍ പൊലീസ് കേസെടുക്കില്ലേ? ആലപ്പുഴയില്‍ നിരന്തരമായി ഇത്തരം സംഭവങ്ങളുണ്ടാകുകയാണ്. പാര്‍ട്ടിയിലെ സ്ത്രീകള്‍ തന്നെയാണ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കുന്നത്. ഈ പരാതികള്‍ പൊലീസിന് കൈമാറാനുള്ള ആര്‍ജവം സി.പി.എം നേതാക്കള്‍ കാട്ടണം. പരാതി പൊലീസിന് കൈമാറണമെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നേതാക്കളോട് നിര്‍ദ്ദേശിക്കണം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പാര്‍ട്ടിയില്‍ ഒതുക്കി തീര്‍ക്കേണ്ടതല്ല. തൃശൂരിലെ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ പ്രശ്‌നം തീരുമോ? ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. എല്ലായിപ്പോഴും പാര്‍ട്ടി തന്നെ പൊലീസും കോടതിയുമാകുകയാണ്.
പ്രിന്‍സിപ്പല്‍ നിയമന പട്ടിക അട്ടിമറിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഗുരുതര അധികാര ദുര്‍വിനിയോഗമാണ് നടത്തിയിരിക്കുന്നത്. സ്ഥാനം ഒഴിയാന്‍ തയാറായില്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ ആ സ്ഥാനത്ത് നിന്ന് നീക്കാന്‍ മുഖ്യമന്ത്രി തയാറാകണം. സ്വന്തക്കാരെ തിരുകിക്കയറ്റുന്നതിന് വേണ്ടിയാണ് പി.എസ്.സിയെയും യു.ജി.സിയെയും മറികടന്നുള്ള അധികാര ദുര്‍വിനിയോഗം നടത്തിയത്. മെറിറ്റില്‍ വന്ന 43 പ്രിന്‍സിപ്പല്‍മാരെ നിയമിക്കാതെ ആ ഫയല്‍ പിടിച്ചുവച്ച് തങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ മന്ത്രി കുത്തിത്തിരുകി. യു.ജി.സി മാനദണ്ഡങ്ങളും പി.എസ്.സി നടപടിക്രമങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് മന്ത്രി നഗ്നമായ നിയമലംഘനം നടത്തിയത്. നിയമനം വൈകിയതിനാല്‍ പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹതയുള്ള നിരവധി പേര്‍ വിരമിച്ചു. സര്‍ക്കാര്‍ കോളജ് അധ്യാപകന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ് പ്രിന്‍സിപ്പലാകുകയെന്നത്. യോഗ്യതയുണ്ടായിട്ടും പ്രിന്‍സിപ്പലാകാന്‍ കഴിയാതെ വിരമിച്ച അധ്യാപകരുടെ അവകാശമാണ് മന്ത്രിയുടെ ഇടപെടലില്‍ നിഷേധിക്കപ്പെട്ടത്.
സി.പി.എം അനുകൂല സംഘടനകള്‍ ഭരണത്തില്‍ കൈകടത്തല്‍ നടത്തുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്. പി.എസ്.സി അംഗീകരിച്ച പട്ടിക കരട് പട്ടികയാക്കി മാറ്റാനുള്ള എന്ത് അധികാരമാണ് ഉന്നത വിദ്യാഭ്യാസമന്ത്രിക്കുള്ളത്? നഗ്നമായ നിയമലംഘനവും അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമാണ് മന്ത്രി നടത്തിയിരിക്കുന്നത്. 9 സര്‍വകലാശാലകളില്‍ വി.സിമാരും 66 കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരും ഇല്ലാതെ ഇന്‍ചാര്‍ജ് ഭരണമാണ് നടത്തുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇത്രയും അനിശ്ചിതത്വം ഒരു കാലത്തും ഉണ്ടായിട്ടില്ല. എല്ലാ മേഖലയിലും സര്‍ക്കാര്‍ പരാജയമാണ്. കേരളം ഇതുവരെ കാണാത്ത ധനപ്രതിസന്ധിയിലേക്കാണ് സര്‍ക്കാര്‍ കൂപ്പുകുത്തുന്നത്. എട്ട് മാസത്തേക്ക് കടമെടുക്കാന്‍ 4000 കോടി മാത്രമാണ് ബാക്കിയുള്ളത്. നികുതി പിരിക്കാതെ ധൂര്‍ത്ത് നടത്തി ഖജനാവ് കുട്ടിച്ചോറാക്കി. ഇതൊക്കെ കേരളത്തെ ഗുരുതരമായി ബാധിക്കുകയാണ്. പൊതുവിപണിയില്‍ വിലക്കയറ്റമുണ്ടാകുമ്പോഴും അതില്‍ ഇടപെടാനാകാതെ സപ്ലൈകോ നോക്കുകുത്തിയായി നില്‍ക്കുന്നു. സര്‍ക്കാര്‍ ഉണ്ടോയെന്ന് ജനങ്ങള്‍ സംശയിക്കുന്ന രീതിയിലുള്ള അരാജകത്വമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.
ഐ.ടി.ഐ പ്രവേശനം കഴിഞ്ഞിട്ടും 15000 കുട്ടികള്‍ പ്ലസ് വണ്‍ പ്രവേശനം കിട്ടാതെ പുറത്ത് നില്‍ക്കുകയാണ്. മന്ത്രിസഭാ തീരുമാനം അനുസരിച്ച് 5000 കുട്ടികള്‍ക്ക് കൂടി മാത്രമെ പ്രവേശനം ലഭിക്കൂ. മലപ്പുറം ഉള്‍പ്പെടെ മലബാര്‍ മേഖലയില്‍ ഫുള്‍ എ പ്ലസ് കിട്ടിയവര്‍ക്ക് പോലും പ്രവേശനം കിട്ടാത്ത സ്ഥിതിയാണ്. എന്നിട്ടും സര്‍ക്കാര്‍ അതൊന്നും കാണുന്നില്ല. പൊതു, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ പരിതാപകരമായ അവസ്ഥയിലേക്ക് പോകുകയാണ്.