അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
പ്രതി ആരെന്ന് വ്യക്തമായിട്ടും അന്വേഷിച്ചില്ല; കുഞ്ഞുങ്ങള്‍ക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥ; മദ്യ- മയക്കുമരുന്ന് സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ കുടപിടിക്കുന്നു.
തിരുവനന്തപുരം : ആലുവ പട്ടണത്തില്‍ തന്നെ കുട്ടിയുണ്ടായിരുന്നു. എന്നിട്ടും കുട്ടിയെ കണ്ടുപിടിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥയുണ്ടായി. കുഞ്ഞുങ്ങള്‍ക്ക് പോലും സംരക്ഷണമില്ലാത്ത അവസ്ഥയിലേക്ക് നാട് പോകുകയാണ്. മദ്യത്തിന്റെയും മയക്ക്മരുന്നിന്റെയും ഉപയോഗമാണ് കൊലപാതകത്തിലേക്ക്
നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മുവാറ്റുപുഴയില്‍ മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചയാളാണ് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിന് കാരണമായത്. മദ്യവും മയക്കുമരുന്നും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. സ്‌കൂളില്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്ക് പോലും എന്ത് സുരക്ഷയാണ് നല്‍കുന്നത്? അഞ്ച് വയസുകാരിക്കുണ്ടായ ദാരുണമായ ദുരന്തമെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണം. മദ്യത്തിനും മയക്കുമരുന്നിനും സര്‍ക്കാര്‍ തന്നെയാണ് കുടപിടിച്ചു കൊടുക്കുന്നത്. അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്കെത്തും.
കുട്ടിയെ കൊണ്ടു പോയത് ആരാണെന്ന് ക്യാമറയിലൂടെ വ്യക്തമായിട്ടും കാര്യമായ പരിശോധനയ്ക്ക് പൊലീസ് തയാറായില്ല. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്ന്
കേള്‍ക്കുമ്പോള്‍ കാട്ടേണ്ട ഒരു ജാഗ്രതയും പൊലീസ് കാട്ടിയില്ല. പൊലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. അവരുടെ ദാസ്യവേല ചെയ്യുന്നവരായി പൊലീസ് അധപതിച്ചു. മുഖ്യമന്ത്രി ഏതെങ്കിലും ജില്ല സന്ദര്‍ശിക്കുമ്പോള്‍ ആയിരം പൊലീസുകാരെ ഇറക്കുന്നവര്‍ ഇത്തരമൊരു സംഭവം ഉണ്ടായപ്പോള്‍ ആലുവ റൂറലിലെ മുഴുവന്‍ പൊലീസിനെയും ഉപയോഗിച്ചുകൊണ്ട് പരിശോധന നടത്തണമായിരുന്നു. ചെറിയൊരു പട്ടണമായ ആലുവയിലെ ആളൊഴിഞ്ഞ ഭാഗങ്ങളിലൊന്നും പൊലീസ് അന്വേഷിച്ചില്ല. ആരോ ചാക്ക്‌കെട്ട് കണ്ട് വിളിച്ചു പറഞ്ഞിട്ടാണ് പൊലീസ് അറിഞ്ഞത്.
2015 ല്‍ ജിഷ കൊലപാതകത്തിന്റെ പേരില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയവരാണ് ഇപ്പോള്‍ ഭരണത്തിലിരിക്കുന്നത്. ഇപ്പോള്‍ കൊലപാതകങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങളും സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. പക്ഷെ ഇതൊന്നും ശ്രദ്ധിക്കാന്‍ പൊലീസിന് സമയമില്ല. മൈക്കുകാരനും മൈക്കിനുമെതിരെ കേസെടുക്കാനും പ്രതിപക്ഷ നേതാക്കളെ കേസില്‍പ്പെടുത്താനുമാണ് അവര്‍ ശ്രമിക്കുന്നത്. രാഷ്ട്രീയമായി പൊലീസിനെ ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തുക്കുമ്പോള്‍ മനുഷ്യന്റെ ജീവനും സ്വത്തിനും ആര് സംരക്ഷണം നല്‍കുമെന്ന ചോദ്യം എല്ലാവര്‍ക്കുമുണ്ട്.