മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഉപജാപകസംഘം; ഏഴ് വര്‍ഷം കൊണ്ട് കേരളത്തെ മദ്യവും മയക്കുമരുന്നും സുലഭമായി ലഭിക്കുന്ന അവസ്ഥയിലെത്തിച്ചു – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഡല്‍ഹി : മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭരണഘടനാ അതീതമായ ശക്തികള്‍ പ്രവര്‍ത്തിച്ച് സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഇടപെടുന്നെന്ന ഗുരുതരമായ ആരോപണമാണ് സംസ്ഥാനത്തെ ഒരു ഐ.ജി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലം. M. Sivasankar has been removed as principal secretary to Kerala CM Pinarayi Vijayan in connection with a gold smuggling case | File photo: ANI

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന് നേതൃത്വം നല്‍കിയത്. ആ ഉപജാപകസംഘത്തിന്റെ നേതാവ് ഇപ്പോള്‍ ജയിലിലാണ്. ഇപ്പോള്‍ ആള് മാറിയെന്നേയുള്ളൂ. ആഭ്യന്തര വകുപ്പ് ഉപജാപക സംഘത്തിന്റെ കയ്യിലാണ്. അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. രാഷ്ട്രീയ താല്‍പര്യമുള്ള കേസുകളില്‍ അനിയന്ത്രിതമായാണ് ഈ സംഘം ഇടപെടുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ കേസുകളില്‍ ഈ സംഘം ഇടപെടുകയും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമാണ്. സ്വന്തക്കാരെ സംരക്ഷിക്കാനുള്ള ഇടപെടലുകളും ഈ സംഘം നടത്തുന്നുണ്ട്.

ആലപ്പുഴയിലും തൃശൂരിലും അറിയപ്പെടുന്ന സി.പി.എം നേതാക്കള്‍ അപമാനിച്ചെന്ന് സ്ത്രീകള്‍ പരാതി നല്‍കിയിട്ടും പാര്‍ട്ടി തന്നെ അത് പരിഹരിക്കുകയാണ്. പരാതി ലഭിച്ചാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളും അത് പൊലീസിന് കൈമാറണം. എന്നാല്‍ അതിന് തയാറാകാതെ രഹസ്യമായി ഒതുക്കിത്തീര്‍ക്കുകയാണ്. സി.പി.എമ്മില്‍ സ്ത്രീകള്‍ പോലും അധിക്ഷേപിക്കപ്പെടുകയാണ്. സി.പി.എമ്മിന്റെ കേസുകള്‍ പാര്‍ട്ടി കമ്മീഷന്‍ തീര്‍ത്താല്‍ മതിയോ? ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന സംഭവങ്ങള്‍ മറ്റൊരു രൂപത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും നടക്കുകയാണ്. ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ്. കേരളത്തില്‍ ഒരുകാലത്തും നടക്കാത്ത രീതിയിലുള്ള ഇടപെടലുകളാണ് പൊലീസിലുണ്ടാകുന്നത്. പരിതാപകരമായ നിലയില്‍ കേരള പൊലീസ് എത്തിയിരിക്കുകയാണ്.

അതിഥി തൊഴിലാളികള്‍ക്ക് കാര്‍ഡ് കൊടുക്കുന്നതും ആരോഗ്യ പരിശോധന നടത്തുന്നതും പേര് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള വിഷയം നിയമസഭയ്ക്കകത്തും പുറത്തും നിരവധി തവണ ചര്‍ച്ച ചെയ്തിട്ടുണ്ട്. പക്ഷെ ഒന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. എന്തെങ്കിലും ഒരു വിഷയമുണ്ടാകുമ്പോള്‍ ചെയ്യുന്നതല്ലാതെ പിന്നീട് ഒന്നും നടക്കില്ല. കേരളം മാറിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം.

ആലുവയിലെ അഞ്ച് വയസുകാരിയും ഡോ വന്ദനയും മുവാറ്റുപുഴയിലെ വിദ്യാര്‍ത്ഥിനിയും ഉള്‍പ്പെട മൂന്ന് പെണ്‍കുട്ടികളാണ് മയക്ക് മരുന്നിന്റെ ഇരകളായി മരിച്ചത്. മയക്കുമരുന്നിനെ നിയന്ത്രിക്കാനോ അതിന്റെ ഉറവിടം കണ്ടെത്താനോ ഒരു ശ്രമവും സര്‍ക്കാര്‍ നടത്തുന്നില്ല. മദ്യവര്‍ജനമാണ് നയമെന്ന് പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ മദ്യവ്യാപനമാണ് നടത്തുന്നത്. ഏഴ് വര്‍ഷം കൊണ്ട് കേരളത്തെ മദ്യവും മയക്കുമരുന്നും സുലഭമായി ലഭിക്കുന്ന അവസ്ഥയിലെത്തിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാത്ത സ്ഥിതിയിലേക്ക് കേരളം പോകുകയാണ്. കുഞ്ഞുങ്ങളെ പുറത്ത് വിടാന്‍ പോലും രക്ഷിതാക്കള്‍ ഭയപ്പെടുന്ന തരത്തിലുള്ളൊരു അരക്ഷിതത്വം സംസ്ഥാനത്തുണ്ടായിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് അതിനെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ അതിന് പകരം എന്തോ ചെയ്‌തെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഈ വിഷയം ആദ്യം നിയമസഭയില്‍ കൊണ്ടു വന്നപ്പോള്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തു. ഇതിന് പിന്നാലെ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും പ്രദേശിക നേതൃത്വങ്ങള്‍ മയക്ക് മരുന്ന് മാഫിയകളെ സഹായിക്കുന്നെന്ന ഗൗരവതരമായ ആരോപണം പ്രതിപക്ഷം ഉന്നയിച്ചിട്ടും ഒരു നടപടിയും എടുത്തില്ല.

ബോധവത്ക്കരണത്തിന് പരിമിതിയുണ്ട്. കൂട്ടയോട്ടം സംഘടിപ്പിച്ചാല്‍ ആരെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിക്കുമോ? എക്‌സൈസും പൊലീസും ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ലഹരിയുടെ പ്രഭവ കേന്ദ്രം കണ്ടെത്തി, അതില്‍ പങ്കാളികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അഞ്ച് വയസുകാരിയുടെ മരണത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ സര്‍ക്കാരിന്റെ പ്രതിനിധ്യം ഇല്ലാത്തതിനെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്ന് പ്രതിഷേധമുണ്ടാകുന്നത് സ്വാഭാവികമാണ്.

യു.ജി.സി മാനദണ്ഡം അനുസരിച്ച് പി.എസ്.സി അംഗീകരിച്ച പ്രിന്‍സിപ്പല്‍ നിയമന പട്ടിക അട്ടിമറിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് എന്ത് അധികാരമാണുള്ളത്. അപ്പലേറ്റ് കമ്മിറ്റിയുണ്ടാക്കിയ മന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നത്? മന്ത്രി അധികാരദുര്‍വിനിയോഗം നടത്തിയതു കൊണ്ടാണ് അവരെ ആ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. പരാതി ലഭിച്ചാല്‍ പി.എസ്.സി ലിസ്റ്റ് മാറ്റാന്‍ അപ്പീല്‍ കമ്മിറ്റിയെ നിയോഗിക്കാന്‍ സാധിക്കുമോ?

 

Author

Leave a Reply

Your email address will not be published. Required fields are marked *