കോണ്‍ഗ്രസ് തറവാട്ടിലെ കാരണവര്‍… കരുത്തും ആജ്ഞാശക്തിയുമുള്ള ഭരണാധികാരി… വ്യക്തതയും കണിശതയുമുള്ള നിലപാടുകള്‍… ആരെയും കൂസാത്ത, ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത വക്കം പുരുഷോത്തമന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയമായ മാതൃകയാണ്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ നീതിബോധത്തോടെ മാത്രം പെരുമാറിയിരുന്ന വക്കം പുരുഷോത്തമന്‍ നിയമസഭ സ്പീക്കര്‍ പദവിയുടെ അന്തസുയര്‍ത്തി. ഒരു സ്പീക്കര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന് എക്കാലത്തെയും റഫറന്‍സാണ് വക്കം പുരുഷോത്തമന്റെ കാലഘട്ടം.
കൃത്യസമയത്ത് നിയമസഭാ തുടങ്ങി കൃത്യസമയത്ത് തന്നെ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്ന സ്പീക്കറായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ അനുവദിച്ച് കിട്ടുന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിക്കാന്‍ ശ്രമിക്കണമെന്ന് തോന്നിപ്പിച്ചത് അദ്ദേഹത്തിന്റെ ആജ്ഞാശക്തി സ്ഫുരിക്കുന്ന ശബ്ദമാണ്. ഞാന്‍ ഉള്‍പ്പെടെ അന്ന് സഭയിലുണ്ടായിരുന്ന ഏറ്റവും ജൂനിയര്‍ അംഗങ്ങളെ പ്രോത്സാഹിപ്പിക്കാനും നന്നായി പ്രസംഗിച്ചാല്‍ പരസ്യമായി അഭിനന്ദിക്കാനും അദ്ദേഹം പ്രത്യേക ശ്രദ്ധ കാട്ടിയിരുന്നു. പുതുതലമുറയില്‍പ്പെട്ട സാമാജികര്‍ക്ക് നിര്‍ലോഭമായ പിന്തുണ നല്‍കുകയും അവര്‍ക്ക് വളര്‍ന്നു വരാനുള്ള അവസരം ഒരുക്കുകയും ചെയ്ത നേതാവായിരുന്നു വക്കം. നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രി, സ്പീക്കര്‍, പാര്‍ലമെന്റ് അംഗം, ലെഫ്റ്റനന്റ് ഗവര്‍ണര്‍, ഗവര്‍ണര്‍ എന്നീ പദവികളില്‍ അഭിമാനകരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്.
വക്കത്തിന്റെ വിയോഗം വ്യക്തിപരമായി എനിക്ക് വലിയ നഷ്ടമാണ്. വക്കം സ്പീക്കറായിരിക്കവെയാണ് ഞാന്‍ ആദ്യം നിയമസഭയിലെത്തുന്നത്. സഭയിലെ പിന്‍ബെഞ്ചുകാരനായ എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. അഭിനന്ദിക്കേണ്ടിടത്ത് അഭിനന്ദിച്ചു… ഉപദേശിക്കേണ്ടിടത്ത് ഉപദേശിച്ചു… തിരുത്തേണ്ടിടത്ത് തിരുത്തി…
അദ്ദേഹം എന്നോട് കാട്ടിയ വാത്സല്യം പറഞ്ഞറിയിക്കാനാകില്ല.
അവസാന കാലത്തും പോലും ഫോണില്‍ വിളിക്കുകയും നിയമസഭയില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. സഭയില്‍ നന്നായി പ്രസംഗിച്ചാല്‍ അതിനെ അഭിനന്ദിച്ചും കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയും രോഗക്കിടക്കിയിലും അദ്ദേഹം ഞങ്ങള്‍ക്കൊപ്പം സജീവമായിരുന്നു.
പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ തികഞ്ഞ അച്ചടക്കത്തോടെ പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു വക്കം. കെ.പി.സി.സി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ അസാധാരണ ഊര്‍ജത്തോടെ അദ്ദേഹം പ്രവര്‍ത്തിച്ചു. ഡി.സി.സി അധ്യക്ഷനെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയ നേതാക്കളില്‍ പ്രധാനിയായിരുന്നു വക്കം. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.