പ്രവാസികള്‍ക്ക് നിക്ഷേപ സേവനങ്ങളുമായി സൗത്ത് ഇന്ത്യന്‍ ബാങ്കും ഡിബിഎഫ്എസും കൈകോര്‍ക്കുന്നു

Spread the love

കൊച്ചി: എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് പോര്‍ട്ട്ഫോളിയോ നിക്ഷേപ സേവനങ്ങള്‍ നല്‍കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ദോഹ ബ്രോക്കറേജ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ഡിബിഎഫ്എസ്) ലിമിറ്റഡിനെ ട്രേഡിങ് പങ്കാളിയാക്കി. ഇതു സംബന്ധിച്ച ധാരണാ പത്രം സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്‍ആര്‍ഐ ബിസിനസ് ഹെഡ് ആനന്ദ് സുബ്രമണ്യവും ഡിബിഎഫ്എസ് മാനേജിങ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജും ചേര്‍ന്ന് ഒപ്പുവച്ചു. എസ്ഐബി എസ്ജിഎമ്മും കണ്ട്രി ഹെഡുമായ സഞ്ചയ് സിന്‍ഹ, ഡിബിഎഫ്എസ് ഡയറക്ടര്‍ പോള്‍ തോമസ്, എക്സിക്യൂട്ടീവ് ഡയറക്ടറും സിഎസുമായ ജോണ്‍കുട്ടി ജെയിംസ് തുടങ്ങി ഇരു സ്ഥാപനങ്ങളിലേയും ഉന്നത മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

”മിഡില്‍ ഈസ്റ്റിലെ മുന്‍നിര ട്രേഡിങ് സ്ഥാപനമായ ഡിബിഎഫ്എസുമായുള്ള പങ്കാളിത്തം ലോകത്തൊട്ടാകെയും, പ്രത്യേകിച്ച് ജിസിസി രാജ്യങ്ങളിലുമുള്ള എസ്ഐബിയുടെ എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് പോര്‍ട്ട്ഫോളിയോ നിക്ഷേപ സേവനങ്ങള്‍ (പിഐഎസ്) ലഭ്യമാക്കാന്‍ സഹായകമാകും. എസ്ഐബി മിറര്‍ പ്ലസ് ആപ്പിലും ജൂണ്‍ മാസം മുതല്‍ പിഐഎസ് അക്കൗണ്ട് ഓപണിങ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഡിബിഎഫ്എസുമായുള്ള സഹകരണം ഈ വിപണികളില്‍ ഞങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുമെന്ന് ഉറപ്പാണ്,” എസ്ഐബി എന്‍ആര്‍ഐ ബിസിനസ് ഹെഡ് ആനന്ദ് സുബ്രമണ്യം പറഞ്ഞു.

”എസ്ഐബി ഉപഭോക്താക്കള്‍ക്ക് ലോകോത്തര സ്റ്റോക്ക് ട്രേഡിങ്, നിക്ഷേപാനുബന്ധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ സഹകരണത്തിലൂടെ ഡിബിഎഫ്എസിന് കഴിയും. ഉപഭോക്താക്കളുടെ ആസ്തി മാനേജ്മെന്റ് ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്ന വിജയകരമായ പങ്കാളിത്തമായിരിക്കുമിത്. ഇത് രണ്ട് സ്ഥാപനങ്ങള്‍ക്കും മികച്ച ഗുണഫലം ലഭിക്കുന്ന ബന്ധമാകുമെന്ന് ഉറപ്പാണ്,” ഡിബിഎഫ്എസ് എംഡി പ്രിന്‍സ് ജോര്‍ജ് പറഞ്ഞു.

ഡിബിഎഫ്എസിനെ കൂടാതെ മറ്റ് മുന്‍നിര ബ്രോക്കറേജ് കമ്പനികളുമായും എസ്ഐബിക്ക് പരസ്പര സഹകരണ പങ്കാളിത്തമുണ്ട്. ഡിബിഎഫ്എസ് കൂടി എത്തുന്നതോടെ ബാങ്കിന്റെ എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാകും.

ഫോട്ടോ:
പ്രവാസികള്‍ക്ക് പോര്‍ട്ട്ഫോളിയോ നിക്ഷേപ സേവനങ്ങള്‍ നല്‍കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിബിഎഫ്എസുമായി ധാരണാ പത്രം ഒപ്പുവച്ച വേളയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എസ്ജിഎമ്മും
കണ്‍ട്രി ഹെഡുമായ സഞ്ചയ് സിന്‍ഹ, എന്‍ആര്‍ഐ ബിസിനസ് ഹെഡ് ആനന്ദ് സുബ്രമണ്യം, ഡിബിഎഫ്എസ് മാനേജിങ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ്, ഡയറക്ടര്‍ പോള്‍ തോമസ് എന്നിവര്‍.

antony william

Author

Leave a Reply

Your email address will not be published. Required fields are marked *