സംസ്ഥാനത്തെ ആധാരമെഴുത്ത്, പകര്‍പ്പെഴുത്ത്,സ്റ്റാമ്പ് വെണ്ടര്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണത്തിന് 4500 രൂപ ക്ഷേമബത്ത നല്‍കാന്‍ തീരുമാനം. 6000 അംഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും. കേരള ആധാരമെഴുത്ത്, പകർപ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടർ ക്ഷേമനിധി ബോർഡ് യോഗമാണ് 500 രൂപ വർദ്ധന വരുത്തിക്കൊണ്ട് ഓണത്തിന് ഉത്‌സവ ബത്ത വിതരണം ചെയ്യാനുള്ള തീരുമാനമെടുത്തത്. 2018-ലാണ് ആദ്യമായി അംഗങ്ങൾക്ക് ഉത്സവബത്ത അനുവദിച്ചത് 1000/- രൂപയായിരുന്നു അന്ന് നൽകിയത്.കഴിഞ്ഞ മൂന്നുവർഷം കൊണ്ടാണ് 4000/- രൂപയാക്കി ഉയര്‍ത്തിയത്. ഇതിനാവശ്യമായ തുക പൂർണ്ണമായും ക്ഷേമനിധി ബോർഡിന്റെ ഫണ്ടിൽ നിന്നാണ് ചെലവഴിക്കുന്നത്. ക്ഷേമനിധിയിലേക്കുള്ള അംശാദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തി അംഗത്വം മുടങ്ങിപ്പോയ ആളുകളുടെ അംഗത്വം പുനഃസ്ഥാപിച്ച് നൽകും. കുടിശ്ശികയോടൊപ്പം നാമമാത്രമായ പിഴ ഈടാക്കികൊണ്ടായിരിക്കും അംഗത്വം പുനഃസ്ഥാപിക്കുകയെന്ന് രജിസ്‌ട്രേഷന്‍ സഹകരണ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ അറിയിച്ചു.