5 മുതൽ 50 ശതമാനം വരെ വിലക്കുറവ്
ലക്ഷ്യം 250 കോടിയുടെ വിൽപ്പന
ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ 28 വരെ നടക്കുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽസപ്ലൈസ് മന്ത്രി ജി.ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18 ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഫെയർ ഉദ്ഘാടനം ചെയ്യും. ജില്ലാതല ഉദ്ഘാടനങ്ങൾ 19നും നിയോജകമണ്ഡലം, താലൂക്ക് അടിസ്ഥാനത്തിലുള്ള ഉദ്ഘാടനങ്ങൾ 23 നുമാണ്.
ഇത്തവണ എ.സി സൗകര്യത്തോടെയുള്ള ജർമൻ ഹാങ്ങറുകളിലാണ് ജില്ലകളിലെ ഓണം ഫെയറുകൾ ഒരുക്കുന്നത്. സബ്‌സിഡി സാധനങ്ങൾക്ക് പുറമേ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് കോംബോ ഓഫറുകൾ അടക്കം വലിയ ഓഫറുകളാണ് നൽകുന്നത്. ഇതു പ്രകാരം 5 മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു.ഓണക്കാലത്ത് 250 കോടി രൂപയുടെ വിൽപ്പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഓരോ മാസവും സംഭരിക്കുന്ന അവശ്യസാധനങ്ങളുടെ ഇരട്ടിയിലധികമാണ് ഓണക്കാലത്ത് സപ്ലൈകോ സംഭരിക്കുന്നത്. ഓണം പ്രമാണിച്ച് 6120 മെട്രിക് ടൺ പയറുവർഗങ്ങളും 600 മെട്രിക് ടൺ സുഗന്ധവ്യഞ്ജനങ്ങളും 4570 മെട്രിക് ടൺ പഞ്ചസാരയും 15880 മെട്രിക് ടൺ വിവിധ തരം അരികളും 40 ലക്ഷം ലിറ്റർ വെളിച്ചെണ്ണയുമാണ് സംഭരിക്കുക.