കാസർഗോഡ് ജില്ലയിൽ 1156 അപേക്ഷകര്‍
കാസർഗോഡ് ജില്ലയില്‍ നിന്ന് കൂടുതല്‍ യുവജനങ്ങള്‍ക്ക് സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ പ്രാപ്തരാക്കുന്നതിനായി ജില്ലാ ഭരണകൂടവും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസും നടത്തുന്ന മൂന്ന് വര്‍ഷത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം ‘മുന്നോട്ട് ‘ സെപ്തംബര്‍ രണ്ടാം വാരം ആരംഭിക്കും. ജില്ലയില്‍ 1156 പേരാണ് ആകെ അപേക്ഷകരെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടത്തുന്നത്. ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കണ്‍വീനറുമായ ജില്ലാതല മോണിറ്ററിങ് കമ്മറ്റി പദ്ധതിക്ക് മേല്‍നോട്ടം വഹിക്കും. മഞ്ചേശ്വരം, കാറഡുക്ക, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ എന്നീ ബ്ലോക്കുകളിലാണ് പരിപാടി നടപ്പിലാക്കുന്നത്.ഞായറാഴ്ചകളിലാണ് സമഗ്ര പരിശീലന പരിപാടിയുടെ ക്ലാസുകള്‍ നല്‍കുക. മഞ്ചേശ്വരം ബ്ലോക്കില്‍ 108, കാസര്‍കോട് ബ്ലോക്കില്‍ 426, കാറഡുക്ക ബ്ലോക്കില്‍ 104, കാഞ്ഞങ്ങാട് ബ്ലോക്കില്‍ 256, പരപ്പ ബ്ലോക്കില്‍ 92, നീലേശ്വരം ബ്ലോക്കില്‍ 189 എന്നിങ്ങനെയാണ് അപേക്ഷകള്‍ ലഭിച്ചത്. അപേക്ഷകര്‍ കൂടുതലുള്ള കാസര്‍കോട്, കാഞ്ഞങ്ങാട് ബ്ലോക്കുകളില്‍ ഓണ്‍ലൈനില്‍ അഭിമുഖം നടത്തിയാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തുകയെന്നും കളക്ടര്‍ പറഞ്ഞു.ഓരോ ബ്ലോക്കിലും 200 പേര്‍ക്ക് പരിശീലനം നല്‍കും. പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ പരീക്ഷകളില്‍ മികച്ച വിജയം നേടുന്നതിനുള്ള പരിശീലനമാണിത്. പരിശീലനത്തിന് പ്രത്യേകം സിലബസ് തയ്യാറാക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു ബാച്ചും ബിരുദം മുതലുള്ള മറ്റൊരു ബാച്ചുമായി രണ്ട് വിഭാഗങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. ബ്ലോക്ക് ആസ്ഥാനങ്ങളില്‍ തെരഞ്ഞെടുത്ത സ്മാര്‍ട്ട് ക്ലാസ് റൂമുകളിലാണ് പരിശീലന കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പരിശീലനം നല്‍കും. ജില്ലയിലെ ഐ.എ.എസ്, കെ.എ.എസ് ഉദ്യോഗസ്ഥരും ക്ലാസ് നല്‍കും.