2026ഓടെ സംസ്ഥാനത്തെ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനൊപ്പം വൈജ്ഞാനിക മുന്നേറ്റത്തിനും തദ്ദേശീയ ജനതയെ പ്രാപ്തരാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തിരുവനന്തപുരം ജില്ലയിൽ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കിയ മാതൃകയിൽ കേരളത്തിലെ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി നൽകാനാണ് ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ലാൻഡ് ബാങ്ക് പദ്ധതിയനുസരിച്ചു വിവിധ ജില്ലകളിലായി 45 ഏക്കറോളം ഭൂമി വാങ്ങിയിട്ടുണ്ട്. അത് ആദിവാസി കുടുംബങ്ങൾക്കു വിതരണം ചെയ്യും. 21 ഏക്കർ കൂടി വാങ്ങുന്നതിന് അംഗീകാരം നൽകിക്കഴിഞ്ഞു.സംസ്ഥാനത്ത് 7,693
ഏക്കർ നിക്ഷിപ്ത വനഭൂമി വിതരണം ചെയ്യാൻ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ രണ്ടായിരത്തോളം ഏക്കർ വിതരണം ചെയ്തുകഴിഞ്ഞു. ആദിവാസി വിഭാഗത്തിലെ 3,647 പേർക്ക് ഇതിന്റെ ഗുണഫലം ലഭിച്ചു. ആദിവാസി ഭൂ സമരങ്ങളിൽ ഉയർത്തിയ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു. മുത്തങ്ങ സമരത്തിൽ പങ്കെടുത്ത എല്ലാവർക്കും ഈ സർക്കാർ ഭൂമി ലഭ്യമാക്കി. ഭൂസമരങ്ങൾ നടന്നുവരുന്ന പ്രദേശങ്ങളിൽ പ്രശ്നപരിഹാരത്തിനു നടപടി സ്വീകരിച്ചു വരികയാണ്. ലൈഫ് പദ്ധതിയിൽ സംസ്ഥാനത്താകെ 3.5 ലക്ഷത്തോളം ഭവനങ്ങൾ വിതരണം ചെയ്തതിൽ 8,394
പട്ടികവർഗ കുടുംബങ്ങൾക്കു വീട് ലഭ്യമാക്കിയിട്ടുണ്ട്.
കാസർകോഡ് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിനുള്ള സ്പോർട്സ് കിറ്റ് വിതരണം കായിക മന്ത്രി വി. അബ്ദുറഹിമാനും കേരള എംപവർമെന്റ് സൊസൈറ്റി ‘ഉന്നതി’യുടെ വെബ്്സൈറ്റ് പ്രകാശനവും എം.ആർ.എസുകളിൽ സംഘടിപ്പിച്ച ഉപന്യാസ രചനാ മത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങളും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും SAFE പദ്ധതി പ്രകാരം ഭവന നിർമാണം പൂർത്തിയാക്കിയ ഗുണഭോക്താവിനുള്ള ധനസഹായ വിതരണം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലും എ.ബി.സി.ഡി. പദ്ധതി പ്രകാരം ആധികാരിക രേഖകൾ ലഭിച്ച കുടുംബങ്ങൾക്കുള്ള രേഖകൾ ഒ.ആർ. കേളു എം.എൽ.എയും വിതരണം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജുവും ചടങ്ങിൽ പങ്കെടുത്തു.തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കൗൺസിലർ പാളയം രാജൻ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡി.ആർ. മേഖശ്രീ, സംസ്ഥാന പട്ടികവർഗ ഉപദേശക സമിതി അംഗം വിദ്യാധരൻ കാണി തുടങ്ങിയവരും സന്നിഹിതരായിരുന്നു.