രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചിത്രമേള സമാപിച്ചു; മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

Spread the love

ഐ.ഡി.എസ്.എഫ്.എഫ്.കെ ജനാധിപത്യത്തെ സമ്പുഷ്ടമാക്കുന്നു: മുഖ്യമന്ത്രി
രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചിത്രമേളയുടെ സമാപന സമ്മേളനം തിരുവനന്തപുരം കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വ്യത്യസ്തതളെയും വിമത ശബ്ദങ്ങളെയും അടിച്ചമർത്തുമ്പോളല്ല മറിച്ച് അവ ആവിഷ്‌കരിക്കാനുള്ള ഇടം തുറക്കുമ്പോഴാണ് ജനാധിപത്യം പൂർണമാകുന്നതെന്നും അവ പ്രദർശിപ്പിക്കാനുള്ള വേദിയാണ് ഐ.ഡി.എസ്.എഫ്.എഫ്.കെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 44 രാജ്യങ്ങളിലെ മനുഷ്യാവസ്ഥകളെ ചിത്രീകരിക്കുന്ന 286 ചിത്രങ്ങൾ ആസ്വാദകർക്കും നിരൂപകർക്കും മുന്നിലെത്തിക്കാൻ ഈ മേളക്ക് സാധിച്ചുവന്നതിൽ അതിയായ സന്തോഷമുണ്ട്.സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളെ കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കപ്പെടുന്ന ഡോക്യുമെൻററികൾക്കായുള്ളതാണ് ഐ.ഡി.എസ്.എഫ്.എഫ്.കെ ജനാധിപത്യത്തെ സമ്പുഷ്ടമാക്കുന്ന വേദിയാണിതെന്ന് നിസംശയം പറയാം. ജനജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങളെ പ്രമേയമാക്കുന്ന സിനിമകൾ അവതരിപ്പിക്കുന്നതിനുള്ള സ്വതന്ത്ര വേദിയെന്ന നിലയിൽ 15 വർഷം കൊണ്ട് ചലച്ചിത്രപ്രവർത്തകർക്കിടയിൽ വലിയ മതിപ്പ് ഉളവാക്കാൻ ഈ രാജ്യാന്തര ഡോക്യുമെന്ററി ചിത്രമേളക്ക് കഴിഞ്ഞിട്ടുണ്ട്. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള എല്ലാ ശ്രമങ്ങളെയും നിയമപരമായി പരാജയപ്പെടുത്തി പ്രദർശനനാനുമതി നേടിയ അനുഭവം നമുക്കുണ്ട്. ഫെസ്റ്റിവലിനെ പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.ഇന്ത്യയിലെ കർഷക പ്രക്ഷോഭം, പൗരത്വ നിയമഭേദഗതിക്കെതിരെ ഷഹീൻബാഗിലെ സ്ത്രീകൾ നയിച്ച പ്രതിഷേധ സമരം, ഇറാനിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രതികരിച്ച പെൺകുട്ടിയുടെ വധശിക്ഷ, മുംബൈയിലെ വിദ്യാർത്ഥി ആത്മഹത്യ പശ്ചാത്തലത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ജാതിവിവേചനം തുടങ്ങി ലോകമെമ്പാടുമുള്ള സമകാലിക പ്രശ്‌നങ്ങൾ ശക്തമായും തീവ്രമായും പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ മേളക്ക് കഴിഞ്ഞു. സംവിധായികയായും സാമൂഹികപ്രവർത്തകയുമായും നാലു പതിറ്റാണ്ടുകാലമായി സ്ത്രീപക്ഷ ചലച്ചിത്ര കൂട്ടായ്മയുടെ ഭാഗമായ, സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം, ആരോഗ്യം വിദ്യാഭ്യാസം മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ നാല്പതോളം ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത ദീപ ധൻരാജിനെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് നൽകി ആദരിക്കുന്നതിൽ കേരളത്തിന് അഭിമാനമുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *