പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ആരോഗ്യ മേഖലയ്ക്ക് 558.97 കോടി അനുവദിച്ചു

Spread the love

തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യ രംഗത്ത് വന്‍മാറ്റം.

തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റായി 558.97 കോടി രൂപ അനുവദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവായി. കെട്ടിടം ഇല്ലാത്ത ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടം, ബ്ലോക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ക്ക് സഹായം, രോഗനിര്‍ണയ സംവിധാനങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജനകീയാരോഗ്യ കേന്ദ്രങ്ങളിലും ഹെല്‍ത്ത് ആന്റ് വെല്‍നസ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കല്‍, നഗരപ്രദേശങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജനകീയാരോഗ്യ കേന്ദ്രങ്ങളിലും രോഗനിര്‍ണയ സൗകര്യങ്ങള്‍, അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് കേന്ദ്രങ്ങള്‍ തുടങ്ങിയ സ്‌കീമുകളിലായാണ് തുകയനുവദിച്ചത്.

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യ മേഖലയില്‍ വലിയ വികസനങ്ങള്‍ സാധ്യമാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ഫണ്ടിന് പുറമേ ഹെല്‍ത്ത് ഗ്രാന്റായി അനുവദിച്ച തുകയുപയോഗിച്ച് ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കാന്‍ സാധിക്കുന്നു. ഇതിലൂടെ ജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭ്യമാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ കെട്ടിട നിര്‍മ്മാണത്തിനായി മൂന്ന് വര്‍ഷങ്ങളിലാണ് തുകയനുവദിക്കുന്നത്. 513 ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 55.5 ലക്ഷം വിതവും 13 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 1.43 കോടി വീതവും 5 സാമൂഹ്യാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 5.75 കോടി രൂപ വീതവുമായാണ് 3 വര്‍ഷങ്ങളായി അനുവദിക്കുന്നത്. 2022-23 വര്‍ഷത്തില്‍ ജനകീയാരോഗ്യ കേന്ദ്രം 27.5 ലക്ഷം, കുടുംബാരോഗ്യ കേന്ദ്രം 35.75 ലക്ഷം, സാമൂഹ്യാരോഗ്യ കേന്ദ്രം 1.15 കോടി എന്നിങ്ങനെ വീതമാണ് തുകയനുവദിച്ചത്.

77 പുതിയ ബ്ലോക്ക് പൊതുജനാരോഗ്യ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 27.57 ലക്ഷം രൂപ വീതം അനുവദിച്ചു. ഈ തുകയുപയോഗിച്ച് ബ്ലോക്ക് യൂണിറ്റ്, ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് ലാബ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ ആരോഗ്യ സ്ഥാപനങ്ങളിലെ രോഗനിര്‍ണയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് 89.18 കോടി രൂപ അനുവദിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി 14 തരം പരിശോധനകളും കുടുംബാരോഗ്യ കേന്ദ്രങ്ങളും മറ്റാശുപത്രികളിലും 64 തരം പരിശോധനകളും സജ്ജമാക്കുന്നതിനുള്ള സൗകര്യങ്ങളേര്‍പ്പെടുത്തും.

941 ഗ്രാമപഞ്ചായത്തുകള്‍ക്ക് കീഴിലുള്ള ജനകീയാരോഗ്യ കേന്ദ്രങ്ങളിലേയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലേയും ഹെല്‍ത്ത് ആന്റ് വെല്‍നസ് പ്രവര്‍ത്തനങ്ങള്‍ക്ക് 37.20 കോടി രൂപ അനുവദിച്ചു. ഇതുപയോഗിച്ച് പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ജീവിതശൈലീ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, അമ്മമാരുടേയും കുട്ടികളുടേയും ആരോഗ്യ സംരക്ഷണം, രോഗികള്‍ക്കാവശ്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍, ജനകീയാരോഗ്യ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍, വിവിര സാങ്കേതികവിദ്യയുപയോഗിച്ചുള്ള ബോധവത്ക്കരണം, പരിശീലനം എന്നിവ സാധ്യമാക്കും.

നഗരപ്രദേശങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ജനകീയാരോഗ്യ കേന്ദ്രങ്ങള്‍, മറ്റാശുപത്രികള്‍ എന്നിവിടങ്ങളില്‍ രോഗനിര്‍ണയ സൗകര്യങ്ങള്‍ക്കായി 43.84 കോടി രൂപ 93 നഗര ഭരണ സ്ഥാപനങ്ങള്‍ക്കായി അനുവദിച്ചു.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *