കെ.ടി.ഡി.സി ഫുഡ് ട്രക്കിലെ ഭക്ഷണശാലയിൽ നിന്നും മലബാറിന്റെ രുചികരമായ വിഭവങ്ങൾ കഴിച്ച് ഇനി കോഴിക്കോട് ബേപ്പൂർ ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാം. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ബേപ്പൂർ ബീച്ചിൽ ഫുഡ് ട്രക്ക് ഒരുക്കാൻ സംസ്ഥാന സർക്കാർ തീരുമാനമായി.ഫുഡ് ട്രക്ക് സ്ഥാപിക്കാൻ കെ.ടി.ഡി.സി സമർപ്പിച്ച പദ്ധതി പ്രകാരം നിർമാണത്തിന് 30 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. കെ.ടി.ഡി.സിക്കാണ് ഫുഡ് ട്രക്കിന്റെ നിർമാണ ചുമതല. ഭരണാനുമതി ലഭിച്ചത് മുതൽ ആറു മാസത്തിനകം നിർമാണം പൂർത്തിയാക്കും. ഇതോടെ ബേപ്പൂരിന്റെ മനോഹാരിത ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും വിവിധ തരത്തിലുള്ള ഭക്ഷണവും കൊടുക്കാൻ സാധിക്കും.സംസ്ഥാനമാകെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ സഞ്ചാരികൾ കൂടുതലായി എത്തുന്ന ബേപ്പൂർ ബീച്ചിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫുഡ് ട്രക്ക് സ്ഥാപിക്കുന്നതെന്ന് മണ്ഡലത്തിന്റെ പ്രതിനിധി കൂടിയായ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.