സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾ നേട്ടങ്ങൾ വെട്ടിപ്പിടിക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി

Spread the love

ടെക്‌നോളജിയുടെ ചരിത്രാരംഭം മുതൽ തന്നെ സ്ത്രീകളെ അകറ്റി നിർത്തിയിരുന്ന തായും എന്നാൽ പുതിയ കാലത്ത് സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ സ്വന്തം ധിഷണ കൊണ്ടും കഠിനാധ്വാനം കൊണ്ടും പെൺകുട്ടികൾ നേട്ടങ്ങളുടെ വിജയഗാഥ രചിക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിങ്ങ് കോളജിലെ (എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൻ) നാല് അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമുകൾക്ക് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻ.ബി.എ) ലഭിച്ചതിന്റെ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

എൽ.ബി.എസ് വനിതാ എൻജിനീയറിങ്ങ് കോളജ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഭിമാന സ്ഥാപനമായി മാറിയതായി മന്ത്രി പറഞ്ഞു. കോഴ്‌സുകൾക്ക് ദേശീയതല അക്രഡിറ്റേഷൻ ലഭിച്ചതിനു പുറമേ കോളജിലെ നാല് ഫാക്കൽറ്റിമാർ പേറ്റന്റും കരസ്ഥമാക്കി. ഇതിൽ മൂന്നുപേരും സ്ത്രീകളാണെന്ന് അങ്ങേയറ്റം അഭിമാനം പകരുന്നതാണെന്ന് മന്ത്രി പ്രശംസിച്ചു. കൂടാതെ, കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളായും പ്ലേസ്മെന്റ് ഡ്രൈവിലും വിദ്യാർഥിനികൾ മികച്ച പ്രകടനം നടത്തുകയും ചെയ്തു. ഈ വിധത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ ഉറച്ച പ്രഖ്യാപനമാണ് വനിതാ എൻജിനീയറിങ്ങ് കോളജ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

പരിപാടിയിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗം മികച്ച രീതിയിലാണ് മുന്നേറുന്നതെന്നും മികച്ച പ്രാഥമിക വിദ്യാഭ്യാസം എന്ന അടിത്തറയുടെ തുടർച്ചയാണ് ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലിംഗസമത്വം, സാമൂഹ്യനീതി പ്രോത്സാഹിപ്പിക്കൽ എന്നിവ അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം പുരോഗതി കൈവരിക്കുന്നത്. സിവിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ ബി.ടെക് കോസുകൾക്കാണ് എൻ.ബി.എ അംഗീകാരം ലഭിച്ചത്.

പരിപാടിയിൽ ടെക്‌നിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. രാജശ്രീ എം.എസ്, ഐ.ഐ.ടി മദ്രാസിലെ പ്രൊഫസർ എമിരിറ്റസ് ഡോ.വി രാധാകൃഷ്ണൻ, എൽ.ബി.എസ് ഡയറക്ടർ ഡോ. എം അബ്ദുൽ റഹ്‌മാൻ, കോളജ് പ്രിൻസിപ്പൽ ഡോ. ജയമോഹൻ ജെ, കോളജ് യൂണിയൻ ചെയർപേഴ്‌സൺ അക്ഷയ ആർ ഗോപൻ തുടങ്ങിയവർ പങ്കെടുത്തു. റാങ്ക് നേട്ടം കൈവരിച്ച ജീന, സ്‌നേഹ സുരേഷ്, പേറ്റന്റ് നേടിയ അധ്യാപകരായ ഡോ. രശ്മി ആർ, ഡോ. ലിസി എബ്രഹാം, ഡോ. രാജവർമ്മ പമ്പ (2 പേറ്റന്റുകൾ), പ്രൊഫ. നീതി നാരായണൻ എന്നിവർക്ക് മന്ത്രി പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഗുഡ് സർവീസ് എൻട്രി നേടിയ ഡോ. ഇ.എൻ അനിൽകുമാറിനെ ചടങ്ങിൽ ആദരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *