അറിവും സാങ്കേതികവിദ്യയും എല്ലാവർക്കും ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധം.
വിജ്ഞാന സ്വാതന്ത്ര്യം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023ന് ആവേശോജ്ജ്വല തുടക്കം. ആഗസ്റ്റ് 12 മുതൽ 15 വരെ നടക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ പിണറായി വിജയൻ നിർവഹിച്ചു. പുതിയ കാലഘട്ടത്തിലെ അറിവുകളും സാങ്കേതികവിദ്യകളും എല്ലാവർക്കും ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അറിവിനെ കുത്തകവൽക്കരിക്കുന്നതിനെതിരെ രൂപംകൊണ്ട സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന ആശയത്തിന് വലിയ പിന്തുണ നൽകിക്കൊണ്ടിരിക്കുന്ന നാടാണിത്. ഇന്റർനെറ്റ് അവകാശമാക്കിയ ആദ്യത്തെ ഇന്ത്യൻ
സംസ്ഥാനവും കേരളമാണ്. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്കും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും ഡിജിറ്റൽ സയൻസ് പാർക്കും യഥാർത്ഥ്യമാക്കിയ സംസ്ഥാനവും കേരളമാണ്. എല്ലാ നിയോജക മണ്ഡലങ്ങളിലും സ്മാർട്ട് ക്ലാസുകളുൾപ്പെടെ ഡിജിറ്റൽ വിദ്യാഭ്യാസരംഗത്ത് അതുല്യമായ നേട്ടങ്ങൾ നമ്മുടെ സംസ്ഥാനം കൈവരിച്ചു കഴിഞ്ഞു. സാർവത്രികമായി ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം കെ ഫോൺ പദ്ധതി നടപ്പാക്കിയത്. ഇന്നത് ലോകശ്രദ്ധയിലേക്ക് ഉയർന്നിരിക്കുകയാണ്. മാറുന്ന കാലത്തിനനുസരിച്ച് അറിവിന്റെ സ്വതന്ത്ര്യവും സാർവത്രികമായ ലഭ്യതയും ഉറപ്പാക്കാനുള്ള ഇടപെടലുകൾ നടത്തിയാണ് നമ്മുടെ നാട് മുന്നോട്ടുപോകുന്നതെന്നതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് സർക്കാരിന്റെ ഇത്തരം ഇടപെടലുകൾ. അതേസമയം നൂതന സാങ്കേതികവിദ്യകളെ സർക്കാർസേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനു ഉപയോഗപ്പെടുത്തി സമ്പൂർണ്ണ ഇ- ഗവേണൻസ് സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം ആഗസ്റ്റ് 15 ന് ആഘോഷിക്കുകയാണ്. എല്ലാവർക്കും അനുഭവഭേദ്യമാകുമ്പോഴാണ് സ്വാതന്ത്ര്യം അർത്ഥവത്താകുന്നത്. ശാസ്ത്രസാങ്കേതികവിദ്യ, ഡിജിറ്റൽസങ്കേതങ്ങൾ പൊതുസേവനങ്ങൾ എന്നിവയെല്ലാം മൂഹത്തിലെ എല്ലാവർക്കും പ്രാപ്യമാകമെന്നും അതാണ് സംസ്ഥാനസർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു, വി.കെ പ്രശാന്ത് എം.എൽ.എ, ഫ്രീഡം ഫെസ്റ്റ് അക്കാദമിക സമിതി ചെയർമാൻ ടി.എം തോമസ് ഐസക്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, തിരുവനന്തപുരം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശരണ്യ എസ്.എസ്, കൈറ്റ് വിക്ടേഴ്‌സ് ഡയറക്ടർ അൻവർ സാദത്ത്, കാന്താരി ബ്രെയിൽ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക സബ്രിയെ ടെൻബർക്കൻ, യുണിസെഫ് സാമൂഹിക നയവിദഗ്ധ പിയുഷ് ആന്റണി, ഡി. എ.കെ.എഫ് ജനറൽ സെക്രട്ടറി ടി. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു