തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി മാധ്യമരംഗത്തെ സാങ്കേതിക മാറ്റങ്ങളും സ്വാതന്ത്ര്യവും ചർച്ച ചെയ്യാൻ ആഗസ്റ്റ് 14ന് കേരള മീഡിയ അക്കാദമി വേദിയൊരുക്കുന്നു.
കേരള സർക്കാരിന്റെ വിവിധ വകുപ്പുകളും സർക്കാർ സ്ഥാപനങ്ങളും വിവിധ സംഘടനകളും ചേർന്നാണ് ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വിജ്ഞാനവും വിജ്ഞാനാധിഷ്ഠിത സാങ്കേതികവിദ്യകളും ജനജീവിതത്തിലും സമ്പദ്‌വ്യവസ്ഥയിലും നിർണ്ണായക സ്വാധീനം ചെലുത്തുന്ന കാലഘട്ടമാണിത്. ഇത് മാധ്യമരംഗത്ത് സ്വാതന്ത്ര്യത്തിലും സാങ്കേതികവിദ്യയിലും സൃഷ്ടിക്കുന്ന പുതിയ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഇന്ന് (ആഗസ്റ്റ് 14ന്) ഉച്ചയ്ക്കുശേഷം 3.00 മുതൽ 5.30 വരെ മാധ്യമ സ്വാതന്ത്ര്യ സെമിനാർ സംഘടിപ്പിക്കുന്നത്
പ്രശസ്ത മാധ്യമപ്രവർത്തകൻ ശശികുമാർ ഉദ്ഘാടനം നിർവ്വഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവർത്തകൻ ജോസി ജോസഫിന്റെ പ്രസിദ്ധ ഗ്രന്ഥമായ ‘ദി സൈലന്റ് കൂ’ (The Silent Coup)ന്റെ മലയാള പരിഭാഷയായ ‘നിശബ്ദ അട്ടിമറി’യുടെ പ്രകാശനം ശശികുമാർ നിർവഹിക്കും. ദ് ടെലിഗ്രാഫ് എഡിറ്റർ ആർ. രാജഗോപാൽ ആദ്യപ്രതി ഏറ്റുവാങ്ങും. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ, കാരവൻ മുൻ എഡിറ്റർ വിനോദ് ജോസ്, കൈരളി ടിവി ന്യൂസ് ഡയറക്ടർ എൻ.പി. ചന്ദ്രശേഖരൻ, കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി ആർ. കിരൺബാബു, ദ ഹിന്ദു ഡെപ്യൂട്ടി എഡിറ്റർ സരസ്വതി നാഗരാജൻ, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് സെക്രട്ടറി അനുപമ ജി. നായർ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, സെക്രട്ടറി കെ.ജി. സന്തോഷ് എന്നിവർ പങ്കെടുക്കും.