സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലായി 102 പരിശോധനകള്‍.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളിലും മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. കാന്റീനുകളിലും, വിദ്യാര്‍ത്ഥികള്‍ക്കുള്ള മെസുകളിലും സുരക്ഷിതമല്ലാത്ത ഭക്ഷണം നല്‍കുന്നു എന്ന പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ പരിശോധകള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലുമായി 102 പരിശോധനകളാണ് നടത്തിയത്. പരിശോധനയില്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെസ് വളരെ വൃത്തിഹീനമായി കണ്ടെത്തിയതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്താകെ കാന്റീന്‍, മെസ്, തുടങ്ങിയ 22 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഏഴ് സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുന്നതിന് നോട്ടീസ് നല്‍കി.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളിലെ ചില കാന്റീനുകളും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ മെസുകളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ഭക്ഷണത്തിന്റെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.