മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 വിജയം

Spread the love

ഒന്നാംഘട്ടത്തില്‍ 75% കുട്ടികള്‍ക്കും 98% ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കി.

തിരുവനന്തപുരം: മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ഒന്നാംഘട്ടത്തില്‍ 75 ശതമാനത്തിലധികം കുട്ടികള്‍ക്കും 98 ശതമാനത്തിലധികം ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് 18,744 ഗര്‍ഭിണികളെയും 5 വയസ് വരെയുളള 1,16,589 കുട്ടികളെയുമാണ് പൂര്‍ണമായോ ഭാഗികമായോ വാക്‌സിന്‍ എടുക്കാത്തതായി കണ്ടെത്തിയിട്ടുളളത്. അതില്‍ 18,389 ഗര്‍ഭിണികള്‍ക്കും 87,359 അഞ്ച് വയസ് വരെയുളള കുട്ടികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. ഒന്നാംഘട്ടം കഴിഞ്ഞെങ്കിലും പലതരത്തിലുള്ള അസൗകര്യം കാരണം വാക്‌സിന്‍ എടുക്കാന്‍ വിട്ടുപോയിട്ടുള്ളര്‍ക്ക് നിശ്ചിത ദിവസങ്ങളില്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിന്‍ എടുക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

പരിശീലനം ലഭിച്ച 4171 ജെ.പി.എച്ച്.എന്‍മാരാണ് വാക്‌സിന്‍ നല്‍കിയത്. 10,567 സെഷനുകളായാണ് പ്രവര്‍ത്തനം നടത്തിയത്. കൂടാതെ മെഡിക്കല്‍ ടീം വീടുകള്‍ സന്ദര്‍ശിച്ചും അവബോധം നല്‍കി. തിരുവനന്തപുരം 9753, കൊല്ലം 3607, ആലപ്പുഴ 3437, പത്തനംതിട്ട 2189, കോട്ടയം 3096, ഇടുക്കി 700, എറണാകുളം 5055, തൃശൂര്‍ 9712, പാലക്കാട് 11810, മലപ്പുറം 14188, കോഴിക്കോട് 10034, വയനാട് 2893, കണ്ണൂര്‍ 5775, കാസര്‍ഗോഡ് 5110 എന്നിങ്ങനെയാണ് 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചത്. തിരുവനന്തപുരം 2232, കൊല്ലം 1554, ആലപ്പുഴ 701, പത്തനംതിട്ട 449, കോട്ടയം 679, ഇടുക്കി 175, എറണാകുളം 1705, തൃശൂര്‍ 2962, പാലക്കാട് 2271, മലപ്പുറം 1069, കോഴിക്കോട് 2176, വയനാട് 951, കണ്ണൂര്‍ 566, കാസര്‍ഗോഡ് 899 എന്നിങ്ങനെയാണ് ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിച്ചത്.

രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരേയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം. ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിന്‍ എടുക്കുവാന്‍ വിട്ടുപോയിട്ടുളള ഗര്‍ഭിണികളും 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികളും വാക്‌സിന്‍ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *