മുൻ കേരളാ ചീഫ് സെക്രട്ടറി കെ. ജയകുമാറിന് ന്യൂയോർക്കിൽ ഇന്ന് സ്വീകരണം നൽകുന്നു

Spread the love

ന്യൂയോർക്ക്: മുൻ കേരളാ ചീഫ് സെക്രട്ടറിയും തുഞ്ചത്ത് എഴുത്തച്ചൻ മലയാളം യൂണിവേഴ്സിറ്റി സ്ഥാപക വൈസ് ചാൻസിലറുമായിരുന്ന കെ. ജയകുമാർ ഐ.എ.എസ്-ന് ന്യൂയോർക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ 18 വെള്ളിയാഴ്ച വൈകിട്ട് ഏഴിന് സ്വീകരണം നൽകുന്നു. സാഹിത്യകാരൻ, എഴുത്തുകാരൻ, കവി, നിരൂപകൻ, തിരക്കഥാകൃത്ത്, സിനിമാ സംഗീത രചയിതാവ്, തർജ്ജിമക്കാരൻ, ചിത്രകാരൻ, ബ്യുറോക്രാറ്റ്, യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ എന്നീ പ്രഗത്ഭ മേഖലകളിൽ പ്രശസ്തനായ ജയകുമാർ IAS-ന് ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന “മലയാളവേദി” എന്ന സംഘടനയാണ് സ്വീകരണം ക്രമീകരിച്ചിരിക്കുന്നത്.

1978 ബാച്ചിലെ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (IAS) ഉദ്യോസ്ഥനായി ജീവിതം ആരംഭിച്ച ജയകുമാർ കോഴിക്കോട് ജില്ലാ കളക്ടർ, കേരളാ സംസ്ഥാന ടൂറിസം ഡിപ്പാർട്മെൻറ് ഡയറക്ടർ, സാംസ്കാരിക-ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി, പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ, ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ എന്നീ നിലകളിലൊക്കെ പ്രശസ്ത സേവനം കാഴ്ചവച്ചതിന് ശേഷം 2012 ഒക്ടോബറിൽ കേരള ചീഫ് സെക്രട്ടറി ആയി ബ്യുറോക്രാറ്റ്

ജീവിതത്തിൽ നിന്നും വിരമിച്ചു. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചതിനു ശേഷം അദ്ദേഹത്തിൻറെ ബഹുമുഖ പ്രതിഭാ വൈധക്ത്യം കണക്കിലെടുത്ത് മലപ്പുറം തിരൂരുള്ള തുഞ്ചൻ പറമ്പിൽ 2012 നവംബർ 1-ന് ആരംഭിച്ച തുഞ്ചത്ത് എഴുത്തച്ചൻ മലയാളം യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാൻസിലർ ആയി അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന അന്തരിച്ച ഉമ്മൻ ചാണ്ടി നിയമിക്കുകയായിരുന്നു.

ആദ്യകാല സിനിമാ സംവിധായകനായിരുന്ന എം. കൃഷ്ണൻ നായരുടെ മകനായി 1952 ഒക്‌ടോബർ 6-ന് ജനിച്ച ജയകുമാറിനെ അദ്ദേഹത്തിൻറെ ബ്യുറോക്രറ്റ് മേഖലയിലെ പ്രശസ്ത സേവനം പരിഗണിച്ച് 2008-ൽ കെ.പി.എസ്. മേനോൻ മെമ്മോറിയൽ അവാർഡ് നൽകി സംസ്ഥാനം ആദരിച്ചു. നൂറോളം മലയാളം സിനിമകളിലും വിവിധ ആൽബങ്ങളിലും ഗാനങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം മലയാളത്തിൽ 25 പുസ്തകങ്ങളും ഇംഗ്ലീഷിൽ 4 പുസ്തകങ്ങളും രച്ചിട്ടുണ്ട്. എന്നും ഓർമ്മകളിൽ നിലനിൽക്കുന്ന സിനിമാ ഗാനങ്ങളായ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലെ “ചന്ദനലേപ സുഗന്ധം ചൂടിയതാരോ….”, നീലക്കടമ്പിലെ “കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി…..”, കിഴക്കുണരും പക്ഷി എന്ന ചിത്രത്തിലെ ‘സൗപർണ്ണികാമൃത വീചികൾ പാടും….”, “പക്ഷെ”-യിലെ “സൂര്യാംശുവോരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ……” തുടങ്ങിയവ അദ്ദേഹത്തിന്റെ സംഭാവനകളിൽ ചിലതു മാത്രമാണ്. വൈവിധ്യമാർന്ന സാഹിത്യ സംഭാവനകൾ കണക്കിലെടുത്ത് 2021-ൽ സാഹിത്യ അക്കാദമി അവാർഡും ആശാൻ പോയെട്രി സമ്മാനവും കെ. ജയകുമാറിന് സമ്മാനിച്ചിട്ടുണ്ട്.

കലാവേദി ചെയർമാൻ സിബി ഡേവിഡിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട “മലയാളവേദി”-യുടെ പരിപാടിയിൽ സെനറ്റർ കെവിൻ തോമസ്, നാസ്സോ കൗണ്ടി ലെജിസ്ലേറ്റർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജു ചാക്കോ എന്നിവരും വിവിധ സാഹിത്യ സാംസ്കാരിക നേതാക്കളും പങ്കെടുക്കുന്നു. യുവ ഗായിക അപർണ്ണ ഷിബു, ഗായകൻ രവി നായർ എന്നിവരുടെ സംഗീത വിരുന്നും ഉണ്ടായിരിക്കുന്നതാണ്. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ന്യൂഹൈഡ് പാർക്കിലെ ക്ലിന്റൺ ജി. മാർട്ടിൻ ഓഡിറ്റോറിയത്തിൽ ഡോ. തോമസ് മാത്യുവിൻറെയും സാബു ലൂക്കോസിന്റെയും നേതൃത്വത്തിൽ നടക്കുന്ന ECHO-യുടെ സീനിയർ വെൽനെസ്സ് പ്രോഗ്രാമിലും അദ്ദേഹം അതിഥിയായി പങ്കെടുക്കുന്നുണ്ട്.

താല്പര്യമുള്ള ഏവർക്കും സ്വീകരണ യോഗത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സിബി ഡേവിഡ് – 917-353-1242; അലക്സ് എസ്തപ്പാൻ – 516-503-9387.

Report :  മാത്യുക്കുട്ടി ഈശോ

Author

Leave a Reply

Your email address will not be published. Required fields are marked *