വിപുലമായ ഓണാഘോഷവുമായി ഫെഡറല്‍ ബാങ്ക്; കലാ പ്രദർശന യാത്ര ആരംഭിച്ചു

Spread the love

കൊച്ചി: കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റേയും തനത് കലാരൂപങ്ങളുടേയും പ്രദര്‍ശനവും സംഗീത പരിപാടിയുമായി വിപുലമായ ഓണാഘോഷ പരിപാടികള്‍ക്ക് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. കേരളീയ കലാരൂപങ്ങളുടെ പ്രദര്‍ശനവുമായി കേരളത്തിലൂടനീളം നടത്തുന്ന റോഡ് ഷോ കഴിഞ്ഞയാഴ്ച എറണാകുളത്തു നിന്ന് ആരംഭിച്ചു. കേരള കലാരൂപങ്ങളായ മയൂരനൃത്തം, കളരിപ്പയറ്റ്, ഗരുഡനാട്ടം, പൂതന്‍, തെയ്യം, തിറ, കഥകളി, മോഹിനിയാട്ടം, പുലിക്കളി എന്നിവയാണ് റോഡ് ഷോയിൽ അവതരിപ്പിക്കുന്നത്. ചാക്യാരും മാവേലിയും ചെണ്ടമേളവും ഈ കലായാത്രയ്ക്ക് അകമ്പടിയുണ്ടാകും. പ്രത്യേകമായി തയാറാക്കിയ രണ്ടു വാഹനങ്ങളില്‍ ഒന്ന് തെക്കന്‍ കേരളത്തിലും മറ്റൊന്ന് വടക്കന്‍ കേരളത്തിലും ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന പര്യടനം നടത്തും. തിരഞ്ഞെടുത്ത പ്രധാന കേന്ദ്രങ്ങളിലായിരിക്കും കലാ പ്രദര്‍ശനങ്ങള്‍ അരങ്ങേറുക.

ഓണം സീസണില്‍ ഫെഡറല്‍ ബാങ്ക് ഒരുക്കിയ ഓണസദ്യ പരസ്യ ചിത്രം ഇതിനകം വൈറലായി. പരമ്പരാഗത ഓണസദ്യയുടെ രുചി അനുഭവം ചിത്രീകരിച്ച പരസ്യം മൂന്ന് ദിവസത്തിനകം നാലര ലക്ഷത്തിലേറെ പേരാണ് യുട്യൂബിൽ കണ്ടത്. ഇതുകൂടാതെ പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ കാര്‍ത്തികിന്റെ പ്രത്യേക സംഗീത പരിപാടി ‘കാര്‍ത്തിക് ലൈവ്’ സെപ്തംബര്‍ രണ്ടിന് അങ്കമാലിയില്‍ നടക്കും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

“ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന, കുടുംബങ്ങളും കൂട്ടുകാരും യുവജനങ്ങളും, സഹപ്രവർത്തകരും വിദ്യാർത്ഥികളുമെല്ലാം ഒരു പോലെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. ഈ സീസണിൽ കേരളത്തിലെത്തുന്നവരും പങ്കുചേരേണ്ട ആഘോഷവും കൂടിയാണ് ഓണം. 30 ഓളം വിഭവങ്ങളുള്ള സദ്യ തന്നെയാണ് ഈ ആഘോഷത്തിന്റെ പ്രധാന സവിശേഷത. വ്യത്യസ്തരായ വ്യക്തികൾ ചേർന്ന് സദ്യയ്ക്കായി വ്യത്യസ്ത വിഭവങ്ങൾ ഒരുക്കുന്നതാണ് ഞങ്ങളുടെ പുതിയ പരസ്യ ചിത്രം. ഉപഭോക്തൃ കേന്ദ്രീകൃതമായ സേവനങ്ങളിലൂടെ ബന്ധങ്ങൾക്ക് കരുത്തു പകരുക എന്ന ഫെഡറൽ ബാങ്കിന്റെ നയത്തെ ഈ സദ്യ പ്രതീകവൽക്കരിക്കുന്നു. സാംസ്കാരിക പാരമ്പര്യത്തെ ബാങ്ക് എത്രത്തോളം ഉൾക്കൊള്ളുന്നുവെന്നും, ഡിജിറ്റലായ ഈ കാലത്തും ബന്ധങ്ങൾ എത്രത്തോളം ആഴത്തിലുള്ളതാണെന്നും വ്യക്തമാക്കുന്നതാണ് ഈ സദ്യ,” ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിങ് ഒഫീസർ എം. വി. എസ്. മൂർത്തി പറഞ്ഞു.
Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *