ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും : മന്ത്രി വീണാ ജോര്‍ജ്

Spread the love

തിരുവനന്തപുരം :  ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അധികമായെത്തുന്ന പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായാണ് പരിശോധന നടത്തുന്നത്. ക്ഷീര വികസന വകുപ്പുമായി സഹകരിച്ചാണ് പരിശോധന. ഇതിനായി കുമളി, പാറശാല, ആര്യന്‍കാവ്, മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു. മുഴുവന്‍ സമയവും ഉദ്യോഗസ്ഥരുടെ സേവന മുണ്ടാകും. ഈ മാസം 28 വരെ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

മൊബൈല്‍ ലാബുകളടക്കം ചെക്ക് പോസ്റ്റുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയുമായി ചെക്ക്‌പോസ്റ്റുകള്‍ വഴി കടന്നുവരുന്ന വാഹനങ്ങള്‍ പരിശോധന നടത്തും. ടാങ്കറുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് മൊബൈല്‍ ലാബുകളില്‍ പരിശോധന നടത്തുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ സാമ്പിളുകള്‍ വകുപ്പിന്റെ എന്‍.എ.ബി.എല്‍ ലാബില്‍ വിശദ പരിശോധനക്കായി കൈമാറും. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. കുറ്റക്കാര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടികള്‍ സ്വീകരിക്കും. ഇതോടൊപ്പം ചെക്ക് പോസ്റ്റുകള്‍ വഴി കടന്നുവരുന്ന പഴം, പച്ചക്കറി, മത്സ്യം, മാംസം, സസ്യ എണ്ണകള്‍ എന്നിവയുടെ സാമ്പിളുകളും പരിശോധനക്കായി ശേഖരിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *