മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ എണ്ണിപ്പറഞ്ഞത് ഉമ്മന്‍ചാണ്ടിയുടെ നേട്ടങ്ങള്‍ : കെ.സുധാകരന്‍

Spread the love

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളാക്കി പുതുപ്പള്ളിയില്‍ നിന്ന് എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് ഒരക്ഷരം പോലും പറയാന്‍ ഇല്ലായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.മുഖ്യമന്ത്രി മറുപടി പറയുമെന്ന് കേരളം പ്രതീക്ഷിച്ചിരുന്ന അനേകം ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയും ചെയ്തു.


മുഖ്യമന്ത്രി തന്റേതാക്കാന്‍ ശ്രമിക്കുന്ന കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, മലയോര ഹൈവെ തുടങ്ങിയവയെല്ലാം ഉമ്മന്‍ ചാണ്ടിയുടെ ഭരണ നേട്ടങ്ങളാണെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അവയൊന്നും സ്വന്തമാക്കാന്‍ പിണറായി വിജയന് സാധിക്കില്ല. ഗെയില്‍ പദ്ധതി,ദേശീയപാതാ തുടങ്ങിയവയ്‌ക്കെതിരെ സിപിഎംപ്രക്ഷോഭം നടത്തി തടസ്സപ്പെടുത്തിയില്ലായിരുന്നെങ്കില്‍ അതും ഉമ്മന്‍ചാണ്ടിയുടെ ഭരണ നേട്ടത്തില്‍ ഉള്‍പ്പെടുമായിരുന്നു. വികസനകാര്യത്തില്‍ പുതുപ്പള്ളി മറ്റൊരു മണ്ഡലത്തിനും പുറകിലല്ല; മറ്റു മണ്ഡലങ്ങളെക്കാളും മുകളിലുമാണ്.

പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഭരണം കേരളത്തെ വന്‍ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഇത് വറുതിയുടെയും വേദനയുടെയും ഓണമാണ്. കടുത്ത സാമ്പത്തിക ബുദ്ധുമുട്ടിലൂടെ കടന്ന് പോകുന്ന സാധാരണക്കാര്‍ക്ക് റേഷന്‍കടകളില്‍ നിന്നോ സപ്ലൈകോ ഉള്‍പ്പെടെയുള്ള ന്യായവില സ്റ്റോറുകളില്‍ നിന്നോ അവശ്യസാധനങ്ങള്‍ ലഭിക്കുന്നില്ല. പ്രളയകാലത്തും കോവിഡ് കാലത്തും ഉണ്ടായതിനേക്കാള്‍ വലിയ ദുരിതമാണ് ഈ ഓണക്കാലത്ത് ഓരോ മലയാളിക്കും സംഭവിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് എല്ലാമാസവും മുടങ്ങാതെ ശമ്പളം നല്‍കണമെന്ന് പറഞ്ഞ് ഹൈക്കോടതി പോലും നാണം കെട്ടിരിക്കുകയാണ്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ അനധികൃതമായി നിയമിക്കപ്പെട്ട വൈസ് ചാന്‍സിലര്‍ പിജി ഇംഗ്ലീഷിലെ പാഠ്യപദ്ധതിയില്‍ കെ.കെ.ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തി വീണ്ടും വിധേയത്വം കാട്ടിയിരിക്കുകയാണ്. പാഠ്യപദ്ധതിയില്‍ സംഘപരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാരും പിണറായി സര്‍ക്കാരും തമ്മില്‍ എന്താണ് വ്യത്യാസം? ഇതും ഭരണ നേട്ടമായി പിണറായി വിജയന് പ്രസംഗിക്കാവുന്നതാണെന്ന് സുധാകരന്‍ പരിഹസിച്ചു.

കരിവന്നൂര്‍ സഹകരണ ബാങ്കിലെ 300 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി എ.സി.മൊയ്ദീന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ കോടികളുടെ പണമിടപാട് കേരളത്തെ ഞെട്ടിച്ചു. മുന്‍ ഇടതു മന്ത്രിമാരും ഇപ്പോഴുള്ളവരും ഇത്തരം ആരോപണങ്ങളുടെ മുള്‍മുനയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൈതോലപ്പായയും മാസപ്പടിയും എഐ ക്യാമറ ഇടപാടും സ്വര്‍ണ്ണക്കടത്തും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്.ഇതേക്കുറിച്ചോ സഹപ്രവര്‍ത്തകരുടെ തട്ടിപ്പുകളെക്കുറിച്ചോ ഒരക്ഷരം പറയാനുള്ള ത്രാണി മുഖ്യമന്ത്രിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

 

Author

Leave a Reply

Your email address will not be published. Required fields are marked *