സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്രം നിര്‍ദ്ദേശിച്ചതില്‍ നിന്നും വ്യത്യസ്തമായി ചെലവുകുറച്ച് പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ടോട്ടെക്സ് മാതൃക ഒഴിവാക്കും.
സ്മാര്‍ട്ട് മീറ്ററിന്‍റെ വില, ഹെഡ് എന്‍ഡ് സിസ്റ്റം, മീറ്റര്‍ ഡാറ്റാ മാനേജ്മെന്‍റ്, കമ്മ്യൂണിക്കേഷന്‍ സിസ്റ്റം, ക്ലൗഡ് സ്റ്റോറേജ് ചാര്‍ജ്ജുകള്‍, മറ്റ് സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗിനും സൈബര്‍ സെക്യൂരിറ്റിക്കുമുള്ള ചാര്‍ജ്ജുകള്‍, 93 മാസത്തേക്കുള്ള ഓപ്പറേഷന്‍ ആന്‍റ് മെയ്ന്‍റനന്‍സ് ചാര്‍ജ്ജുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ടോട്ടെക്സ് മാതൃക. ഇതിനായി ചെലവഴിക്കുന്ന തുക 93 പ്രതിമാസ തവണകളായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിശ്ചിത കാലയളവില്‍ പരിപാലനവും പ്രവര്‍ത്തനവും ഏജന്‍സിയെ ഏല്‍പ്പിക്കുന്ന ഈ മാതൃക നടപ്പാക്കുന്നതിനോട് സംസ്ഥാനത്തെ തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ വിയോജിച്ചിരുന്നു.പുതിയ സംവിധാനത്തില്‍ ബില്ലിംഗ്, അനുബന്ധ സേവനങ്ങള്‍ എന്നിവയ്ക്കുള്ള സോഫ്റ്റ് വെയര്‍ കെഎസ്ഇബിതന്നെ രുപപ്പെടുത്തും. കെ-ഫോണ്‍ വന്നതോടെ കെഎസ്ഇബിക്ക് സൗജന്യമായി നല്‍കിയ ഫൈബര്‍ ഒപ്റ്റിക്ക് കേബിള്‍ ഉപയോഗിച്ച് വിവര വിനിമയം നടത്തും. കെഎസ്ഇബി ഡാറ്റ സെനർ ഉപയോഗിച്ച് ഡാറ്റ സ്റ്റോറേജും നടത്താവുന്നതാണ്. പഴയ മീറ്റര്‍ മാറ്റി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്ന ജോലി കെഎസ്ഇബി ജീവനക്കാര്‍ തന്നെ നടത്തും.കെഎസ്ഇബിയുടെ നിലവിലുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിക്കില്ല. ആദ്യഘട്ടം എന്ന നിലയില്‍ വ്യവസായ-വാണിജ്യ ഉപയോക്താക്കള്‍ക്കാണ് സംവിധാനം ഏര്‍പ്പെടുത്തുക. മൂന്ന് ലക്ഷത്തില്‍ താഴെ പേരെയാണ് ഈ സംവിധാനത്തിന്‍റെ ഭാഗമാക്കുക.സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും കെഎസ്ഇബിക്ക് ലഭിക്കാനുള്ള കുടിശ്ശിക ഈ വര്‍ഷം ഡിസംബറിനുള്ളില്‍ നല്‍കാനാകുമോ എന്നകാര്യം ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുമായി ആലോചിച്ച് തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, കെഎസ്ഇബി ചെയര്‍മാന്‍ രാജന്‍ ഖൊബ്രഗഡെ, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.