ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കുന്നതുള്‍പ്പെടെ സുരക്ഷിത ഓണക്കാലത്തിനായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് ജില്ല കലക്ടര്‍ അഫ്സാന പര്‍വീണ്‍. കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. ലഹരി ഉപയോഗം തടയുന്നതിനായി എക്‌സ്സൈസ് പോലീസ് വകുപ്പുകളോടൊപ്പം റെയില്‍വേ ഫോറസ്‌ററ് വകുപ്പുകളുടെ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കണമെന്നും പരിശോധനകള്‍ കര്‍ശനമാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.പുനലൂര്‍ താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്ന് എം എല്‍ എ പി എസ് സുപാല്‍ ആവശ്യപ്പെട്ടു. അതിര്‍ത്തി പ്രദേശങ്ങളില്‍ ഓണക്കാലത്തെ ഭക്ഷ്യസുരക്ഷാ പരിശോധനയും ലഹരി ഉപയോഗം തടയുന്നതിനുള്ള പ്രവര്‍ത്തങ്ങളും കൂടുതല്‍ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിര്‍ദിഷ്ട വാട്ടര്‍ മെട്രോ സര്‍വീസ് പടിഞ്ഞാറേ കല്ലട – കടപുഴ വരെ നീട്ടണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി യുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.ഓട്ടോ ടാക്‌സി മീറ്ററിന്റെ പ്രവര്‍ത്തന കാര്യക്ഷമത ഉറപ്പാക്കണമെന്ന് എം കെ പ്രേമചന്ദ്രന്‍ എം പി യുടെ പ്രതിനിധി കെ എസ് വേണുഗോപാല്‍ നിര്‍ദേശിച്ചു. ശ്രീനാരായണ ട്രോഫി വള്ളം കളിക്ക് കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കാന്‍ പൊലീസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കണം എന്ന് സി ആര്‍ മഹേഷ് എം എല്‍ എയുടെ പ്രതിനിധി നിര്‍ദേശിച്ചു. ജല ജീവന്‍ പദ്ധതി പ്രകാരം കുടിവെള്ള കണക്ഷന്‍ നല്‍കിയ കുടുംബങ്ങള്‍ക്ക് ബില്ല് ലഭ്യമാക്കുന്നതിനുള്ള നടപടികളും പൊതുമരാമത്തു വകുപ്പിന് കീഴില്‍ ഉള്ള എല്ലാ റോഡുകളുടെയും അറ്റകുറ്റപണികള്‍ നടത്തുന്നതിനും വേണ്ടിയുള്ള നടപടികള്‍ നടപ്പാക്കണമെന്ന് എം എല്‍ എ കെ ബി ഗണേഷ് കുമാറിന്റെ പ്രതിനിധി ആവശ്യം ഉന്നയിച്ചു. ജില്ലയിലെ 96 വില്ലേജുകള്‍ ഓ ഡി എഫ് പ്ലസ് കാറ്റഗറി ആയി പ്രഖ്യാപനം നടത്തിയതായി ജില്ല ശുചിത്വമിഷന്‍ അറിയിച്ചു.റൂറല്‍ എസ് പി സുനില്‍ , ജില്ല പ്ലാനിംഗ് ഓഫീസര്‍ പി ജെ ആമിന, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.