ആസിയാന്‍ കരാര്‍ നഷ്ടക്കച്ചവടം; ഇന്ത്യ പിന്മാറണം : അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Spread the love

കോട്ടയം: ആസിയാന്‍ കരാര്‍ ഇന്ത്യയ്ക്ക് നഷ്ടക്കച്ചവടമായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുമ്പോള്‍ ഇന്ത്യ ഈ നികുതിരഹിത സ്വതന്ത്ര വ്യാപാരക്കരാറില്‍ നിന്ന് പിന്മാറണമെന്ന് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യൻ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്ത്യയുടെ കാര്‍ഷിക സമ്പദ്ഘടനയ്ക്ക് കനത്ത പ്രഹരമാണ് ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ഏല്പിച്ചുകൊണ്ടിരിക്കുന്നത്. 1989ല്‍ വി.പി.സിംഗ് സര്‍ക്കാര്‍ തുടങ്ങിവെച്ച ലുക്ക് ഈസ്റ്റ് പോളിസിയിലൂടെ 2009ല്‍ വ്യാപാരക്കരാറായി നികുതിരഹിത ഇറക്കുമതിക്കായി മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഇന്ത്യയെ ആസിയാന്‍ രാജ്യങ്ങള്‍ക്ക് തുറന്നുകൊടുത്തു. ഇതിന്റെ പ്രത്യാഘാതമാണ് റബര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ കാര്‍ഷികമേഖല നേരിടുന്ന വന്‍ പ്രതിസന്ധികളുടെ പ്രധാന കാരണമെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചേ പറ്റൂ. റബര്‍ വിപണിയുടെ തകര്‍ച്ചയുടെ പേരില്‍ കേരളത്തില്‍ മുറവിളി കൂട്ടുന്നവരും കർഷക സംരക്ഷകരെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നവരും ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള അനിയന്ത്രിതവും നികുതി രഹിതവുമായ റബര്‍ ഉൾപ്പെടെ കാർഷികോൽപന്ന ഇറക്കുമതിക്ക് കടിഞ്ഞാണിടുവാന്‍ ശ്രമിക്കാത്തത് കര്‍ഷക ദ്രോഹമാണ്.

2009ല്‍ ഒപ്പിട്ട് 2010 ജനുവരിയില്‍ നടപ്പിലായ ആസിയാന്‍ ചരക്ക് ഇറക്കുമതി കരാറിന്റെയും, 2014 ല്‍ ഒപ്പിട്ട ആസിയാൻ സര്‍വീസ് കരാറിന്റെയും 2015ലെ ആസിയാന-ഇന്ത്യ നിക്ഷേപക്കരാറിന്റെയും ബാക്കി പത്രമായി അനിയന്ത്രിതവും നികുതി രഹിതവുമായ ഇറക്കുമതിയാണ് ഇന്ത്യയുടെ ആഭ്യന്തര വിപണി നേരിടുന്നത്. 2009-10 ലെ 25.8 ബില്യന്‍ ഡോളറില്‍ നിന്ന് ആസിയാന്‍ ഇറക്കുമതി 2022-23ല്‍ 87.57 ബില്യന്‍ ഡോളറായി കുതിച്ചു. കയറ്റുമതിയാകട്ടെ 18.11 ബില്യന്‍ ഡോളറില്‍ നിന്ന് 44 ബില്യന്‍ ഡോളറില്‍ ഒതുങ്ങി. വ്യാപാരക്കമ്മിയാകട്ടെ 2010-11 ലെ വെറും 5 ബില്യന്‍ ഡോളറില്‍ നിന്ന് 43.57 ബില്യന്‍ ഡോളറായി ആസിയാന്‍ രാജ്യങ്ങള്‍ക്ക് നേട്ടമുണ്ടാക്കി. ഇതിനര്‍ത്ഥം ആസിയാന്‍ കരാറിലൂടെ വന്‍ ഇറക്കുമതി കേന്ദ്രമായി ഇന്ത്യ മാറുകയും ഇന്ത്യയുടെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തുവെന്നാണ്. 2023 സെപ്തംബര്‍ 6ന് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ആരംഭിക്കുന്ന കിഴക്കന്‍ ഏഷ്യ ഉച്ചകോടിയിലും ആസിയാന്‍ മീ്റ്റിംഗിലും ആസിയാന്‍ കരാറിനെക്കുറിച്ചുള്ള പുനരവലോകനം മാത്രമല്ല ഇന്ത്യയിലെ കര്‍ഷകരുടെ സംരക്ഷണത്തിനായി കരാറില്‍ നിന്നു ഒന്നടങ്കം പിന്മാറുവാനും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ നിരത്തി തയ്യാറാകണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *