സർക്കാരിന്റേത് എല്ലാവരെയും ഒരുപോലെ കണ്ടുകൊണ്ടുള്ള പ്രവർത്തനം : മുഖ്യമന്ത്രി

Spread the love

സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒരേ പരിഗണനയോടെ കണ്ട് നല്ല ഒരു നാളെ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനുഷരെല്ലാം ഒന്നുപോലെ എന്ന ഓണ സങ്കല്പം യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണം വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് നിശാഗന്ധിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കുറച്ചു ദിവസങ്ങൾക്കു മുൻപ് സംസ്ഥാനത്ത് ഓണം നല്ല നിലയിൽ ആഘോഷിക്കാൻ സാധിക്കുമോ എന്ന ആശങ്ക ചിലർ പ്രചരിപ്പിച്ചിരുന്നു. ആ പ്രചാരണം തികച്ചും തെറ്റാണ് എന്ന് ഇപ്പോൾ തെളിഞ്ഞു. സംസ്ഥാനത്തെ റോഡുകളും തെരുവുകളും പട്ടണ പ്രദേശങ്ങളും ഓണം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ഇത്തരം പൊളി വചനങ്ങൾ പ്രചരിപ്പിക്കുന്നവരെ ജാഗ്രതയോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് പലയിടങ്ങളിലും നമ്മുടെ രാജ്യത്തും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വലിയതോതിൽ കൂടുകയാണ്. എന്നാൽ സംസ്ഥാനത്ത് ആ അന്തരം നല്ല രീതിയിൽ കുറയ്ക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ഓണക്കാലത്ത് എല്ലാ വിഭാഗം ജനങ്ങൾക്കും സർക്കാർ പിന്തുണ നൽകി. വരുമാനം പലവിധത്തിൽ നിലച്ചു പോയവരെ കണക്കിലെടുത്ത് അവർക്ക് സഹായം നൽകി.60 ലക്ഷം പേർക്ക് സാമൂഹ്യ പെൻഷൻ വിതരണം ചെയ്തു വരുന്നു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം ഏറെ മെച്ചപ്പെട്ടു. വിദൂര ഗ്രാമങ്ങളിൽ പോലും മികവാർന്ന വിദ്യാഭ്യാസം ലഭ്യമായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി ഉണ്ടാക്കിയ ഈ നേട്ടം ദേശീയതലത്തിൽ നിരന്തരം സംസ്ഥാനത്തിന് അംഗീകാരം നേടിത്തരികയാണ്.
നവകേരളം സൃഷ്ടിക്കാനുള്ള പ്രയത്നത്തിലാണ് സർക്കാർ. 25 വർഷത്തെ പ്രയത്നം വഴി ഇത് യാഥാർത്ഥ്യമാക്കാൻ ആണ് ശ്രമം. ലോകത്തെ വികസിത മധ്യ വരുമാന രാജ്യങ്ങളിലെ നിലവാരത്തിന് സമാനമായി കേരള ജനതയുടെ ജീവിത നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. കേരളത്തിന്റെ ഒരുമയ്ക്ക് കാരണം നമ്മുടെ മതനിരപേക്ഷ ബോധം ആണെന്നും ഇത് മുറുകെ പിടിക്കാൻ നാമെല്ലാവരും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *