ചന്ദ്രയാന്‍ ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ച് നെസ്റ്റ് ഗ്രൂപ്പ് കമ്പനിയായ എസ്.എഫ്.ഒ ടെക്‌നോളജീസ്

Spread the love

കൊച്ചി: രാജ്യത്തിന് അഭിമാനമായ ചന്ദ്രയാന്‍ ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിച്ച് നെസ്റ്റ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ എസ്.എഫ്.ഒ ടെക്‌നോളജീസ്. എല്‍.വി.എം3-എം4 ചന്ദ്രയാന്റെ ഒമ്പത് നിര്‍ണ്ണായക ആര്‍.എഫ് പാക്കേജുകളാണ് എസ്.എഫ്.ഒ ടെക്‌നോളജീസ് നിര്‍മ്മിച്ച് നല്‍കിയത്.

റിയല്‍ ടൈം ഫ്‌ളൈറ്റ് ആപ്ലിക്കേഷനുകള്‍ക്കായി ട്രാക്കിങ്, ടെലിമെട്രി, ടെലി-കമാന്‍ഡ് എന്നിവയ്ക്കായുള്ള തന്ത്രപരവും നിര്‍ണായകവുമായ ഓണ്‍ബോര്‍ഡ് പാക്കേജുകളാണ് ആര്‍.എഫ് സിസ്റ്റങ്ങള്‍. എല്‍.വി.എം3-എം4 ചന്ദ്രയാനിലെ ആറ് ടെലി-കമാന്റ് റിസീവറുകള്‍, രണ്ട് എസ്-ബാന്‍ഡ് ട്രാന്‍സ്മിറ്ററുകള്‍, ഒരു സി-ബാന്‍ഡ് ട്രാന്‍സ്‌പോണ്ടര്‍ എന്നിവ അടങ്ങുന്ന ആര്‍.എഫ് പാക്കേജുകളാണ് എസ്.എഫ്.ഒ നിര്‍മ്മിച്ചത്. ചന്ദ്രയാന്‍ ദൗത്യത്തില്‍ നിര്‍ണ്ണായക പങ്കുകളാണ് ഈ ആര്‍.എഫ് പാക്കേജുകള്‍ നിര്‍വ്വഹിച്ചത്.

സി ബാന്‍ഡ് ട്രാന്‍സ്‌പോണ്ടര്‍ (സി.ബി.ടി)

ഫ്‌ളൈറ്റ് സമയത്ത് ലോഞ്ച് വെഹിക്കിളിന്റെ തല്‍ക്ഷണ സ്ഥാനം കണ്‍ട്രോള്‍ റൂമില്‍ നല്‍കുന്നതിനായി, സി.ബി.ടി ഗ്രൗണ്ട് റഡാറുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സി.ബി.ടിയില്‍ ഉയര്‍ന്ന പള്‍സ്ഡ് ട്രാന്‍സ് മീറ്ററും, ഒരൊറ്റ പാക്കേജില്‍ സംയോജിപ്പിച്ച ഉയര്‍ന്ന സെന്‍സിറ്റീവ് റിസീവറും അടങ്ങിയിരിക്കുന്നു. ഈ സംവിധാനം എല്‍.വി.എം3-എം4 ന്റെ എക്യുപ്‌മെന്റ് ബേയിലാണ് (ഇ.ബി) സ്ഥിതിചെയ്യുന്നത്. ഒന്നിലധികം കമാന്റുകളോട് പ്രതികരിക്കാനുള്ള ഇവയുടെ കഴിവ്, അനധികൃത കമാന്റുകളില്‍നിന്നും റോക്കറ്റിന് സംരക്ഷണമൊരുക്കുന്നു. ഇവ ഗ്രൗണ്ട് റഡാറുകളെ സമന്വയിപ്പിക്കുകവഴി ബന്ധപ്പെട്ട റഡാറുകള്‍ക്ക് ട്രാന്‍സ്‌പോണ്ടര്‍ ഓണ്‍ ബോര്‍ഡ് മറുപടി നല്‍കുകയും ചെയ്യുന്നു. സി ബാന്‍ഡ് 4-8GHz ശ്രേണിയിലാണ് സി.ബി.ടി പ്രവര്‍ത്തിക്കുന്നത്.

എസ് ബാന്‍ഡ് ട്രാന്‍സ്മിറ്റര്‍ (എസ്.ബി.ടി)

റോക്കറ്റിന്റെ പ്രകടന വിശകലനത്തിനും തത്സമയ തീരുമാനങ്ങള്‍ എടുക്കുന്നതിനും റോക്കറ്റിന്റെ വെഹിക്ക്ള്‍-ഹെല്‍ത്ത് പാരാമീറ്ററുകളുടെ അളവും നിരീക്ഷണവും പരമ പ്രധാനമാണ്. പ്രോഗ്രാം ചെയ്യാവുന്ന എസ് ബാന്‍ഡ് ട്രാന്‍സ്മിറ്റര്‍, ഡാറ്റയുടെ വിശകലനത്തിനായി വിവിധ തന്ത്രപ്രധാനമായ ഗ്രൗണ്ട് സ്റ്റേഷനുകളിലേയ്ക്ക് തടസ്സമില്ലാതെ തത്സമയം ഫ്‌ളൈറ്റ് ഡാറ്റ കൈമാറുന്നു. മികച്ച ബിറ്റ് എറര്‍ പ്രകടനത്തോടെ സെക്കന്റില്‍ രണ്ട് മെഗാബിറ്റ് ഡാറ്റ കൈമാറാനുള്ള ശേഷി എസ്.ബി.ടിയെ ഏത് ബഹിരാകാശ ദൗത്യങ്ങളുടെയും ഭാഗമാക്കിമാറ്റുന്നു.

ടെലി-കമാന്‍ഡ് റിസീവര്‍

ബില്‍റ്റ് ഇന്‍ പരിരക്ഷയും സ്പുരിയസ് ഫ്രീ പ്രവര്‍ത്തനവുമുള്ള അത്യാധുനിക റിസീവറാണ് ടെലി-കമാന്‍ഡ് റിസീവര്‍. ടെലി കമാന്‍ഡ് ഗ്രൗണ്ട് സ്റ്റേഷനുകളില്‍നിന്നും കമാന്‍ഡുകള്‍ നിര്‍വ്വഹിക്കുന്ന കമാന്‍ഡ് ഡീകോഡറുമായുള്ള ഇന്റര്‍ഫേസുകളില്‍നിന്നും ഇതിന് അപ് ലിങ്ക് കമാന്‍ഡുകള്‍ ലഭിക്കുന്നു. റേഞ്ച് സേഫ്റ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമാണിത്.

വെല്ലുവിളികള്‍ നിറഞ്ഞ ചന്ദ്രയാന്‍ ബഹിരാകാശ ദൗത്യത്തില്‍ എസ്.എഫ്.ഒ-ഐ.എസ്.ആര്‍.ഒ പങ്കാളിത്തം ഒരു എളിയ തുടക്കം മാത്രമാണെന്ന് നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ജഹാംഗീര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് ലോകത്തിന് മുന്നില്‍ കൂടുതല്‍ ബഹുമതികള്‍ നേടിയെടുക്കാന്‍ സാധിക്കുന്ന വിദൂരമല്ലാത്ത ബഹിരാകാശ ദൗത്യങ്ങളില്‍ ഐ.എസ്.ആര്‍.ഒയുമായി ഉത്സാഹത്തോടെ സഹകരിക്കാന്‍ എസ്.എഫ്.ഒ എല്ലായിപ്പോഴും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ചിത്രത്തില്‍: രാജ്യത്തിന് അഭിമാനമായ ചന്ദ്രയാന്‍ ദൗത്യത്തില്‍ എസ്.എഫ്.ഒ ടെക്നോളജീസ് നിര്‍മ്മിച്ചുനല്‍കിയ ആര്‍.എഫ് പാക്കേജുകള്‍, എല്‍.വി.എം3-എം4 ചന്ദ്രയാനില്‍ പ്രവര്‍ത്തിക്കുന്ന രീതി.

വാര്‍ത്ത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും- 98470 14495 (തോമസ് എബ്രഹാം) എന്ന നമ്പരില്‍ ബന്ധപ്പെടുക.

Harshakumar P
Crystal PR

Author

Leave a Reply

Your email address will not be published. Required fields are marked *