തൊഴിലരങ്ങത്തേക്ക് പദ്ധതിക്ക് തുടക്കമായി.
2026 ഓടെ 20 ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ, വനിതാ ശിശുക്ഷേമ മന്ത്രി വീണ ജോർജ് പറഞ്ഞു. തൊഴിലരങ്ങത്തേക്ക് എന്ന അഭ്യസ്ത വിദ്യരായ സ്ത്രീകൾക്കുള്ള തൊഴിൽ പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിലുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണ് തൊഴിലരങ്ങത്തേക്ക് എന്ന പദ്ധതി. സ്ത്രീശാക്തീകരണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് സാമ്പത്തിക ശാക്തീകരണം. സാമ്പത്തിക ശാക്തികരണം സാധ്യമാകുന്നത് തൊഴിൽ ഉറപ്പാക്കി, സാമ്പത്തികമായ സ്വാതന്ത്ര്യം നേടുന്നതിലൂടെയാണ്. ഉയർന്ന വിദ്യാഭ്യാസമുള്ള ആളുകൾ ധാരാളമായുഉള്ള സംസ്ഥാനമെന്ന നിലയിൽ ആഗോളതലത്തിൽ തന്നെ കേരളത്തിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് വലിയ സ്വീകാര്യതയാണ്.
തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളിൽ നടന്ന പരിപാടിയിൽ വി കെ പ്രശാന്ത് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. വനിത വികസന കോർപ്പറേഷൻ എം ഡി ബിന്ദു വി സി, കെ കെ ഇ എം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സി മധുസൂദനൻ , കുടുംബശ്രീ മിഷൻ ജില്ല കോർഡിനേറ്റർ ഡോ. ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല സ്വാഗതവും കുടുംബശ്രീ സ്റ്റേറ്റ് പോഗ്രാം മാനേജർ സാബു ബി നന്ദിയും അറിയിച്ചു.