ആശുപത്രികളില്‍ ഇനി സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനവും : മന്ത്രി വീണാ ജോര്‍ജ്

Spread the love

ഘട്ടംഘട്ടമായി എല്ലാ മെഡിക്കല്‍ കോളേജുകളിലും വ്യാപിപ്പിക്കും.

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എം.എസ്.ഡബ്ല്യു./ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ബിരുദമുള്ളവരുടെ സേവനമാണ് ലഭ്യമാക്കുന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് നടപടി. അത്യാഹിത വിഭാഗത്തില്‍ സമയബന്ധിതമായി മികച്ച ചികിത്സ നല്‍കുന്നതോടൊപ്പം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സഹായകരമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും പ്രധാനമാണ്. ജനങ്ങള്‍ക്ക് സഹായകരമാകുന്ന പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവരുടെ സേവനം വിനിയോഗിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളേജുകളില്‍ ജനസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, ചികിത്സയുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കി വരുന്നത്. രോഗികളുമായും കൂട്ടിരിപ്പുകാരുമായും സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കണ്‍ട്രോള്‍ റൂമും പി.ആര്‍.ഒ. സേവനവും ലഭ്യമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ഉന്നതതല യോഗത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു.

മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാര്‍, നഴ്സിംഗ്, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരടങ്ങുന്ന മള്‍ട്ടി ഡിസിപ്ലിനറി ടീമില്‍ ഒരംഗമായി ഇവര്‍ പ്രവര്‍ത്തിക്കണം. രോഗികളെയും കുടുംബാംഗങ്ങളെയും മറ്റ് ടീമംഗങ്ങളെയും ഏകോപിപ്പിക്കുകയും സഹായിക്കുകയും ചെയ്യണം. രോഗിക്കും കുടുംബത്തിനും അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ രോഗാവസ്ഥ പറഞ്ഞ് കൊടുക്കണം. രോഗികള്‍ക്ക് സഹായകമായ സര്‍ക്കാര്‍ സ്‌കീമുകളെക്കുറിച്ച് മനസിലാക്കിക്കൊടുക്കുകയും സഹായിക്കുകയും വേണം. ഇതോടൊപ്പം ഡിസ്ചാര്‍ജിലും ബാക്ക് റഫറലിലും ഡോക്ടറെ സഹായിക്കുകയും വേണം.

വിവിധ കോളേജുകളില്‍ നിന്നുള്ള എം.എസ്.ഡബ്ല്യുക്കാര്‍ക്ക് ഇന്റേണല്‍ഷിപ്പിന്റെ ഭാഗമായി മെഡിക്കല്‍ കോളേജുകളില്‍ പരിശീലനം നല്‍കും. ഇതിന്റെ ഭാഗമായി തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ വിവിധ കോളേജുകളില്‍ നിന്നുള്ള 15 എം.എസ്.ഡബ്ല്യുക്കാര്‍ക്ക് വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്‍കി. അവര്‍ പഠിച്ച കാര്യങ്ങള്‍ ആശുപത്രി അന്തരീക്ഷത്തില്‍ ഫലപ്രദമായി വിനിയോഗിക്കാനുള്ള പരിശീലനമാണ് നല്‍കുന്നത്.

സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ഘട്ടംഘട്ടമായി സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും വ്യാപിപ്പിക്കുന്നതാണ്. തിരുവനന്തപുരത്തിന് പുറമേ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കി വരുന്ന ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം മെഡിക്കല്‍ കോളേജുകളില്‍ ആദ്യഘട്ടമായി സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാക്കും. തുടര്‍ന്ന് മറ്റ് മെഡിക്കല്‍ കോളേജുകളിലും നടപ്പിലാക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *