ഉമ്മന്‍ ചാണ്ടിയെ കുടുക്കാനുള്ള ക്രിമിനല്‍ ഗൂഡാലോചനയിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍ – പ്രതിപക്ഷ നേതാവ്

Spread the love

അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം (11/09/2023).

തിരുവനന്തപുരം : യേശുവിനെ ക്രൂശിക്കാന്‍ പടയാളികള്‍ക്കും ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുത്ത ശേഷം പീലാത്തോസ് കൈകഴുകിക്കൊണ്ട് പറഞ്ഞത്, ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് ഒരു പങ്കുമില്ലെന്നാണ്. ഭരണകക്ഷി അംഗങ്ങള്‍ സംസാരിച്ചപ്പോഴും പീലാത്തോസിനെയാണ് ഓര്‍മ്മ വന്നത്. ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാന്‍ ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയതവര്‍ ഇപ്പോള്‍ നിയമസഭയില്‍ വന്ന് പറയന്നത് അദ്ദേഹം നീതിമാനായിരുന്നെന്നും ആ നീതിമാന്റെ രക്തത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്നുമാണ്.

2021-ലെ തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പരാതിക്കാരിയുടെ കയ്യില്‍ നിന്നും പരാതി എഴുതി വാങ്ങി ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട

കേസന്വേഷണം സി.ബി.ഐക്ക് വിട്ടു. ഞങ്ങളുടെ ആരോപണം മുഖ്യമന്ത്രിക്ക് നേരെയാണ്. ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് സി.ബി.ഐ കണ്ടെത്തിയതും അടിയന്തിര പ്രമേയത്തിലൂടെ ഷാഫി പറമ്പില്‍ നിയമസഭയില്‍ ഉന്നയിച്ചതും. 2016-ല്‍ അധികാരത്തില്‍ വന്ന് മൂന്നാമത്തെ ദിവസം മുഖ്യമന്ത്രി ഇടനിലക്കാരനായ ദല്ലാള്‍ നന്ദകുമാറിനൊപ്പം പരാതിക്കാരിയെ കണ്ടെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. നന്ദകുമാര്‍ 50 ലക്ഷം രൂപ നല്‍കിയാണ് പരാതിക്കാരി ജയിലില്‍ നിന്നെഴുതിയ കത്ത് വാങ്ങിയത്. ഈ കത്തിനെക്കുറിച്ച് പൊലീസ് സംഘങ്ങള്‍ മാറി മാറി അന്വേഷിച്ചിട്ടും ഒരാള്‍ക്കെതിരെ പോലും തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് പരാതി എഴുതി വാങ്ങി സി.ബി.ഐക്ക് വിടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.

പരാതിക്കാരി ആവശ്യപ്പെട്ടതു കൊണ്ടാണ് സി.ബി.ഐക്ക് വിട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 21 പേജായിരുന്ന കത്ത് പിന്നീട് 19 പേജായി മാറി. പിന്നീട് ചാനലിന് നല്‍കിയപ്പോള്‍ 25 പേജായി. പരാതിക്കാരി പിന്നീട് പറഞ്ഞത് 30 പേജെന്നാണ്. പക്ഷെ നാല് പേജ് കത്ത് മാത്രമാണ് കോടതിയില്‍ ഹാജരാക്കിയത്. പണം വാങ്ങി രാഷ്ട്രീയ

എതിരാളികള്‍ക്കെതിരെ കത്തെഴുതിക്കൊടുക്കുകയായിരുന്നു. കത്ത് സംഘടിപ്പിക്കാന്‍ ആരാണ് ദല്ലാള്‍ നന്ദകുമാറിന് പണം നല്‍കിയത്? പണം നല്‍കിയത് നിങ്ങളാണ്. രാഷ്ട്രീയ എതിരാളികളെ ജനങ്ങള്‍ക്ക് മുന്നില്‍ അപമാനിക്കുന്നതിന് വേണ്ടി പണം നല്‍കി വ്യാജ നിര്‍മ്മിതിയായ കത്ത് വാങ്ങി അഞ്ച് വര്‍ഷം അന്വേഷണം നടത്തിയിട്ടും തെളിവ് കിട്ടാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പായപ്പോള്‍ സി.ബി.ഐക്ക് വിട്ടു.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവഞ്ചൂരിന്റെ കാലത്ത് 33 കേസുകളെടുത്തു. മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണ് കേസുകളൊക്കെ എടുത്തത്. പല കേസുകളിലും

പരാതിക്കാരിയായ സ്ത്രീയെ ശിക്ഷിക്കുകയും ചെയ്തു. ജോപ്പനെ അറസ്റ്റ് ചെയ്തപ്പോള്‍ നിങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പോയി. പക്ഷെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്ത് കേസില്‍ നൂറ് ദിവസം ജയിലില്‍ കിടന്നപ്പോള്‍ ഞങ്ങള്‍ സെക്രട്ടേറിയറ്റ് വൃത്തികേടാക്കാന്‍ വന്നോ? ലൈഫ് മിഷന്‍ കേസിലും പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയി. മുഖ്യമന്ത്രിയാണ് ലൈഫ് മിഷന്‍ ചെയര്‍മാന്‍. എ.ഐ ക്യാമറ, കെ ഫോണ്‍ അഴിമതിയിലും ശിവശങ്കറിന് പങ്കുണ്ട്.

ശിവരാജന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി പറഞ്ഞ കത്തിന്റെ പുറത്താണ് സര്‍ക്കാര്‍ അന്വേഷണം നടത്തിയത്. കാലം മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി കണക്ക് ചോദിച്ചുകൊണ്ടിരിക്കുകയാണ്. ലാവലിന്‍ അഴിമതി ആരോപണം നിയമസഭയില്‍ ആദ്യമായി ഉന്നയിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. തിരുവഞ്ചൂരിന് ആരോപണം ഉന്നയിക്കാന്‍ ആവശ്യമായ രേഖകള്‍ നല്‍കിയത് നിങ്ങളുടെ കൂട്ടത്തിലുള്ളവരാണ്. ജസ്വന്ത് സിംഗിന്റെ പ്രസംഗം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുമ്പോള്‍ ജലീല്‍ ഒന്നുകൂടി കേള്‍പ്പിച്ചു കൊടുക്കണം.

ആര്‍. ബാലകൃഷ്ണ പിള്ളയെ ജയിലിലാക്കാന്‍ എന്റെ സംഭവനയുണ്ടെന്ന് പറഞ്ഞ ദല്ലാള്‍ നന്ദകുമാര്‍ ആരുടെ ആളായിരുന്നു? അന്ന് അയാളുടെ ലക്ഷ്യം അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു. എന്നിട്ടും നിങ്ങള്‍ എത്ര പെട്ടന്നാണ് അയാളുമായി കൂട്ടു കൂടിയത്. അധികാരത്തില്‍ വന്ന് മൂന്നാമത്തെ ദിവസം അയാള്‍ നിങ്ങളെ കയ്യിലെടുത്തു. അയാളെ ഉപയോഗിച്ച് പണം നല്‍കിയാണ് കത്ത് കൈക്കലാക്കിയത്. യു.ഡി.എഫിനെതിരെ പറയാന്‍ ഇ.പി ജയരാജന്‍ 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന പരാതിക്കാരിയുടെ ആരോപണത്തില്‍ എന്ത് കേസാണെടുത്ത്? പരാതിക്കാരി പറഞ്ഞതിന്റെ പേരിലാണ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്‌ലവര്‍ക്കെതിരെ കേസെടുത്തത്. എം.വി ഗോവിന്ദന്റെ പരിപാടിയില്‍ പങ്കെടുക്കാതെ നന്ദകുമാറിന്റെ വീട്ടിലേക്കാണ് പോയത്. ഇടതു മുന്നണി കണ്‍വീനറായ ജയരാജന് ദല്ലാള്‍ നന്ദകുമാറുമായി എന്ത് ബന്ധമാണുള്ളത്?

തട്ടിപ്പുകാരി നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരായിരുന്നു. ബറാബസിനെ വിട്ടുതാരാനും യേശുവിനെ ക്രൂശിക്കാനും പറഞ്ഞ മനസായിരുന്നു നിങ്ങള്‍ക്ക്. ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കാനും അപമാനിക്കാനുമാണ് നിങ്ങള്‍ ശ്രമിച്ചത്. ഇപ്പോള്‍ നിങ്ങള്‍ തന്നെ പറയുന്നു ഉമ്മന്‍ ചാണ്ടി നീതിമാനായിരുന്നെന്ന്.

കത്ത് വ്യാജ നിര്‍മ്മിതിയാണെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. പണം വാങ്ങിയെന്നതും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ നിര്‍മ്മിതിക്ക് പിന്നില്‍ ക്രിമിനല്‍ ഗൂഡാലോചനയുണ്ട്. അതിലെ ഒന്നാം പ്രതി, അധികാരമേറ്റ് മൂന്നാം ദിനം സ്വന്തം ഓഫീസിലേക്ക് പരാതിക്കാരിയെ വിളിച്ചു വരുത്തിയ പിണറായി വിജയനാണ്. നിങ്ങളെ പോലെ മന്നവേന്ദ്രാ വിളങ്ങുന്ന ചന്ദ്രനെ പോലെ നിന്‍ മുഖം എന്ന് പാടുന്ന രാജസദസിലെ വിദൂഷകരായിരുന്നില്ല ഞങ്ങള്‍. നിങ്ങള്‍ രാജകൊട്ടാരത്തിലെ വിദൂഷകരാണ്. നിങ്ങളാണ് മുഖ്യമന്ത്രിയെ ചീത്തയാക്കുന്നത്. നിങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി പറയാന്‍ കഴിയാത്ത ഭീരുക്കളാണ്. ക്രിമിനല്‍ ഗൂഡാലോചന സംബന്ധിച്ച് സി.ബി.ഐയെ കൊണ്ട് തന്നെ അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

Author

Leave a Reply

Your email address will not be published. Required fields are marked *