കര്‍ഷരെ പിന്തുണയ്‌ക്കേണ്ട സര്‍ക്കാര്‍ സമ്പൂര്‍ണപരാജയം – പ്രതിപക്ഷ നേതാവ്‌

Spread the love

പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം.

മന്ത്രി ശബ്ദമുയര്‍ത്തി പറഞ്ഞാല്‍ യാഥാര്‍ത്ഥ്യം ഇല്ലാതാകുമോ?; സര്‍ക്കാരിന് സാധിക്കില്ലെങ്കില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി പ്രതിപക്ഷം ചര്‍ച്ച നടത്താം.

തിരുവനന്തപുരം : മന്ത്രിയുടെ മറുപടി കേട്ടാല്‍ കേരളത്തിലെ കര്‍ഷകരെല്ലാം ഞെട്ടിപ്പോകും. കൃഷി ചെയ്ത് വേണമെങ്കില്‍ ഔഡി കാര്‍ വാങ്ങാന്‍ പറ്റുന്ന തരത്തിലുള്ള

കാര്‍ഷിക മുന്നേറ്റവും സാമ്പത്തിക പശ്ചാത്തലവുമാണ് കേരളത്തിലുള്ളതെന്നും കാര്‍ഷിക മേഖലയില്‍ സമൃദ്ധിയും ആഘോഷവുമാണെന്നാണ് മന്ത്രി പറയുന്നത്. യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിച്ച് ശബ്ദമുയര്‍ത്തി പറഞ്ഞാല്‍ യാഥാര്‍ത്ഥ്യം ഇല്ലാതാകുമോ? നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ നിങ്ങളുടെ തന്നെ മന്ത്രിസഭയിലെ അംഗവും കര്‍ഷകനുമായ കൃഷ്ണന്‍കുട്ടി പോലും അംഗീകരിക്കില്ല. മന്ത്രി റോഷി അഗസ്റ്റിന്‍ അംഗീകരിക്കുമോ?

കേരളത്തിലെ റബര്‍ കര്‍ഷകരുടെ സ്ഥിതി എന്താണ്? പ്ലാന്റേഷനുകള്‍ കാട് പിടിച്ച് കിടക്കുകയാണ്. ടാപ്പ് ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. എന്നിട്ടും എല്ലാം ഭദ്രമാണെന്ന് പറയുന്നത് ശരിയല്ല. നെല്ല് അളന്ന് സര്‍ക്കാര്‍ ഏജന്‍സി കൊണ്ടു പോയതിന് ശേഷം പണത്തിനായി ഇത്രയും കാലം കര്‍ഷകര്‍ക്ക് കാത്തിരിക്കേണ്ടി വന്ന സാഹചര്യം കേരളത്തിന്റെ ചരിത്രത്തില്‍ കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുണ്ടോ? ബാങ്കുകളുമായി സര്‍ക്കാരും സപ്ലൈകോയും തമ്മിലുള്ള തര്‍ക്കത്തിന് പ്രതിപക്ഷത്തിന്റെ മെക്കിട്ട് കയറുന്നത് എന്തിനാണ്? ബാങ്കുകളുമായി നെഗോഷ്യേറ്റ് ചെയ്യേണ്ടത് സര്‍ക്കാരിന്റെ ജോലിയാണ്. നിങ്ങള്‍ക്ക് അത് പറ്റില്ലെങ്കില്‍ ഞങ്ങള്‍ നെഗോഷ്യേറ്റ് ചെയ്യാം.

ബാങ്കുകള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന പണം സര്‍ക്കാര്‍ പിന്നീട് ബാങ്കുകള്‍ക്ക് നല്‍കും. ഇതാണ് ധാരണ. പക്ഷെ സര്‍ക്കാര്‍ പണം നല്‍കിയില്ല. കോടിക്കണക്കിന് രൂപ കുടിശിക വന്നതോടെ പാഡി റെസീപ്റ്റ് നല്‍കുന്നത് നിര്‍ത്തി. സര്‍ക്കാര്‍ കുടിശിക തീര്‍ക്കാത്തതിനെ തുടര്‍ന്ന് പണം പറ്റിയ കര്‍ഷകരുടെ സിബില്‍ സ്‌കോര്‍ താഴേയ്ക്ക് പോയി. ഇതോടെ മറ്റൊരു വായ്പയും കിട്ടാത്ത അവസ്ഥയായി. 71000 കര്‍ഷകരാണ് പണം കിട്ടാതെ ഇപ്പോഴും കാത്തു നില്‍ക്കുന്നത്. പണം കിട്ടാതെ രണ്ടാം വിളവെടുക്കാന്‍ പറ്റാതെ കര്‍ഷകര്‍ പരിതാപകരമായ അവസ്ഥയിലായി. സംഭരിച്ചാല്‍ ഒരാഴ്ചയ്ക്കകം പണം നല്‍കാമെന്ന് എത്ര തവണ പറഞ്ഞു?

യു.ഡി.എഫ് കൊണ്ടു വന്ന റബര്‍ സ്ഥിരതാ ഫണ്ട് അനുസരിച്ച് റബര്‍ വില ഉയര്‍ന്നെങ്കിലും ടാപ്പിംഗ് കൂലി പോലും നല്‍കാനാകാത്ത അവസ്ഥയാണ്. കേന്ദ്ര സര്‍ക്കാരിന്റെയും റബര്‍ ബോര്‍ഡിന്റെയും ഇറക്കുമതി ചുങ്കത്തിന്റെയുമൊക്കെ പ്രശ്‌നമുണ്ട്. റബറിന് 25 ശതമാനം ഇറക്കുമതി ചുങ്കം നിലനില്‍ക്കെ റബര്‍ കോമ്പൗട്ടിന്റെ ഇറക്കുമതി ചുങ്കം പത്ത് ശതമാനമാക്കി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ഇതോടെ റബര്‍ കമ്പനികള്‍ റബര്‍ കോമ്പൗട്ട് ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. മനോരമയോടുള്ള ദേഷ്യം തീര്‍ക്കാന്‍ വേറെ എന്തെങ്കിലും വഴി നോക്കണം. അല്ലാതെ എം.ആര്‍.എഫിന്റെ പേര് പറഞ്ഞിട്ട് കാര്യമില്ല. കേന്ദ്ര സഹായത്തോടെ റബറിന് 250 രൂപയാക്കുമെന്ന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 500 കോടി മാറ്റിവച്ചിട്ട് ചെലവഴിച്ചത് വെറും 20 കോടി മാത്രമാണ്. ആത്മാര്‍ത്ഥമായാണ് 500 കോടി മാറ്റി വച്ചതെങ്കില്‍ റബറിന്റെ വില വര്‍ധിപ്പിക്കണമായിരുന്നു. ഈ വര്‍ഷം 600 കോടി മാറ്റിവച്ചിട്ടും കൊടുത്തത് 33 കോടി. രണ്ട് വര്‍ഷം കൊണ്ട് 53 കോടി മാത്രമാണ് കൊടുത്തത്. റബര്‍ മേഖല സമ്പല്‍സമൃദ്ധമാണെന്ന് ആ മേഖലയില്‍ നിന്നും വരുന്ന ഏതെങ്കിലും ജനപ്രതിനിധികള്‍ക്ക് പറയാനാകുമോ? കര്‍ഷകര്‍ തകര്‍ച്ചയിലാണ്. അത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പോലും ബാധിക്കുമെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ തിരിച്ചറിയണം. പ്രതസന്ധിഘട്ടത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

നാളീകേരം സംഭരണവും പരാജയപ്പെട്ടു. കൊപ്ര സംഭരണത്തിന് പിന്നിലെ അഴിമതിയെ കുറിച്ച് ഇവിടെ പറയുന്നില്ല. പച്ചത്തേങ്ങായ്ക്ക് 34 രൂപയായി ഉയര്‍ത്തി. പക്ഷെ സംഭരണ കേന്ദ്രങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. തെങ്ങ് കയറ്റക്കാരനുള്ള കൂലി പോലും കൊടുക്കാന്‍ സാധിക്കുന്നില്ല. വന്യമൃഗ ശല്യത്തിനെതിരെയും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കര്‍ഷകര്‍ കണ്ണീരിലാണ്. വനാതിര്‍ത്തിയിലെ കര്‍ഷകര്‍ പരിതാപകരമായ അവസ്ഥയിലാണ്. കുമുളക് ഉള്‍പ്പെടെയുള്ളവ വിയറ്റ്‌നാമില്‍ നിന്നാണ് എത്തുന്നത്. പക്ഷിപ്പനി വന്നപ്പോള്‍ താറാവുകളെ കൂട്ടത്തോടെ കൊന്നു. അതിനുള്ള നഷ്ടപരിഹാരവും നല്‍കിയില്ല.

മന്ത്രി സംസാരിച്ചപ്പോള്‍ മുന്‍ കൃഷിമന്ത്രി കെ.പി മോഹനനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. അന്നത്തെ കൃഷി മന്ത്രി ആരാണെന്ന് ഓര്‍ത്തില്ല. ഇടുക്കി വികസന പാക്കേജ് 12000 കോടിയായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച നിയമസഭാ ചോദ്യത്തിന് വിവരം ശേഖരിച്ച് വരുന്നു എന്നായിരുന്നു മറുപടി. ഇടുക്കി വികസന പാക്കേജിനെ കുറിച്ച് സര്‍ക്കാരിന് ഒരു വിവരവുമില്ല. മുഖ്യമന്ത്രി പറയുന്നത് പോലെ മന്ത്രിക്ക് നല്ല നമസ്‌കാരം. 7000 കോടിയുടെ വയനാട് പാക്കേജില്‍ ഏഴ് വര്‍ഷം കൊണ്ട് ചെലവഴിച്ചത് 71 കോടി മാത്രം. ഇതാണ് നിങ്ങളുടെ കാര്‍ഷിക പാക്കേജ്. കടാശ്വാസ കമ്മീഷനില്‍ 97000 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. എന്നിട്ടാണ് കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ നിയമം നടപ്പാക്കിയെന്ന് പറയുന്നത്. കുട്ടനാട്ടില്‍ കര്‍ഷകര്‍ പലായനം ചെയ്യുകയാണ്. കുട്ടനാട് പാക്കേജില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇതാണ് കേരളത്തിലെ കര്‍ഷകരുടെ അവസ്ഥ. എല്ലാ കാര്‍ഷിക മേഖലകളും ദയനീയാവസ്ഥയിലാണ്. സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവത്തോടെ കാണുന്നില്ല. അന്നമൂട്ടുന്ന നെല്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള കര്‍ഷകരോട് സര്‍ക്കാര്‍ കാട്ടുന്ന പൂര്‍ണമായ അവഗണനയില്‍ പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നു.

 

Author

Leave a Reply

Your email address will not be published. Required fields are marked *