ഐസോലേഷനില്‍ വോളന്റിയര്‍ സേവനം ലഭ്യമാക്കും

Spread the love

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.

തിരുവനന്തപുരം: നിപ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഐസൊലേഷനിലുള്ളവരെ സഹായിക്കാനായി വോളന്റിയര്‍ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

2 എപ്പിക് സെന്ററുകളാണുള്ളത്. ഇവിടെ പോലീസിന്റെ കൂടി ശ്രദ്ധയുണ്ടാകും. എപ്പിക് സെന്ററിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളില്‍ പ്രാദേശികമായ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉണ്ടാകും. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുക. കണ്ടൈന്‍മെന്റ് സോണുകളില്‍ വാര്‍ഡ് തിരിച്ച് പ്രാദേശികമായാണ്

സന്നദ്ധപ്രവര്‍ത്തകരുടെ ടീമിനെ സജ്ജീകരിക്കുക. അവരെ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പര്‍ ഉണ്ടാവും. വളണ്ടിയര്‍മാര്‍ക്ക് ബാഡ്ജ് നല്‍കും. പഞ്ചായത്ത് നിശ്ചയിക്കുന്നവരാകും വളണ്ടിയര്‍മാര്‍ ആകുന്നത്. ഇക്കാര്യത്തില്‍ പോലീസ് പ്രത്യേകം ശ്രദ്ധിക്കും. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് മരുന്ന്, ഭക്ഷണം എന്നിവ ഉറപ്പാക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗനിര്‍ണയത്തിനായി കോഴിക്കോട്ടും, തോന്നയ്ക്കലുമുള്ള വൈറോളജി ലാബുകളില്‍ തുടര്‍ന്നും പരിശോധന നടത്തും. 706 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അതില്‍ 77 പേര്‍ ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ളതാണ്. 153 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗബാധിതരുടെ റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചതിനാല്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ

എണ്ണം വര്‍ധിച്ചേക്കും. ആവശ്യമുള്ളവര്‍ക്കായി ഐസൊലേഷന്‍ സൗകര്യവും തദ്ദേശ സ്ഥാപന തലത്തില്‍ ഒരുക്കും. ആശുപത്രികളിലും മതിയായ സൗകര്യമൊരുക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 75 മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. അടുത്ത പത്ത് ദിവസം കോഴിക്കോട് ജില്ലയില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

30ന് മരിച്ച ആദ്യ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 13 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തന്നെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 19 കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. ഇവരുടെ പ്രവര്‍ത്തനം ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തിയിട്ടുണ്ട്. രോഗബാധിതനായ 9 വയസുകാരന്റെ ചികിത്സയ്ക്കായി മോണോക്ലോണല്‍ ആന്റിബോഡി ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ച സാഹചര്യത്തില്‍ ഐസിഎംആറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് രാത്രിയോടെ എത്തിച്ചേരുമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ മന്ത്രിമാരായ വീണാ ജോര്‍ജ്, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, കെ. രാജന്‍, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍ കോവില്‍, ചീഫ് സെക്രട്ടറി ഡോ. വി വേണു, കോഴിക്കാട് ജില്ലാ കലക്ടര്‍, റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെത്തു.

 

Author

Leave a Reply

Your email address will not be published. Required fields are marked *