കാലാനുസൃതമായ മാറ്റങ്ങൾക്കാണ് പൊതുമരാമത്ത് വകുപ്പ് സാക്ഷ്യം വഹിക്കുന്നത് : മന്ത്രി പി.എ മുഹമ്മദ് റിയാസ്

Spread the love

നേര്യമംഗലം പൊതുമരാമത്ത് വകുപ്പ് പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു

കാലാനുസൃതമായ മാറ്റങ്ങൾക്കാണ് പൊതുമരാമത്ത് വകുപ്പ് സാക്ഷ്യം വഹിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നേര്യമംഗലത്ത് പണികഴിപ്പിച്ചിട്ടുള്ള പി.ഡബ്ല്യൂ.ഡി പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതനമായ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തി പൊതുമരാമത്ത് വകുപ്പിനെ പരമാവധി ആധുനികവത്ക്കരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്.

1300 എഞ്ചിനീയർമാരും 4500 അനുബന്ധ ജീവനക്കാരും ആറായിരത്തിനടുത്ത് മറ്റു ജീവനക്കാരും ഉൾപ്പെടുന്ന വകുപ്പാണ് പൊതുമരാമത്ത്. ആധുനിക സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തുന്നതിൽ നമുക്ക് തടസ്സങ്ങളൊന്നുമില്ല. എന്നാൽ അതിന്മേലുള്ള ശാസ്ത്രീയ പരിശീലനം ഉറപ്പാക്കുന്നതിൽ പരിമിതികൾ നേരിടുന്നുണ്ട്. ആ പരിമിതിയെ മുറിച്ചു കടക്കുന്നതിന് പുതിയതായി പ്രവർത്തനം ആരംഭിച്ചിരിക്കുന്ന നേര്യമംഗലത്തെ പരിശീലന കേന്ദ്രം ഏറെ സഹായകരമാകും. അത്തരത്തിൽ വലിയ ചുടുവെയ്പ്പാണ് നേര്യമംഗലത്തെ പരിശീലന കേന്ദ്രവും റസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള മറ്റ് അനുബന്ധ സൗകര്യങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.

കാലത്തിന്റെ മാറ്റങ്ങളെ തിരിച്ചറിഞ്ഞ് ആദ്യം പ്രവർത്തിക്കേണ്ട വിഭാഗമാണ് എഞ്ചിനീയർമാർ. ആ നിലയിൽ പി.ഡബ്ല്യു.ഡി എഞ്ചിനീയർമാരിൽ നിന്നും ഇനിയും വിലപ്പെട്ട സംഭാവനകൾ പ്രതീക്ഷിക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകൾ ജനകീയ റസ്റ്റ് ഹൗസുകൾ ആക്കിക്കൊണ്ട് 2021 നവംബർ ഒന്നു മുതൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കുകയുണ്ടായി. ഏറെ ജനോപകാരപ്രദമായ നടപടി എന്ന നിലയിൽ വലിയ സ്വീകരണമാണ് ഈ പദ്ധതിക്ക് ലഭിച്ചത്. ഇതുവഴി പത്തു കോടിയോളം രൂപയുടെ വരുമാനമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രവർത്തന ഉദ്ഘാടനത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 150 പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാർക്കുള്ള പരിശീലനവും സംഘടിപ്പിച്ചിരുന്നു.

നേര്യമംഗലത്ത് പെരിയാറിനോട് ചേർന്ന് പൊതുമരാമത്ത് വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള ആറ് ഏക്കർ സ്ഥലത്താണ് പൊതുമരാമത്ത് വകുപ്പ് പരിശീലന കേന്ദ്രവും പി.ഡബ്ല്യൂ.ഡി റസ്റ്റ്‌ ഹൗസും നിർമ്മിച്ചിട്ടുള്ളത്. കോൺഫറൻസ് ഹാൾ, മിനി കോൺഫറൻസ് ഹാൾ, ഓഡിയോ വിഷ്വൽ ഹാൾ, ലൈബ്രറി, അഞ്ച് സെമിനാർ ഹാൾ, കിച്ചൺ , ഡൈനിംഗ് ഹാൾ എന്നീ സൗകര്യങ്ങൾ ഉൾപ്പെടെ 4768 ചതുരശ്ര മീറ്റർ വലുപ്പമാണ് ട്രെയ്നിങ് സെന്ററിനുള്ളത്.

അഞ്ച് നിലകളിലായി 3517 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള റസ്റ്റ് ഹൗസിൽ 45 വിശ്രമ മുറികളും മൂന്ന് സ്യൂട്ട് മുറികളുമുണ്ട്. പരിശീലനത്തിലെത്തുന്ന ഉദ്യോഗസ്ഥർക്ക് ഇവിടെ താമസിക്കാം. 276 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ റീജിയണൽ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയും ഇവിടെയുണ്ട്. ഇതുവഴി ഉദ്യോഗസ്ഥർക്ക് പ്രായോഗിക പരിശീലനത്തിനും അവസരം ലഭിക്കുന്നു. വിവിധഘട്ടങ്ങളിലായി 25.83 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തിയിട്ടുള്ളത്.

ഉദ്ഘാടന സമ്മേളനത്തിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി ടി.യു കുരുവിള, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം കണ്ണൻ, വാർഡ് മെമ്പർ സൗമ്യ ശശി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഷാജി മുഹമ്മദ്, പി.റ്റി ബെന്നി, ബാബു ഏലിയാസ്, എ.ടി പൗലോസ്, ബേബി പൗലോസ്, സാജൻ അമ്പാട്ട്, മനോജ് ഗോപി, ടി.പി രാമകൃഷ്ണൻ, പൊതുമരാമത്ത് ഡിസൈൻ വിഭാഗം ഡയറക്ടർ എസ്.സജു, പൊതുമരാമത്ത് കെട്ടിട വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയർ വി. കെ ശ്രീമാല, എക്സിക്യൂട്ടീവ് എഞ്ചിനീയർ ജെസ്സി മോൾ ജോഷ്വാ, മറ്റ് ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *