കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനമന്ദിരോദ്ഘാടനവും വൈജ്ഞാനികപുരസ്‌കാരവിതരണവും ഒക്ടോബർ 13 ലേക്ക് മാറ്റി

Spread the love

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാനമന്ദിരോദ്ഘാടനവും ഒരുലക്ഷം രൂപ വീതമുള്ള എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്‌കാരം, ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്‌കാരം, എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരം എന്നിവയുടെ വിതരണവും 55-ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും ഒക്ടോബർ 13ന് വൈകിട്ട് നാലിന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ആധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, മറ്റു വിശിഷ്ടവ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും.സെപ്തംബർ 20ന് നടത്തേണ്ടിയിരുന്ന പരിപാടിയാണ് ചില സാങ്കേതിക കാരണങ്ങളാൽ ഒക്ടോബർ 13ലേക്ക് മാറ്റിയത്. എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്‌കാരജേതാവ് അഭിലാഷ് മലയിൽ (‘റയ്യത്തുവാരി: കമ്പനിസ്റ്റേറ്റും പൊളിറ്റിക്കൽ എക്കോണമിയും: മലബാർ ജില്ലയെ ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങൾ’), എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരജേതാവ് ആശാലത (Argumentative Indians എന്ന കൃതിയുടെ പരിഭാഷയായ താർക്കികരായ ഇന്ത്യക്കാർ) എന്നിവർ ഒരു ലക്ഷം രൂപ വീതമുള്ള പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും. മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്‌കാരം നേടിയ ഡോ. അശോക് എ. ഡിക്രൂസ് (പദവർഗീകരണത്തിന്റെ അടിസ്ഥാനതത്വങ്ങൾ മലയാളവ്യാകരണ കൃതികൾ മുൻനിർത്തിയുളള പഠനം), ഡോ.രതീഷ് ഇ. (ഇന്ത്യൻ സാംസ്‌കാരിക ദേശീയവാദവും മലയാളവിമർശനവും) എന്നിവർ 50000 രൂപ വീതം പങ്കിടും.

Author

Leave a Reply

Your email address will not be published. Required fields are marked *