സപ്ലൈ ലൊജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം വൻ വിജയം

Spread the love

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുമായ മലയാളികളുടെ കുടുംബ സംഗമം സെപ്തംബർ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ സെന്റ് വിൻസന്റ് ഡി പോൾ പാരീഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു. സൈബി വർഗീസ്, സെൽവി കുര്യൻ, സോനു ജയപ്രകാശ്, റേച്ചൽ ചാക്കോ, ഡെയിസി സാം എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ദിവ്യാ ശർമ്മയുടെ പ്രാർത്ഥനാ ഗാനവും അമേരിക്കൻ ദേശീയഗാനത്തോടെയും ചടങ്ങുകൾ സമാരംഭിച്ചു.

പ്രസിഡന്റ് അരുൺ അച്ചൻകുഞ്ഞ് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് പ്രസംഗിക്കുകയും തന്നോടൊപ്പം പ്രവർത്തിച്ച എല്ലാ ഭാരവാഹികളെയും അനുമോദിക്കുകയും നന്ദി പറയുകയും ചെയ്തു. സെക്രട്ടറി റിനോജ് കോരുത് ഈ വർഷത്തെ പ്രവർത്തനത്തെക്കുറിച്ച് ഒരു അവലോകനം നടത്തുകയും എംസിയായ ജയപ്രകാശ് നായരെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു. ട്രഷറർ ജേക്കബ്ബ് ചാക്കോ കണക്കുകൾ അവതരിപ്പിച്ചു.

തുടർന്ന് പാർവതി പ്രേം മനോഹരമായ നൃത്തം കാഴ്ച്ചവെച്ചു. ദിവ്യാ ശർമ്മ, ബാബു നരിക്കുളം, പ്രേം കൃഷ്ണൻ എന്നിവർ മനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ചപ്പോൾ സ്റ്റാൻലി പാപ്പച്ചനും ജയപ്രകാശ് നായരും കവിതകൾ ആലപിച്ചു. ഈ വർഷം സർവീസിൽ നിന്ന് വിരമിച്ച വർഗീസ് എം കുര്യൻ, തോമസ് സാമുവേൽ, ബിനു തെക്കേക്കര എന്നിവരെ രജി കുര്യൻ, രാജു വർഗീസ്, ജേക്കബ്ബ് ഗീവർഗീസ് എന്നിവർ യഥാക്രമം സദസ്സിന് പരിചയപ്പെടുത്തുകയും അനുമോദിക്കുകയും പ്രശംസാ ഫലകം നൽകി ആദരിക്കുകയും ചെയ്തു.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ അടുത്ത പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു:

അരുൺ അച്ചൻകുഞ്ഞ് (പ്രസിഡന്റ്), പ്രിൻസ് പോൾ (സെക്രട്ടറി), തോമസ് സാമുവേൽ (ജനറൽ കൺവീനർ), ജേക്കബ്ബ് ചാക്കോ (ട്രഷറർ), ജയപ്രകാശ് നായർ (പബ്ലിക് റിലേഷൻസ്) എന്നിവരെയും, നോർത്തിൽ നിന്ന് പ്രതിനിധികളായി അനിൽ ചെറിയാൻ, ജോർജ് അലക്സാണ്ടർ, ബാബു നരിക്കുളം, സജീവ് ജോർജ്, ജോർജി പോത്തൻ എന്നിവരെയും സൗത്തിൽ നിന്ന് ബാബുരാജ് പണിക്കർ, രാജു വർഗീസ്, സെൽവി കുര്യൻ, റിനോജ് കോരുത്, വിജി എബ്രഹാം എന്നിവരെയും വിരമിച്ചവരില്‍ നിന്ന് വർഗീസ് ഒലഹന്നാൻ, പി.എസ്. വർഗീസ്, രാജു എബ്രഹാം, പുന്നൂസ് എബ്രഹാം എന്നിവരെയും തെരഞ്ഞെടുത്തു.

മത്തായി മാത്യു ആശംസാ പ്രസംഗം ചെയ്യുകയും സംഘാടകരുടെ പ്രവർത്തനമികവിനെ പ്രശംസിക്കുകയും ചെയ്തു. സെക്രട്ടറി റിനോജ് കോരുതിന്റെ നന്ദി പ്രകാശനത്തോടെ ചടങ്ങുകൾക്ക് തിരശ്ശീല വീണു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ

Author

Leave a Reply

Your email address will not be published. Required fields are marked *