25,000 കോടി രൂപയുടെ ആനുകൂല്യം കുടിശിക.
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 25,000 കോടി രൂപയുടെ ആനുകൂല്യം പിടിച്ചുവച്ച് പിണറായി സര്‍ക്കാര്‍ അവരെ മുച്ചൂടും വഞ്ചിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യാമായാണ് ഇത്രയും നിഷ്ഠൂരമായ സമീപനം ഒരു സര്‍ക്കാര്‍ 10 ലക്ഷത്തോളം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമെതിരേ സ്വീകരിച്ചത്. 50 ലക്ഷത്തിലധികം വരുന്ന പാവപ്പെട്ടവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്കിയിട്ട് മാസം 4 കഴിഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞാണ് ഈ കൊടുംവഞ്ചനയെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആര്‍ഭാടത്തിനും ദുര്‍ചെലവിനും ഒരു കുറവുമില്ല. ഇഷ്ടക്കാരെയെല്ലാം ഇഷ്ടംപോലെ കുത്തിത്തിരുകുകയും പാര്‍ട്ടിക്കാര്‍ക്ക് അഴിമതി നടത്താന്‍ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കെല്ലാം അമിതമായ ഫീസും തൊട്ടതിനും പിടിച്ചതിനുമെല്ലാം അന്യായ നികുതിയും ഈടാക്കുന്നു. എന്നാല്‍ ജീവനക്കാര്‍ക്ക് നല്കാനുള്ള അവര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യം നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മലക്കം മറിയുകയാണന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
2019ല്‍ നടപ്പാക്കിയ ശമ്പളപരിഷ്‌കരണത്തിന്റെ ഒരു ഗഡുപോലും നാലുവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നല്കിയില്ല. കഴിഞ്ഞ ഏപ്രിലില്‍ നല്കേണ്ട ആദ്യത്തെ ഗഡു മാറ്റിവച്ചതിനു പിന്നാലെ ഒക്ടോബറില്‍ നല്കേണ്ട രണ്ടാമത്തെ ഗഡുവും ഇപ്പോള്‍ മാറ്റിവച്ചിരിക്കുകയാണ്. അടുത്തവര്‍ഷം ലഭിക്കേണ്ട മൂന്നും നാലും ഗഡുക്കളും അനിശ്ചിതത്വത്തിലാണ്.
5 ഗഡു ഡിഎ ഇപ്പോള്‍ കുടിശികയാണ്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കൃത്യമായി നല്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 3 വര്‍ഷമായി ലീവ് സറണ്ടറില്ല. ആയിരത്തിലേറെ പെന്‍ഷന്‍കാര്‍ കുടശിക കിട്ടാതെ മരണമടഞ്ഞു. ഇതൊന്നും സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുന്നില്ല. 1600 രൂപമാത്രം ക്ഷേമപെന്‍ഷന്‍ ലഭിക്കുന്ന പാവപ്പെട്ടവരുടെ കാര്യമാണ് ഏറെ കഷ്ടം.
പിണറായി സര്‍ക്കാരിന്റെ വകുപ്പുകളെല്ലാം ഒന്നിനൊന്നു പരാജയമാണെങ്കില്‍ അതില്‍ ഒന്നാം സ്ഥാനത്ത് ധനവകുപ്പ് നില്ക്കുന്നു. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ഊരാളുങ്കല്‍ കമ്പനിക്ക് അമിത നിരക്കില്‍ പ്രവൃത്തികള്‍ നല്കുകയും അവരുടെ ബില്ലെല്ലാം ഉടനടി മാറ്റിക്കൊടുക്കുകയും ചെയ്യുന്നതു മാത്രമാണ് ഇപ്പോള്‍ ധനവകുപ്പില്‍ നടക്കുന്നതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.