ഡാളസ് : ഡാളസ് / ഫോർട്ട് വർത്തിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ ഫ്രണ്ട്സ് ഓഫ് ഡാലസ് ക്രിക്കറ്റ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അഞ്ചാമത് എഫ് ഓ ഡി കപ്പ് ക്രിക്കറ്റ് ടൂർണമെൻറ് ഫൈനൽ മത്സരത്തിൽ ഡാളസ് ടസ്കേഴ്സ് ടീം വിജയികളായി. ഒക്ടോബർ 15ന് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് പകലും രാത്രിയുമായി നടന്ന മത്സരത്തിൽ 2 വിക്കറ്റിന് ഡാളസ് റാപ്‌റ്റേഴ്‌സ് ക്രിക്കറ്റ് ടീമിന് പരാജയപ്പെടുത്തി കൊണ്ടാണ് ടസ്കേഴ്സ് വിജയികളായത്.
സെമി ഫൈനൽ മത്സരങ്ങളിൽ ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീമിനെയും, ഡാളസ് സ്പാർക്സ് ക്രിക്കറ്റ് ടീമിനെയും പരാജയപ്പെടുത്തി കൊണ്ടാണ് ഇരുടീമുകളും ഫൈനലിലേക്ക് പ്രവേശിച്ചത്. ടോസ് നേടിയ റാപ്‌റ്റേഴ്‌സ് ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ റാപ്‌റ്റേഴ്‌സ് 20 ഓവറിൽ 3 വിക്കറ്റ്
നഷ്ടത്തിൽ 160 റൺസ് എടുത്തു. തുടർന്ന് ബാറ്റിംഗിനിറങ്ങിയ ടസ്കേഴ്സ് ടീം ഒരു ഓവർ ബാക്കിനിൽക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 160 എന്ന റൺസ് മറികടക്കുകയായിരുന്നു. 32 ബോളിൽ നിന്ന് 4 സിക്സറും 3 ഫോറും ഉൾപ്പെടെ 61 റൺസ് നേടിയ ടസ്കേഴ്സ് ടീമിലെ സിജോ സ്കറിയ ഫൈനൽ മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. ടൂർണ്ണമെൻറിൽ 207 റൺസ് നേടിക്കൊണ്ട് ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം കളിക്കാരൻ പെറ്റ്സൺ മാത്യൂസ് ഏറ്റവും നല്ല ബാറ്റ്സ്മാനായി തെരഞ്ഞെടുക്കപ്പെട്ടു.
ഫ്രണ്ട്സ് ഓഫ് ഡാലസ് ക്രിക്കറ്റ് ഓർഗനൈസേഷൻ പ്രസിഡൻറ് സന്തോഷ് വടക്കേകുറ്റി, വൈസ് പ്രസിഡൻറ് ബിനോയ് സാമുവൽ, ട്രഷറർ ബിനു വർഗീസ്, എന്നിവരിൽനിന്ന് വിജയികൾ ട്രോഫികൾ ഏറ്റുവാങ്ങി. ടൂർണ്ണമെൻറിൽ പങ്കെടുത്ത മറ്റു ടീമുകളുടെ ക്യാപ്റ്റൻമാരായ അലൻ ജെയിംസ് (എഫ് ഓ ഡി ), ബ്രയൻ മത്തായി (കേരള ലെജൻഡ്സ്), ഗോഡ്‌വിൻ മാത്യു (ഡാളസ് സ്ട്രൈക്കേഴ്സ്), രജിത്ത് അറക്കൽ (ഡാളസ് സ്പാർക്സ്), ജോഫി ജേക്കബ് (ടസ്കേഴ്സ് ബി), തുടങ്ങിയവരും മത്സരത്തിനു ശേഷം നടന്ന സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.
മത്സരങ്ങളുടെ ക്രമീകരണങ്ങൾകായും, കാണികളെ നിയന്ത്രിക്കുന്നതിനും ആയി എഫ് ഓ ഡി കമ്മറ്റി അംഗങ്ങളായ എബിൻ വർഗീസ്, ജോസ് ഷാജി, ജെസീലി ജോയ്, ജോയൽ ജോബ്, മാത്യു സെബാസ്റ്യൻ, ടോണി അലക്സാണ്ടർ എന്നിവർ സദാസമയം മൈതാനത്തിൽ സജ്ജരായി ആയിരുന്നു. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും, മത്സരങ്ങൾ കാണുവാനും ആയി വന്നുചേർന്ന ക്രിക്കറ്റ് പ്രേമികൾക്കും, ടൂർണമെൻറ് കോ-ഓർഡിനേറ്ററായി പ്രവർത്തിച്ച അജു മാത്യുവിനും, ടൂർണ്ണമെൻറ് മുഖ്യ സ്പോൺസറായ ജസ്റ്റിൻ വർഗീസിനും, ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം മാനേജർ ഷിബു സാമുവൽ നന്ദി അറിയിച്ചു.