മൂക്കന്നൂരിന്റെ മുഖം മാറ്റാന്‍ ‘മൂക്കന്നൂര്‍ മിഷന്‍’ പദ്ധതിയുമായി ഫെഡറല്‍ ബാങ്ക്

Spread the love

സുസ്ഥിര ഡിജിറ്റല്‍ ഗ്രാമമാക്കി മാറ്റും.

കൊച്ചി: സമഗ്ര വികസനത്തിലൂടെ മൂന്നു വര്‍ഷത്തിനകം എറണാകുളം ജില്ലയിലെ മൂക്കന്നൂരിനെ സുസ്ഥിര ഡിജിറ്റല്‍ ഗ്രാമമാക്കി മാറ്റുന്നതിന് മൂക്കന്നൂര്‍ മിഷന്‍ എന്ന വിപുലമായ പദ്ധതിക്ക് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. ബാങ്കിന്റെ സ്ഥാപകനായ കെ. പി. ഹോര്‍മിസിന്റെ നൂറ്റിയാറാമത് ജന്മദിനത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ ജന്മനാടിനെ ബാങ്ക് ദത്തെടുത്തത്. ഗ്രാമത്തിലെ അടിസ്ഥാനസൗകര്യ, സാമൂഹിക മേഖലകളില്‍ സമഗ്രമായ മാറ്റങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമത്തെ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുക, സമഗ്ര മാലിന്യപരിലാനം, സാമൂഹിക വികസനം, ഹരിതോര്‍ജ്ജ പദ്ധതികള്‍ എന്നിവയടങ്ങുന്നതാണ് മൂക്കന്നൂര്‍ മിഷന്‍. ഫൗണ്ടേഴ്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി മൂക്കന്നൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി അധ്യക്ഷത വഹിച്ചു. സമഗ്ര വികസനത്തിലൂടെ മൂക്കന്നൂരിനെ രാജ്യത്തെ ഏറ്റവും മികച്ച മാതൃകാ സുസ്ഥിര ഗ്രാമമാക്കി മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള, പരിസ്ഥിതി സൗഹൃദ ഗ്രാമമെന്ന ഖ്യാതി ഈ പദ്ധതിയിലൂടെ നേടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന മുക്കന്നൂര്‍ മിഷന്‍ മൂന്നു ഘട്ടങ്ങളിലായി, മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ വര്‍ഷം മാലിന്യ സംസ്‌കരണം, സാമൂഹിക ക്ഷേമം, പരിസ്ഥിതി, പുനരുപയോഗ ഊര്‍ജ്ജം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളാണ് നടപ്പിലാക്കുക. സ്വച്ഛ ഭാരത് പദ്ധതിയുടെ ചുവടുപിടിച്ച് പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളുടെ ശേഖരണത്തിനും സംസ്‌കരണത്തിനും ശാസ്ത്രീയ പരിഹാരങ്ങള്‍ നടപ്പിലാക്കും. ആവശ്യമായ ഇടങ്ങളിലെല്ലാം ശുചിമുറികള്‍ നിര്‍മ്മിക്കും. മരത്തൈകള്‍ നടല്‍, റോഡുകളുടെ വശങ്ങള്‍ ചെടി വച്ചുപിടിപ്പിക്കല്‍, വയോജന പരിചരണ കേന്ദ്രത്തിലേക്ക് ആവശ്യമായ ഉപകരണങ്ങളുടെ വിതരണം, ബസ് ഷെല്‍ട്ടറുകളുടെ നിര്‍മാണം, ട്രാഫിക് ബോധവല്‍ക്കരണം, ലൈബ്രറി നവീകരണം, സിസിടിവി ക്യാമറ സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാക്കും. പൊതുജനാരോഗ്യ കേന്ദ്രത്തില്‍ 10 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റ് സ്ഥാപിക്കും. ഇവിടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റീചാര്‍ജ് സൗകര്യവുമൊരുക്കും. തെരുവു വിളക്കുകളെല്ലാം സൗരോര്‍ജ്ജ വിളക്കുകളാക്കി മാറ്റും.

കെ പി ഹോര്‍മിസ് എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ടി പി മത്തായി സ്വാഗതമാശംസിച്ച ചടങ്ങില്‍ സി എസ് ടിയുടെ സുപ്പീരിയര്‍ ജനറല്‍ റവറന്റ് ബ്രദര്‍ ഡോക്ടര്‍ വര്‍ഗീസ് മഞ്ഞളി, മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി വി മോഹനന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി രാജു ഹോര്‍മിസ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇ-ഓട്ടോ വിതരണം ഫെഡറല്‍ ബാങ്ക് ചീഫ് എച്ച്ആര്‍ ഓഫീസര്‍ അജിത് കുമാര്‍ കെ. കെ നിര്‍വഹിച്ചു. വാര്‍ഡ് അംഗങ്ങള്‍ക്ക് ബയോ ബിന്നുകളും വിതരണം ചെയ്തു.പദ്ധതിയുടെ ജനറല്‍ കണ്‍വീനര്‍ സേവ്യര്‍ ഗ്രിഗറി നന്ദി പ്രകാശിപ്പിച്ചു.

സ്ഥാപകന്റെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം നിരവധി പരിപാടികളും ഫെഡറല്‍ ബാങ്ക് സംഘടിപ്പിച്ചു. ഏഴു പുതിയ ശാഖകള്‍ തുറന്നു. പ്രൊഫഷണല്‍ കോഴ്സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ആറു സംസ്ഥാനങ്ങളില്‍ ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. വിവിധ ശാഖകളിലെയും ഓഫീസുകളിലെയും ജീവനക്കാരുടെ നേതൃത്വത്തില്‍ രക്തദാനം, വസ്ത്രദാനം എന്നിവയും നടന്നു. ചെന്നൈയിലെ അമ്പത്തൂരിലും കര്‍ണാടകയിലെ ബെലഗാവിയിലും പുതിയ ഫെഡറല്‍ സ്‌കില്‍ അക്കാഡമികള്‍ക്കു തുടക്കമിട്ടു. കോയമ്പത്തൂര്‍, കോലാപൂര്‍ ഫെഡറല്‍ സ്‌കില്‍ അക്കാഡമികളില്‍ പുതിയ ബാച്ചുകള്‍ക്കും തുടക്കമായി.

Photo Caption :  ഫെഡറൽ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി എറണാകുളം മൂക്കന്നൂർ പഞ്ചായത്തിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബാങ്കിന്റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ നിർവഹിക്കുന്നു. കെ പി ഹോര്‍മിസ് എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ടി പി മത്തായി, സി എസ് ടിയുടെ സുപ്പീരിയര്‍ ജനറല്‍ റവറന്റ് ബ്രദര്‍ ഡോക്ടര്‍ വര്‍ഗീസ് മഞ്ഞളി, മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി, ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി രാജു ഹോര്‍മിസ്, മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി വി മോഹനന്‍ എന്നിവർ സമീപം.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *