തിരുവനന്തപുരം : പരസ്യമായി ബിജെപി സഖ്യം പ്രഖ്യാപിച്ചിട്ടും കേരള മന്ത്രിസഭയില്‍ നിന്നും ജെഡിഎസ് പ്രതിനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്താക്കാതിരുന്നത് ബിജെപിയുമായുള്ള അവരുടെ സഖ്യത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ ജെ.ഡി.എസ് നേതൃത്വത്തിനും വ്യക്തമായി അറിയാമായിരുന്നതിനാലാണെന്ന കോണ്‍ഗ്രസിന്റെ ആരോപണം ശരിവെക്കുന്നതാണ് എച്ച്.ഡി ദേവഗൗഡയുടെ വെളിപ്പെടുത്തലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.
ബിജെപിയേയും മോദിയേയും പിണക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയും സിപിഎം കേരള ഘടകവും.അധികാരത്തിന്റെ തണലില്‍ നടത്തിയ അഴിമതിയും സഹകരണക്കൊള്ളയും ബിനാമി-കള്ളപ്പണയിടാപാടും ബിജെപിയുടെ മുന്നില്‍ മുട്ടിലിഴയേണ്ട ഗതികേടിലേക്ക് കേരള സിപിഎമ്മിനെ കൊണ്ടെത്തിച്ചു. ബിജെപിയെ എതിര്‍ത്താല്‍ കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തില്‍ തങ്ങളെ വേട്ടയാടുമെന്ന ഭയമാണ് തരംതാണ രാഷ്ട്രീയ നിലപാടെടുക്കാന്‍ സിപിഎം കേരള ഘടകത്തെ പ്രേരിപ്പിക്കുന്നത്. ഒരു ബിജെപി വിരുദ്ധ പ്രസ്താവന നടത്താന്‍ പോലും മോദിയുടെ താല്‍പ്പര്യം പരിഗണിക്കേണ്ട ദുരന്തമാണ് സിപിഎം കേരളത്തില്‍ അഭിമുഖീകരിക്കുന്നത്.
പിണറായി വിജയന്റെ എല്ലാ ചെയ്തികള്‍ക്കും കുടപിടിക്കുന്ന സി പി എം ഇന്ന് എത്തപ്പെട്ടിരിക്കുന്നത് അതിസങ്കീര്‍ണ്ണമായ പ്രതിസന്ധിയിലാണ്. ദേവഗൗഡയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്ന് ഒരു ദിവസം പിന്നിട്ടിട്ടും സിപിഎം കേന്ദ്ര നേതൃത്വം ഇതിനോട് പ്രതികരിക്കാത്തില്‍ അത്ഭുതം തോന്നുന്നു.
ഈ വിഷയത്തില്‍ സിപിഎം ദേശീയ സെക്രട്ടറി സതീറാം യെച്ചൂരി നിലപാട് വ്യക്തമാക്കണം.ദേവഗൗഡയുടെ പ്രസ്താവനയെ തള്ളിപ്പറയാന്‍ സിപിഎം കേന്ദ്ര നേതൃത്വം അമാന്തിക്കുന്നതെന്തിനാണ്? ജെഡിഎസ്-ബിജെപി സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കൊടി കാട്ടിയയെന്ന തുറന്ന പറച്ചിലില്‍ സിപിഎം ദേശീയ നേതൃത്വം മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്ട്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സിപിഎം ദേശീയ നേതൃത്വം ബാധ്യസ്ഥരാണ്.
ഇതിപ്പോള്‍ തുടങ്ങിയ ബാന്ധവമല്ല. കഴിഞ്ഞ കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കിയ ജെ ഡിഎസുമായി കൂട്ടുചേര്‍ന്ന് മത്സരിച്ച പാര്‍ട്ടിയാണ് സി പി എം. കേരള മുഖ്യമന്ത്രി കര്‍ണ്ണാടകത്തിലെ ബാഗേപ്പള്ളിയില്‍ തിരഞ്ഞെടുപ്പിനു പ്രചരണത്തിന് ഇറങ്ങിയതും യാദൃശ്ചികമല്ല. കോണ്‍ഗ്രസ്സ് മുക്ത ഭാരതം എന്നത് ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും സംയുക്ത സ്വപനമാണെന്ന് ഇതില്‍പ്പരം എന്ത് തെളിവ് വേണമെന്നും വേണുഗോപാല്‍ ചോദിച്ചു.