കിരീടം ചൂടി പാലക്കാട്

Spread the love

രണ്ടാമനായി മലപ്പുറം.

ട്രാക്കും ഫീൽഡും അടക്കി ഭരിച്ച് പാലക്കാട് വീണ്ടും കിരീടം ചൂടി. കൗമാര കുതിപ്പിന്റെ കരുത്ത് വിളിച്ചോതിയ 65-ാമത് സംസ്ഥാന കായിക മാമാങ്കത്തിൽ പാലക്കാട് 266 പോയിന്റ് നേടി ഒന്നാം സ്ഥാനം നേടി ആധിപത്യം ഉറപ്പിച്ചു. 28 സ്വർണ്ണവും 27വെള്ളിയും 12 വെങ്കലവുമാണ് പാലക്കാട് കൊയ്തെടുത്തത്. പാലക്കാട് തുടർച്ചയായി മൂന്നാം തവണയാണ് എതിരില്ലാതെ മികച്ച നേട്ടം കരസ്ഥമാക്കിയത്.

168 പോയിന്റ് നേടിയ മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 13 സ്വർണ്ണവും 22 വെള്ളിയും 20 വെങ്കലവും നേടി. കോഴിക്കോട് ജില്ല 95 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. പത്ത് സ്വർണ്ണവും ഏഴ് വെളളിയും 12 വെങ്കലവും നേടി. 88 പോയിന്റോടെ എറണാകുളം നാലാം സ്ഥാനവും 59 പോയിന്റോടെ തിരുവനന്തപുരം അഞ്ചാം സ്ഥാനവും നേടി. ആതിഥേയരായ തൃശ്ശൂർ 25 പോയിന്റ് നേടി ഒമ്പതാം സ്ഥാനത്താണ്.

മലപ്പുറം ജില്ലയിലെ ഐഡിയൽ ഇ എച്ച് എസ് എസ് കടക്കശ്ശേരി 57 പോയിന്റ് നേടി സ്കൂൾ തലത്തിൽ ഒന്നാമതായി. 46 പോയിന്റ് നേടിയ എറണാകുളം കോതമംഗലം മാർബേസിൽ എച്ച് എസ് എസ് രണ്ടാം സ്ഥാനവും 43 പോയിന്റുമായി പാലക്കാട് ജില്ലയിലെ കെ എച്ച് എസ് കുമരംപുത്തൂർ മൂന്നാം സ്ഥാനവും നേടി.

മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച കായിക താരങ്ങൾക്ക് 2000 രൂപയും, രണ്ടാം സ്ഥാനം ലഭിച്ചവർക്ക് 1500 രൂപയും, മൂന്നാം സ്ഥാന കാർക്ക് 1250 രൂപയും സർട്ടിഫിക്കറ്റും മെഡലും നൽകി.

മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ച ജില്ലകൾക്ക് യഥാക്രമം 2,20,000 രൂപയും 1,65,000 രൂപയും 1,10,000 രൂപയും സമ്മാനതുക നൽകി. ഓരോ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യൻമാരായ കുട്ടികൾക്ക് 4 ഗ്രാം സ്വർണ്ണപതക്കവും സമ്മാനമായി നൽകി. കൂടാതെ സംസ്ഥാന റെക്കോഡ് സ്ഥാപിച്ച കായികതാരങ്ങൾക്ക് 4000 രൂപ വീതവും സമ്മാന തുക നൽകി. ബെസ്റ്റ് സ്‌കൂൾ, ഒന്നും രണ്ടും സ്ഥാനങ്ങൾ തുടങ്ങി അമ്പതോളം ട്രോഫികൾ വിജയികൾക്ക് സമ്മാനമായി നൽകി.

Author

Leave a Reply

Your email address will not be published. Required fields are marked *