ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ വിവിധയിടങ്ങളിൽ വനിതകൾക്കായി ‘ഷീ ഹെൽത്ത്’ ആരോഗ്യ കാമ്പയിൻ സംഘടിപ്പിച്ചു. കുറിച്ചി സർക്കാർ ഹോമിയോ ആശുപത്രി, പള്ളം ബ്ലോക്ക് പഞ്ചായത്ത്, കുറിച്ചി ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ എ.വി.എച്ച്.എസ്.എസ്. സ്‌കൂളിൽ നടന്ന പരിപാടി അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. മികച്ച ആരോഗ്യശീലങ്ങൾ, സ്ത്രീകളുടെ ശാരീരിക മാനസികാരോഗ്യം എന്നീ വിഷയങ്ങളിൽ ബോധവൽകരണ ക്ലാസും മെഡിക്കൽ ക്യാമ്പും നടത്തി.ഉഴവൂരിലും ഷീ ഹെൽത്ത് കാമ്പയിൻമോനിപ്പള്ളി സർക്കാർ ഹോമിയോ ആശുപത്രിയുടെയും ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഷീ ഹെൽത്ത് കാമ്പയിൻ സംഘടിപ്പിച്ചു. ഉഴവൂർ സെന്റ് സ്റ്റീഫൻസ് പള്ളി പാരിഷ് ഹാളിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. സ്ത്രീകളിലെ ജീവിതശൈലീ രോഗങ്ങൾ, മാനസിക ആരോഗ്യ പരിപാലനം എന്നിവ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസും മരുന്നുവിതരണവും നടത്തി.