തലസ്ഥാനത്തെ വെള്ളക്കെട്ട് ;ഓപ്പറേഷന്‍ അനന്തയുടെ രണ്ടാംഘട്ടം ആരംഭിക്കണമെന്ന് യുഡിഎഫ്

Spread the love

തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് നിയന്ത്രിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ അനന്തയുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ മുഖ്യമന്ത്രിയ്ക്കു കത്തു നല്‍കി.

തമ്പാനൂരിലെയും തിരുവനന്തപുരം നഗരത്തിലെയും വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ 2015ലാണ് സര്‍ക്കാര്‍ ഓപ്പറേഷന്‍ അനന്ത പദ്ധതി ആരംഭിച്ചത്. ആ പദ്ധതിയുടെ രണ്ടാംഘട്ടം എത്രയും വേഗം ആരംഭിക്കണം. ഇപ്രാവശ്യവും തുടര്‍ച്ചയായി പെയ്ത മഴയില്‍ തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗത്തും

വെള്ളപൊക്കമുണ്ടാക്കിയപ്പോള്‍ തമ്പാനൂരിലും ചെറിയ തോതില്‍ വെള്ളം പൊങ്ങി. 2015 ല്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഓപ്പറേഷന്‍ അനന്ത തമ്പാനൂരിലെ വെള്ളപ്പൊക്കത്തിന് (റയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്) അറുതി വരുത്താന്‍ വേണ്ടി ആസൂത്രണം ചെയ്ത പദ്ധതിയാണ്. ഒരു ചെറിയ മഴ പെയ്താല്‍ തമ്പാനൂരിലെ പരിസരത്തും മിന്നല്‍ പ്രളയമുണ്ടാകുന്നതു പരിഹരിക്കാന്‍ നടപ്പാക്കിയ ഓപ്പറേഷന്‍ അനന്ത പദ്ധതി പൂര്‍ണമാക്കാതെ നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവശേഷിപ്പിക്കുകയായിരുന്നു. പദ്ധതി നടപ്പാക്കുന്നതില്‍ അന്നുണ്ടായ അനാസ്ഥ തുടര്‍ന്നാല്‍ ദുരിതകാലം ആവര്‍ത്തിക്കുമെന്ന പദ്ധതിയ്ക്കു നേതൃത്വം നല്‍കിയ അന്നത്തെ ജില്ലാ കളക്ടര്‍ ബിജു പ്രഭാകരന്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നതെന്ന് എം.എം.ഹസ്സന്‍ മുഖ്യമന്ത്രിക്കുള്ള കത്തില്‍ ചൂണ്ടിക്കാട്ടി.

എസ്.എസ്. കോവില്‍-മാഞ്ഞാലിക്കുളം റോഡികളിലെ മഴക്കാലത്തെ വെള്ളമാണ് തമ്പാനൂരില്‍ വെള്ളക്കെട്ട് ഉണ്ടാക്കുന്നത്. അത് പരിഹരിക്കാനുള്ള രൂപരേഖ പദ്ധതിയില്‍ തയ്യാറാക്കിയിരുന്നെങ്കിലും നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ അനന്ത അന്ന് അട്ടിമറിക്കപ്പെട്ടത്. ഓടയിലൂടെ ഒഴുകിയെത്തുന്ന വെള്ളം ആമയിഞ്ചാന്‍ തോട്ടില്‍ എത്തിക്കാന്‍ ആഴത്തില്‍ ഓടകള്‍ നിര്‍മ്മിക്കാനും, ഓടകളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാനുമുള്ള മുന്‍കരുതലുകള്‍ എടുക്കാനും തോട് കടന്നുപോകുന്ന നഗരപ്രദേശങ്ങളില്‍ സ്ലാബിട്ട് അടയ്ക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു. അട്ടക്കുളങ്ങര റോഡിലുണ്ടാകുന്ന വെള്ളപൊക്കം ഓടവീതി കൂട്ടി അതിവേഗം കിള്ളിയാറില്‍ എത്തിക്കാനാണ് പദ്ധതിയില്‍ പ്ലാനിട്ടത്. കയ്യേറ്റങ്ങള്‍ ഒഴിവാക്കാനും, ആമയിഴഞ്ചാന്‍ തോടിലെ മാലിന്യ നിക്ഷേപം തടയാനും ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ഓപ്പറേഷന്‍ അനന്ത ഫലപ്രദമായി പൂര്‍ത്തിയാക്കാനാവൂ എന്ന വസ്തുത കണക്കിലെടുത്ത് സിറ്റി കോര്‍പ്പറേഷന്റെയും, രാഷ്ട്രീയ കക്ഷികളുടെയും സംയുക്തയോഗം വിളിച്ചുകൂട്ടി ഓപ്പറേഷന്റെ രണ്ടാംഘട്ടം ആസൂത്രണം ചെയ്യണമെന്ന് എം.എം.ഹസ്സന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. ഓപ്പറേഷന്റെ രണ്ടാംഘട്ടം നടപ്പാക്കണമെന്ന് 2017 ല്‍ ജില്ലാ കളക്ടര്‍ ഗവര്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി പുനഃരാരംഭിക്കുന്നില്ലെങ്കില്‍ ശക്തമായ മഴയില്‍ നഗരമാകെ വെള്ളത്തിനടിയിലാകുമെന്ന് ഹസ്സന്‍ മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *