ഡാളസ് : സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന കുടുംബങ്ങൾ ഭൂമിയിൽ ദൈവഹിതം നിറവേറ്റുന്നവരും, ദൈവ രാജ്യത്തിൻറെ പ്രകാശം പരത്തുന്നവരും ആകുന്നു എന്ന് മാർത്തോമാ സഭയിലെ മുതിർന്ന പട്ടക്കാരനും , ഒക്ലഹോമ മാർത്തോമാ ചർച്ച് മുൻ വികാരിയുമായിരുന്ന റവ. ടി കെ ജോൺ അച്ഛൻ അഭിപ്രായപ്പെട്ടു. ഒക്ടോബർ 22ന് ഞായറാഴ്ച രാവിലെ സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ കുടുംബ ദിനത്തോട് അനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയിൽ പ്രസംഗിക്കുകയായിരുന്നു അച്ഛൻ. ലൂക്കോസ് സുവിശേഷം പത്താം അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള മാർത്തയുടെയും, മറിയയുടെയും ഭവനത്തിൽ
പ്രവേശിച്ച യേശുവിനെ സഹോദരിമാരായിരുന്നവർ എപ്രകാരമാണോ സ്വീകരിച്ചത് അപ്രകാരം ആയിരിക്കണം നമ്മുടെ ഭവനങ്ങളിലും യേശുവിനെ സ്വീകരിക്കുവാനും, ആരാധിക്കുവാനും എന്ന് അച്ഛൻ ഉത്ബോധിപ്പിച്ചു. യേശുവിൻറെ കാൽക്കൽ ഇരുന്ന് യേശുവിനെ ശുശ്രൂഷിക്കുവാനും , യേശുവിൽ നിന്നുള്ള വചനങ്ങൾ കേൾക്കുവാനും, മാർത്തയും മറിയയും ശ്രമിച്ചു. അപ്രകാരം നമ്മുടെ ഭവനങ്ങൾ ക്രിസ്തുവിനെക്കുറിച്ച് പഠിക്കുവാനും, ദൈവിക ശുശ്രൂഷയിൽ ഏർപ്പെടുകയും ചെയ്യുമ്പോൾ, നമ്മുടെ ചുറ്റുപാടുമുള്ള ഭവനങ്ങൾക്ക് നാം ഒരു നല്ല മാതൃകയായി തീരുവാൻ ഇടയാകുമെന്ന് അച്ഛൻ ഓർപ്പിച്ചു. മാത്രമല്ല
ക്രിസ്തുയേശുവിൽ പണിയപ്പെട്ട ഭവനങ്ങളായി, ക്രിസ്തുയേശു നാഥനായ കുടുംബങ്ങളായി, നിരന്തരമായ കുടുംബ പ്രാർത്ഥനകൾ ഉള്ള, സഹോദരങ്ങളെ സ്നേഹിക്കുന്ന, അയൽക്കാരെ കരുതുന്ന, സുവിശേഷകരെ വാർത്തെടുക്കുന്ന ഭവനങ്ങൾ ആയിത്തീരുവാൻ ഓരോ കുടുംബങ്ങൾക്കും സാധ്യമായി തീർക്കണം എന്നും അച്ഛൻ ആഹ്വാനം ചെയ്തു.
രാവിലെ 10:15ന് ആരംഭിച്ച വിശുദ്ധ കുർബാനയിൽ ഇടവക വികാരി ഷൈജു സി ജോയ് സഹകാർമികത്വം വഹിച്ചു. ഗായക സംഘത്തിൻറെ പ്രാരംഭ ഗാനത്തോടുകൂടി ആരംഭിച്ച ശുശ്രൂഷയിൽ, ഇടവകയുടെ അസംബ്ലി പ്രതിനിധി രാജു വർഗീസ്, മണ്ഡലം പ്രതിനിധി ജിനു ജോർജ് എന്നിവർ ഒന്നും രണ്ടും വേദഭാഗങ്ങൾ വായിച്ചു. ഇടവകയുടെ കമ്മിറ്റി അംഗങ്ങൾ ശുശ്രൂഷയിലെ മറ്റു ക്രമീകരണങ്ങളിലും നേതൃത്വം നൽകി.
ആരാധനയ്ക്കു ശേഷം മുതിർന്ന പൗരന്മാരെ ബഹുമാനിക്കുന്നതിന്റെ ഭാഗമായി 70 വയസ്സ് പൂർത്തീകരിച്ച ഇടവകാംഗങ്ങളായ തോമസ് കുരുവിള, സൂസൻ കുരുവിള എന്നിവരെ ടി കെ ജോൺ അച്ഛൻ പൊന്നാടയണിയിച്ച് ആദരിച്ചു. ഇടവക സെക്രട്ടറി ഡോ. തോമസ് മാത്യു സ്വാഗതവും , ഇടവക ട്രഷറർ വിൻസെൻറ് ജോണിക്കുട്ടി നന്ദിയും രേഖപ്പെടുത്തി.
Report : Dr. Babu P. Simon