ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതി ഉദ്ഘാടനം ചെയ്തു

Spread the love

പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് പുതിയകാലഘട്ടത്തിനനുസരിച്ചുള്ള തൊഴിൽ നല്കും : മന്ത്രി കെ രാധാകൃഷ്ണൻ

തൊഴിൽ സങ്കൽപങ്ങൾ മാറിവരുന്ന ഇക്കാലത്ത് വർത്തമാനകാലഘട്ടത്തെ അതിജീവിക്കാൻ കഴിയുന്ന തൊഴിലുകളാണ് പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നൽകേണ്ടതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കേരള നോളെജ് ഇക്കോണമി മിഷൻ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഏറ്റവുമധികം പരിഗണന ലഭിക്കേണ്ട അടിസ്ഥാന ജനവിഭാഗത്തെ മുന്നോട്ടുകൊണ്ടുവരാൻ ഉന്നതി തൊഴിൽ പദ്ധതി പ്രയോജനകരമാകും. പട്ടികജാതി – പട്ടികവർഗ സമൂഹത്തിന് തൊഴിൽ ലഭ്യമാക്കുന്ന പദ്ധതി ഉന്നതിയിലേക്കുള്ള ചവിട്ടുപടിയാണ്. പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ജീവിതം മെച്ചപ്പെടുത്താൻ അവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല അധ്യക്ഷയായി. നോളെജ് മിഷൻ ഡിഐഇ മാനേജർ പ്രിജിത്ത് പി കെ സ്വാഗതം പറഞ്ഞു. പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം ജെ അരവിന്ദാക്ഷൻ, എസ് സി അഡീഷണൽ ഡയറക്ടർ വി സജി, എസ് സി ജില്ലാ ഓഫീസർ അംബിക ഇ എസ്, എസ് ടി ജില്ലാ ഓഫീസർ സന്തോഷ് കുമാർ എസ് തുടങ്ങിയവർ പങ്കെടുത്തു.

നോളെജ് മിഷൻ പ്രോഗ്രാം കോഡിനേറ്റർ നിതിൻ ചന്ദ്രൻ നന്ദി പറഞ്ഞു. പദ്ധതിയുടെ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ പ്രമോട്ടർമാർക്കുള്ള ഏകദിന പരിശീലനം നടന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *