അനന്തപുരിയുടെ രാവുകൾക്കിനി ദീപാലങ്കാരത്തിന്റെ നിറച്ചാർത്ത്

Spread the love

* ലേസർ മാൻ ഷോ, അൾട്രാ വലയറ്റ് ഷോ, ട്രോൺസ് ഡാൻസ് എന്നിവ നഗരത്തിലാദ്യം

* പ്രത്യേക തീമുകളിലൊരുക്കിയ സെൽഫി കോർണറുകൾ

കേരളത്തിന്റെ നേട്ടങ്ങൾ നിറയുന്ന ആഘോഷമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമായി കാഴ്ചയുടെ എണ്ണമറ്റ കൗതുകങ്ങൾക്ക് സ്വിച്ചിടുന്നതാകും വൈദ്യുതദീപാലങ്കാര പ്രദർശനമെന്ന് വൈദ്യുതി വകുപ്പു മന്ത്രി കെ.കൃഷ്ണൻകുട്ടി. കേരളീയത്തിന്റെ മുഖ്യആകർഷണങ്ങളിലൊന്നായ ഇല്യൂമിനേഷനുമായി ബന്ധപ്പെട്ട് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

നഗരം ഇന്നേ വരെ സാക്ഷ്യം വഹിക്കാത്ത നിരവധി വിസ്മയകാഴ്ചകളുമായാണ് കവടിയാർ മുതൽ കിഴക്കേകോട്ട വരെ കേരളീയം വൈദ്യുത ദീപാലങ്കാരം ഒരുങ്ങുന്നത്.കനകക്കുന്ന്,സെൻട്രൽ സ്റ്റേഡിയം, മ്യൂസിയം കോമ്പൗണ്ട്,ടാഗോർ തിയറ്റർ,സെക്രട്ടേറിയറ്റും അനക്സുകളും,പുത്തരിക്കണ്ടം മൈതാനം,ഗാന്ധി പാർക്ക്,നായനാർ പാർക്ക് എന്നീ വേദികൾ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുതദീപങ്ങളാൽ അലംകൃതമാകും. കേരളീയത്തിന്റെ പ്രധാന വേദികളിലൊന്നായ കനകക്കുന്നിൽ പ്രത്യേകമായ തയ്യാറാക്കിയ ദീപാലങ്കാരമാകും സ്ഥാപിക്കുക.കേരളീയത്തിന്റെ കൂറ്റൻ ലോഗോയുടെ പ്രകാശിതരൂപമായിരിക്കും കനകക്കുന്നിലെ പ്രധാന ആകർഷണം.

ലേസർ മാൻ ഷോ കേരളീയത്തിലെത്തുന്നവരുടെ മനം കവരും.ഡി.ജെ സംഗീതത്തിന്റെ അകമ്പടിയോടെ ലേസർ രശ്മികൾക്കൊപ്പം നൃത്തം വയ്ക്കുന്ന ഷോ തിരുവനന്തപുരത്തിന് നവ്യനുഭമാകും.

അൾട്രാ വയലറ്റ് രശ്മികൾ കൊണ്ടലങ്കരിച്ച വേദിയിൽ കലാകാരന്മാർ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന യു.വി സ്റ്റേജ് ഷോ,എൽ.ഇ.ഡി ബൾബുകളാൽ പ്രകാശിതമായ പ്രത്യേക വസ്ത്രം ധരിച്ചെത്തുന്ന നർത്തകർ സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ട്രോൺസ് ഡാൻസ് എന്നിവയും ഒരുക്കിയിട്ടുണ്ട്.പ്രധാന പരിപാടികളുടെ ഇടവേളകളിൽ കനകക്കുന്നിൽ തയാറാക്കിയ പ്രത്യേകവേദിയിലാണ് ട്രോൺസ് ഡാൻസ് അവതരിപ്പിക്കുക.

ഇതിനു പുറമെ പ്രത്യേക ആശയങ്ങളുടെ അടിസ്ഥാനത്തിൽ ദീപക്കാഴ്ചകളാൽ കനകക്കുന്നിൽ തയ്യാറാക്കിയ വിവിധ സെൽഫി പോയിന്റുകളും സന്ദർശകരുടെ ഫേവറിറ്റ് സ്പോട്ടായി മാറും.പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികൾ കോർത്തിണക്കിയ ഇൻസ്റ്റലേഷനൊപ്പം അദ്ദേഹത്തിന്റെ പ്രധാന കൃതികളിലൊന്നായ നീലവെളിച്ചം പ്രമേയമാക്കി ഒരുക്കുന്ന സെൽഫി പോയിന്റാണ് ഇതിലൊന്ന്.വടക്കൻ കേരളത്തിലെ തെയ്യം പ്രമേയമാക്കി കണ്ണൂരിൽ നിന്നുള്ള ‘കാവി’ന്റെ തീമും ഒരുക്കും.

ടാഗോർ തിയറ്ററിൽ മൂൺ ലൈറ്റുകൾ നിലാ നടത്തത്തിന് വഴിയൊരുക്കും.മ്യൂസിയത്തിൽ കുട്ടികളെ ആകർഷിക്കുന്നതിനായി മൃഗങ്ങളുടെയും ചിത്രലഭങ്ങളുടെയും രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങൾ തീർക്കും.നിർമാണ ചാരുതയെ എടുത്തറിയിക്കുന്ന വിധത്തിലുള്ള നിറങ്ങളും വെളിച്ചവും അണിനിരത്തിയാണ് സെക്രട്ടേറിയറ്റിലെ ദീപാലങ്കാരം.

കേരളം സമസ്ത മേഖലകളിലും കൈവരിച്ച നേട്ടങ്ങളെ പ്രദർശിപ്പിക്കുന്ന കൂറ്റൻ ബലൂണുകളാൽ സെൻട്രൽ സ്റ്റേഡിയത്തിലെ രാത്രിക്കാഴ്ച നവ്യാനുഭൂതിയാകും. വിവിധ തല ത്തിലുള്ള പൂക്കളുടെ ആകൃതിയിൽ തയ്യാറാക്കുന്ന ദീപാലങ്കാരമാണ് പുത്തരിക്കണ്ടത്തെ നായനാർ പാർക്കിലെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്.
കവടിയാർ- തൈക്കാട്,വെള്ളയമ്പലം-എൽ.എം.എസ്, യൂണിവേഴ്സിറ്റി-പാളയം,എൽ.എം.എസ്-സ്റ്റാച്യൂ- കിഴക്കേകോട്ട എന്നീ റോഡുകളിൽ ആറു വ്യത്യസ്ത തീമുകളിലുള്ള ദീപാലങ്കാരമാണ് ഒരുക്കുന്നത്. ഓണം വാരാഘോഷങ്ങളുടേതിൽ നിന്നു വ്യത്യസ്തമായി പ്രധാന ജംഗ്ഷനുകളിൽ കൂടുതൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ച് നഗരസൗന്ദര്യം കൂടുതൽ എടുത്തുകാണിക്കുന്ന രീതിയിലാണ് ഇത്തവണത്തെ സജ്ജീകരണങ്ങൾ.ഇതിനുപുറമേ സ്മാർട്ട് സിറ്റി, കെ.എസ്.ഇ.ബി,തിരുവനന്തപുരം കോർപറേഷൻ തുടങ്ങിയവരുടെ സഹകരണത്തോടെ നഗരത്തിലെ എല്ലാ പ്രതിമകളിലും ദീപാലങ്കാരം നടത്തും. കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന വൈദ്യുത ദീപാലങ്കാരത്തിന്റെ അവസാന മിനുക്കുപണികളാണ് നിലവിൽ നടക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ ആരാധാനാലയങ്ങൾ ഉൾപ്പെടെയുള്ള പൗരാണിക കെട്ടിടങ്ങളിൽ രാത്രിയിൽ പ്രത്യേക ദീപാലങ്കാരം നടത്തി ആകർഷകമാകുന്ന വിനോദസഞ്ചാര വകുപ്പിന്റെ തിരുവിതാംകൂർ ഹെറിറ്റേജ് സർക്യൂട് പദ്ധതിയും കേരളീയം മഹോത്സവത്തിന് മുമ്പ് പൂർത്തിയാകും.

ഇല്യൂമിനേഷൻ കമ്മിറ്റി ചെയർമാൻ സി.കെ.ഹരീന്ദ്രൻ എം.എൽ.എ,കൺവീനർ ഡി.ടി.പി.സി.സെക്രട്ടറി ഷാരോൺ വീട്ടിൽ,കെ.എസ്.ഇ.ബി.സിവിൽ ജനറേഷൻ ഡയറക്ടർ സി. രാധാകൃഷ്ണൻ,കെ.എസ്.ഇ.ബി.ചീഫ് എൻജിനീയർ ആർ.ആർ.ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *