റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തു വിടണം.
കോട്ടയം: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പഠിച്ച് ക്ഷേമ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ നിയമിച്ച ജെ. ബി കോശി കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന ക്രൈസ്തവ ക്ഷേമ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവിടണമെന്നും കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ: വി സി സെബാസ്റ്റ്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
2023 മെയ് 17ന് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന്റെ ഒരധ്യായത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ശുപാര്‍ശകള്‍ മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ രണ്ടാഴ്ചക്കുള്ളില്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാനുതകുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവുകളും പുറത്തിറങ്ങേണ്ടതായിട്ടുണ്ട്. വരാന്‍പോകുന്ന പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് നിര്‍ദ്ദിഷ്ട ശുപാര്‍ശകള്‍ നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കണം.
ജെ.ബി കോശി കമ്മീഷന്‍ രണ്ടര വര്‍ഷക്കാലം സംസ്ഥാനത്തുടനീളം നേരിട്ട് നടത്തിയ പഠനങ്ങളുടെയും ചര്‍ച്ചകളുടെയും തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ സമര്‍പ്പിച്ചിരിക്കുന്ന വിവിധ അധ്യായങ്ങളില്‍ ഉള്ള പഠനങ്ങളും പൊതുസമൂഹത്തിന്റെ അറിവിലേക്കായി സര്‍ക്കാര്‍ പുറത്തിറക്കണം. ക്ഷേമ പദ്ധതി ശുപാര്‍ശകള്‍ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ മാത്രമല്ല മലയോര തീരദേശ മേഖലയിലെ എല്ലാ ജനവിഭാഗങ്ങളുടെയും ജീവിത പ്രതിസന്ധികളും പിന്നോക്കാവസ്ഥയും വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. ശുപാര്‍ശ ചെയ്തിരിക്കുന്ന ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാനുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തു വിടണമെന്നും വി സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
Chevalier Adv V C Sebastian
Secretary, Council for Laity
Catholic Bishops’ Conference of India (CBCI)
New Delhi.