* കേരളീയത്തിനു മുൻപും ശേഷവുമെന്നു കേരള ചരിത്രം എഴുതപ്പെടും’
* അടുത്ത വർഷത്തെ കേരളീയത്തിനു പ്രചാരണവുമായി വേദിയിൽ മോഹൻലാലിന്റെ സെൽഫികേരളത്തിന്റെ ലോകോത്തര സവിശേഷതകൾ ലോകത്തിനു മുന്നിൽ തുറന്നുവച്ച് കേരളീയം 2023നു തുടക്കമായി. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലൊരുക്കിയ പ്രൗഢമായ വേദിയിൽ ലോകമലയാളികളെ സാക്ഷിനിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഥമ കേരളീയത്തിനു തിരിതെളിച്ചു. ലോകമെമ്പാടുമുള്ള കേരളീയർക്ക് ഒരുമിച്ച് ആഘോഷിക്കാൻ ഇനി എല്ലാ വർഷവും കേരളീയമുണ്ടാകുമെന്നു മലയാളത്തിന്റെ മഹോത്സവത്തെ ലോകത്തിനു സമ്മാനിച്ചു മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഉദ്ഘാടന ചടങ്ങിന് ഇന്ത്യൻ സിനിമയുടെ അഭിമാനവും കേരളീയത്തിന്റെ അംബാസിഡർമാരുമായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന എന്നിവരും സംസ്ഥാന മന്ത്രിമാരും വിവിധ രാജ്യങ്ങളിൽനിന്നുള്ള അംബാസിഡർമാരും സാക്ഷിയായി.കേരളീയരായതിൽ അഭിമാനിക്കുന്ന മുഴുവൻ ആളുകൾക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ലോകത്തോടു വിളിച്ചുപറയാനുമുള്ള അവസരമാണു കേരളീയമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ട്. സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിൽ കേരളത്തിന്റേതുമാത്രമായ വ്യക്തിത്വസത്തയുമുണ്ട്. ഇതു നിർഭാഗ്യവശാൽ പലപ്പോഴും തിരിച്ചറിയുന്നില്ല. അതുകൊണ്ടുതന്നെ ഇതിനെ രാജ്യത്തിനും ലോകത്തിനുംമുന്നിൽ അവതരിപ്പിക്കാൻ ശരിരായ രീതിയിൽ കഴിയുന്നില്ല. ഈ സ്ഥിതി മാറണം. കേരളീയതയിൽ തീർത്തും അഭിമാനിക്കുന്ന മനസ് കേരളീയർക്കുണ്ടാകണം. വൃത്തിയുടെ കാര്യം മുതൽ കലയുടെ കാര്യത്തിൽവരെ വേറിട്ടുനിൽക്കുന്ന കേരളീയതയെക്കുറിച്ചുള്ള അഭിമാനബോധം ഇളംതലമുറയിലടക്കം ഉൾച്ചേർക്കാൻ കഴിയണം. ആർക്കും പിന്നിലല്ല കേരളീയരെന്നും, പലകാര്യങ്ങളിലും ആർക്കും മുന്നിലാണു കേരളീയരെന്നുമുള്ള ആത്മാഭിമാനത്തിന്റെ പതാക ഉയർത്താൻ കഴിയണം.